നെഹ്‌റുവിനെ തമസ്‌കരിച്ച ചരിത്ര കൗണ്‍സിലിനെതിരേ സ്പീക്കര്‍
തിരുവനന്തപുരം: ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ നെഹ്‌റുവിന്റെ പങ്ക് വെട്ടിമാറ്റിയ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ (ഐ.സി.എച്ച്.ആര്‍) നടപടിക്കെതിരേ സ്പീക്കര്‍ എം.ബി രാജേഷ്. നെഹ്‌റുവിനെ വിമര്‍ശിക്കാനും അദ്ദേഹത്തോട് വിയോജിക്കാനും കാരണങ്ങളുണ്ടെങ്കിലും സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹത്തിന്റെ സംഭാവനകളെ ആര്‍ക്കും തമസ്‌കരിക്കാന്‍ കഴിയില്ലെന്ന് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
ചരിത്രത്തില്‍ നിന്ന് നെഹ്‌റുവിനെ തമസ്‌കരിക്കാന്‍ യാതൊരു ന്യായങ്ങളുമില്ല. ഐ.സി.എച്ച്.ആറിന്റെ വെബ്‌സൈറ്റില്‍ നിന്ന് നെഹ്‌റുവിനെ നീക്കിയതില്‍ അത്ഭുതമില്ല. വെട്ടലും ചേര്‍ക്കലുമായി പുതിയ ചരിത്രം ചമയ്ക്കലാണ് ഐ.സി.എച്ച്.ആര്‍ കുറേക്കാലമായി ചെയ്തു കൊണ്ടിരിക്കുന്നത്. ആദ്യം മലബാര്‍ കലാപകാരികളും ഇപ്പോഴിതാ നെഹ്‌റുവും സ്വാതന്ത്ര്യസമര ചരിത്രത്തിന് പുറത്തായിരിക്കുന്നു. ഗാന്ധിജി എത്ര കാലം അവശേഷിക്കുമെന്നേ ഇനി അറിയാനുള്ളൂ. കാരണം ഐ.സി.എച്ച്.ആറിനെ ഏല്‍പ്പിച്ചിരിക്കുന്നത് പുതിയ ഇന്ത്യയുടെ ചരിത്രം കെട്ടിച്ചമയ്ക്കാനാണ്- അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."