വിസ, റെസിഡന്‍സ് പെര്‍മിറ്റ് രേഖകള്‍ വ്യാജമായി നിർമിച്ചാൽ 10 വര്‍ഷം വരെ തടവ്; നിയമം ശക്തമാക്കി ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍
ദുബൈ: വിസ, റെസിഡന്‍സ് പെര്‍മിറ്റ് രേഖകള്‍ വ്യാജമായി ഉണ്ടാക്കിയാല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പുമായി യുഎഇ അധികാരികള്‍. നിയമത്തെ കുറിച്ചുള്ള സുപ്രധാന ഓര്‍മപ്പെടുത്തല്‍ നടത്തി ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ സമൂഹ മാധ്യമങ്ങളില്‍ വിവരങ്ങള്‍ പങ്കുവച്ചു.
നിയമം ലംഘിക്കുക എന്ന ഉദ്ദേശത്തോടെ വിസ, റെസിഡന്‍സ് പെര്‍മിറ്റ് അല്ലെങ്കില്‍ ഇവയുമായി ബന്ധപ്പെട്ട മറ്റ് ഔദ്യോഗിക രേഖകള്‍ എന്നിവ വ്യാജമായി ഉണ്ടാക്കിയാല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് അറിയിച്ചു. വ്യാജരേഖ ചമയ്ക്കുന്നവര്‍ മാത്രമല്ല, വ്യാജരേഖകളാണെന്ന അറിവോടെ ഇത്തരം രേഖകള്‍ ഉപയോഗിക്കുന്നവരും ശിക്ഷാര്‍ഹരാണ്.
കഴിഞ്ഞ വര്‍ഷം യുഎഇയില്‍ വ്യാജ റെസിഡന്‍സ് പെര്‍മിറ്റോ വിസയോ ഉണ്ടാക്കിയവര്‍ ഉള്‍പ്പെടെ 10,500-ൽ അതികം അനധികൃത താമസക്കാര്‍ക്കെതിരെ കേസെടുത്തതായി അധികൃതര്‍ അറിയിച്ചു. താമസ വിസയുടെ കാലാവധി കഴിഞ്ഞവര്‍, വിസിറ്റ് വിസയില്‍ ജോലിചെയ്യവെ പിടിക്കപ്പെട്ടവര്‍, സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവര്‍, അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവര്‍, ഔദ്യോഗിക അനുമതിയില്ലാതെ മറ്റൊരു കമ്പനിയില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങിയവരും ഇതില്‍ ഉള്‍പ്പെടുന്നു. പിടിക്കപ്പെടുന്നവരെ നടപടികള്‍ക്ക് ശേഷം നാടുകടത്തുകയാണ് ചെയ്യുക.
തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റ് നേടാതെ ജീവനക്കാരെ റിക്രൂട്ട് ചെയ്യുകയോ നിയമിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. തൊഴിലുടമ നിര്‍ബന്ധിച്ചാലും വര്‍ക്ക് പെര്‍മിറ്റ് നേടാതെ ജോലിചെയ്യാതിരിക്കാന്‍ തൊഴിലാളി ബാധ്യസ്ഥനാണെന്ന് നിയമത്തില്‍ പറയുന്നു. നിയമംലംഘിച്ചാല്‍ തൊഴിലുടമയില്‍ നിന്ന് പിഴ ഈടാക്കുകയും വിദേശിയാണെങ്കില്‍ നാടുകടത്തുകയും ചെയ്യും. തൊഴില്‍ വിസ, വിസിറ്റ് വിസ, ടൂറിസ്റ്റ് വിസ തുടങ്ങിയ എല്ലാ വിസകളുടെയും കാലാവധി അവസാനിച്ച ശേഷം അനധികൃതമായി രാജ്യത്ത് തങ്ങിയാല്‍ അധികമായി താമസിക്കുന്ന ഓരോ ദിവസത്തിനും 50 ദിര്‍ഹമാണ് പിഴ.
റെസിഡന്റ് വിസയിലെ വിവരങ്ങള്‍ ഓണ്‍ലൈനായി വളരെ എളുപ്പത്തില്‍ മാറ്റുന്ന സംവിധാനം അടുത്തിടെ പ്രാബല്യത്തില്‍ വന്നിരുന്നു. വ്യക്തിഗത വിവരങ്ങളും തൊഴില്‍ സംബന്ധിച്ച കാര്യങ്ങളും പാസ്‌പോര്‍ട്ട് വിവരങ്ങളും ഇങ്ങനെ മാറ്റാവുന്നതാണ്. എന്നാല്‍ ഇതിന് സ്‌പോണ്‍സറുടെ അനുമതി ആവശ്യമാണ്. അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ യുഎഇഐസിപി സ്മാര്‍ട്ട് ആപ്പിലോ ലോഗിന്‍ ചെയ്താണ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.
സേവനത്തിനായി അപേക്ഷിക്കുന്നവര്‍ കളര്‍ ഐഡി ഫോട്ടോ, പാസ്‌പോര്‍ട്ട് കോപ്പി, സ്‌പോണ്‍സര്‍ ഒപ്പിട്ട ഡാറ്റ ഭേദഗതി ചെയ്യാനുള്ള അഭ്യര്‍ത്ഥന, എമിറേറ്റ്‌സ് ഐഡി കാര്‍ഡിന്റെ പകര്‍പ്പ് (കാര്‍ഡിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും) എന്നീ രേഖകള്‍ സമര്‍പ്പിക്കണം.
Content Highlights: 10 year jail term for forging visa Dubai Public prosecution warns
ഗൾഫ് വാർത്തകൾക്കായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/IP5Venvff26EmQWRPGBPGx
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."