ശനിയാഴ്ചയും അവധി: നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് ശനിയാഴ്ചയും അവധി നല്‍കി 'ഫൈവ് ഡേ വീക്ക്' നടപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കി. വി.എസ് അച്യുതാനന്ദന്റെ അധ്യക്ഷതയിലുണ്ടായിരുന്ന ഭരണപരിഷ്‌കാര കമ്മിഷന്റെ നാലാമത് റിപ്പോര്‍ട്ടിലെ അഞ്ചു പ്രവൃത്തി ദിവസങ്ങളെന്ന ശുപാര്‍ശയുടെ ചുവടുപിടിച്ചാണ് നീക്കം. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതിയും പരിശോധിച്ച് ഭേദഗതികളോടെ മുഖ്യമന്ത്രിക്കു കൈമാറിയ റിപ്പോര്‍ട്ടില്‍ ഉടന്‍ തീരുമാനമുണ്ടാകും. മുഖ്യമന്ത്രിയില്‍ നിന്ന് അനുകൂല മറുപടി ലഭിച്ചാലുടന്‍ ജോലി സമയം, അവധി, പഞ്ചിങ് സംവിധാനം എന്നിവയടക്കം പ്രത്യേക പാക്കേജ് ആയാകും പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുക. എല്ലാ ശനിയാഴ്ചകളും അവധിയാക്കണമെന്നാണ് ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാര്‍ശയെങ്കിലും അതേപടി നടപ്പാക്കാന്‍ ഇടയില്ല. പകരം ആദ്യഘട്ടത്തില്‍ ബാങ്കുകളിലേതിനു സമാനമായി രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും അവധി നല്‍കിയേക്കും.
ആഴ്ചയില്‍ രണ്ട് അവധി ദിനങ്ങള്‍ ലഭിക്കുന്നത് ജീവനക്കാരുടെ മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കുമെന്നും അതിലൂടെ കാര്യക്ഷമത വര്‍ധിക്കുമെന്നും ഭരണപരിഷ്‌കാര കമ്മിഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പുറമേ നിരത്തുകളിലെ ഗതാഗതത്തിരക്ക് കുറയ്ക്കാനാകുമെന്നും വിലയിരുത്തലുണ്ട്. എല്ലാവരും ഒരേ സമയത്ത് ഓഫിസുകളില്‍ എത്തുന്നതിനു പകരം സൗകര്യപ്രദമായ ഏഴു മണിക്കൂര്‍ ജോലി ഉറപ്പാക്കുന്ന 'ഫ്‌ളെക്‌സി ഷിഫ്റ്റ്' സമ്പ്രദായവും ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാര്‍ശയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ പ്രയോഗികതയില്‍ സര്‍ക്കാരിന് സംശയമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."