പാരാലിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ക്കൊയ്ത്ത്
ടോക്കിയോ: ടോക്കിയോയില്‍ നടക്കുന്ന പാരാലിംപിക്‌സില്‍ രണ്ട് വെള്ളിയും ഒരു വെങ്കലവും സ്വന്തമാക്കി ഇന്ത്യ.
ക്ലാസ് ഫോര്‍ വനിതാ വിഭാഗം ടേബിള്‍ ടെന്നിസില്‍ ഭവിനബെന്‍ പട്ടേലും ഹൈജംപ് (ടി47) പുരുഷ വിഭാഗത്തില്‍ നിഷാദ് കുമാറും വെള്ളി മെഡല്‍ സ്വന്തമാക്കി. പുരുഷ വിഭാഗം ഡിസ്‌കസ് ത്രോയില്‍ (എഫ് 52)വിഭാഗത്തില്‍ വിനോദ് കുമാര്‍ വെങ്കലവും നേടി.
ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ താരം പാരാലിംപിക്‌സ് ടേബിള്‍ ടെന്നിസില്‍ മെഡല്‍ നേടുന്നത്. ഫൈനലില്‍ ലോക ഒന്നാംനമ്പര്‍ താരം ചൈനയുടെ സു യിങിനോടാണ് ഭവിനബെന്നിന് പരാജയം സമ്മതിക്കേണ്ടി വന്നത്.
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഭവിനയുടെ തോല്‍വി. സ്‌കോര്‍ 7-15, 5-11, 6-11. രണ്ട് തവണ പാരാലിംപിക്‌സ് സ്വര്‍ണജേതാവായ സു യിങിന് മുമ്പില്‍ 19 മിനുട്ട് മാത്രമാണ് ഭവിന പിടിച്ചു നിന്നത്.
ഗ്രൂപ്പ്ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോഴും സൂ യിങ്ങിനോട് ഭവിന പരാജയപ്പെട്ടിരുന്നു. പാരാലിംപികിസില്‍ ഇന്ത്യക്ക് വേണ്ടി വെള്ളി നേടുന്ന രണ്ടാമത്തെ താരമാണ് ഭവിന.
പുരുഷന്‍മാരുടെ ടി47 വിഭാഗം ഹൈജംപില്‍ നിഷാദ് കുമാര്‍ ഇന്ത്യക്കു വേണ്ടി വെള്ളി മെഡല്‍ കരസ്ഥമാക്കി. ഏഷ്യന്‍ റെക്കോര്‍ഡോടെ 2.06 മീറ്റര്‍ ചാടിയാണ് നിഷാദ് വെള്ളിയിലേക്കു പറന്നിറങ്ങിയത്. ഇതേ ഉയരം ചാടിയ അമേരിക്കയുടെ വൈസ് ഡല്ലസും വെള്ളി നേടി. 2.15 മീറ്റര്‍ പിന്നിട്ട അമേരിക്കയുടെ ടൗണ്‍സെന്റ് റോഡെറിക്കിനാണ് ഈയിനത്തില്‍ സ്വര്‍ണം. ലോക റെക്കോര്‍ഡോടെയാണ് ടൗണ്‍സെന്റ് സ്വര്‍ണം നേടിയത്.
ഈയിനത്തില്‍ മത്സരിച്ച ഇന്ത്യന്‍ താരം രാംപാലിന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയില്‍ (എഫ്52) വിഭാഗം ഏഷ്യന്‍ റെക്കോര്‍ഡോടെ വിനോദ് കുമാര്‍ വെങ്കലം നേടി.
19.91 മീറ്റര്‍ എറിഞ്ഞാണ് വിനോദ് വെങ്കലം സ്വന്തമാക്കിയത്.
20.02 മീറ്റര്‍ എറിഞ്ഞ പോളണ്ടിന്റെ കൊസേവിച്ചിനാണ് സ്വര്‍ണം. 41ാം വയസിലാണ് താരം ഈ മെഡല്‍ സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."