ബി.ജെ.പി വാഴ്ചയ്ക്ക് വളമിടുന്ന ജനതാപരിവാര്‍
ബി.ജെ.പി വാഴ്ചയ്ക്ക് വളമിടുന്ന ജനതാപരിവാര്‍
ആശയകേന്ദ്രീകൃതമല്ലാത്ത ചില ശീലങ്ങളും പാഠങ്ങളും രാഷ്ട്രീയ ദര്‍ശനങ്ങളില്‍ കാണാനാകും. നിശ്ചയമായും അത്തരം സന്നിഗ്ദ്ധ ഘട്ടങ്ങളില്‍, നേരത്തെ വ്യവസ്ഥയാക്കപ്പെട്ട മൂല്യങ്ങളോ പരിഗണനകളോ അല്ല രാഷ്ട്രീയത്തില്‍ പ്രധാന്യം നേടുന്നത്. മതേതരം, ജനാധിപത്യം, സ്ഥിതിസമത്വം തുടങ്ങിയ മൂല്യങ്ങളുടെ പ്രചാരകരും സംരക്ഷകരുമെന്ന് ആണയിടുന്നവര്‍ തന്നെ ആശയങ്ങളെ തങ്ങളുടെ സ്ഥാപിതമായ താല്‍പര്യങ്ങള്‍ക്കനുസരിച്ച് സൗകര്യപൂര്‍വം വിസ്മരിക്കുകയോ വിലപറഞ്ഞ് വില്‍ക്കുകയോ ചെയ്തിട്ടുണ്ട്. വ്യക്തിപരവും സ്വാര്‍ഥ സ്പര്‍ശമുള്ളതും സങ്കുചിതവുമായ ധാരകളുടെ നിരന്തര സമ്മര്‍ദമാണ് രാഷ്ട്രീയാദര്‍ശങ്ങളുടെ ഇത്തരം നിലപാടു മാറ്റത്തിന്റെ പ്രേരകശക്തി. ചരിത്രം ഈ വിധമുള്ള ഒട്ടേറെ അവസരവാദ സമീപനങ്ങള്‍ക്കും ഒത്തുതീര്‍പ്പുകള്‍ക്കും മൂകസാക്ഷിയായിട്ടുമുണ്ട്. കര്‍ണാടകയിലെ ജനതാപരിവാറുകാരുടെ ബി.ജെ.പി ബാന്ധവം അതുകൊണ്ടുതന്നെ ചരിത്രത്തിന്റെ തനിയാവര്‍ത്തനമായി മാറുകയാണ്.
എഴുപതുകളുടെ മധ്യത്തോടെ രാജ്യത്ത് രൂപപ്പെട്ട, സോഷ്യലിസ്റ്റ് ആശയധാരയിലൂന്നിയ, സാമൂഹ്യ നീതിയും മതേതര സങ്കല്‍പ്പവും ജീവവായുവായ ഒരു പ്രത്യയശാസ്ത്രമാണ് പതിയെ പതിയെ അവസരവാദ കൂട്ടുകെട്ടിനും അതിലൂടെ സംഘ്പരിപാര്‍ സ്വാധീനത്തിനും വഴിയൊരുക്കുന്നത്. കോണ്‍ഗ്രസ് വിരുദ്ധരാഷ്ട്രീയത്തിന്റെ അച്ചുതണ്ടില്‍ കറങ്ങിയ ജനതാപരിവാറുകാര്‍ എണ്‍പതുകളോടെ ബി.ജെ.പിക്കുവേണ്ടി നിലമൊരുക്കുന്ന കാഴ്ചയും രാഷ്ട്രീയ ഇന്ത്യ കണ്ടു. ആദര്‍ശവും ആത്മാര്‍ഥതയുമല്ല, അധികാരവും അതിലുപരി സ്വാര്‍ഥ താല്‍പര്യങ്ങളുമാണ് തങ്ങളെ നയിക്കുന്ന വികാരമെന്ന് പലകുറി ജനതാ കുടുംബം കാട്ടിത്തന്നു.
ജയപ്രകാശ് നാരായണ്‍ എന്ന ആദര്‍ശപുരുഷന്റെ നിഴല്‍പ്പാടുകളുമായി, സാമൂഹ്യമാറ്റത്തിന്റെ വിപ്ലവ ജിഹ്വയുമായി ഇറങ്ങിയ സോഷ്യലിസ്റ്റ് നേതാക്കള്‍ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും കോണ്‍ഗ്രസിനെ താഴെയിറക്കി അവിടെ വൈകാതെ അവരോധിച്ചത് സംഘ്പരിവാറിനെയാണ് എന്നത് ചരിത്രസത്യം.
എഴുപതുകളിലെ അരക്ഷിതമായ ഇന്ത്യന്‍ സാമൂഹ്യ സാഹചര്യത്തെ, തന്റെ ആശയധാരകൊണ്ട് ആവാഹിച്ച് ഒരു രാഷ്ട്രീയ സമരരൂപത്തിലേക്ക് മാറ്റിയത് ജയപ്രകാശ് നാരായണ്‍ ആണ്. 1977ല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷം വിഘടിച്ചുനിന്ന സോഷ്യലിസ്റ്റുകളെയും ജനസംഘത്തെയും കോണ്‍ഗ്രസ് വിരുദ്ധതയുള്ള മറ്റു ചെറുപാര്‍ട്ടികളെയും ഒപ്പം ചേര്‍ത്ത അദ്ദേഹം ജനതാ പാര്‍ട്ടിക്ക് രൂപം നല്‍കി. സര്‍വോദയ പ്രസ്ഥാനത്തിന്റെ തെളിമയുള്ള ആദര്‍ശം ആയുധമാക്കിയ ജെ.പിയുടെ കുടക്കീഴില്‍ ജനതാപാര്‍ട്ടി ഇന്ത്യയില്‍ കരുത്തുനേടി. അങ്ങനെ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് പുറത്തേക്കും മൊറാര്‍ജി ദേശായി പ്രധാനമന്ത്രി കസേരയിലേക്കും എത്തി. ഈ രാഷ്ട്രീയ മാറ്റം ഇന്ത്യയുടെ പൊതുമണ്ഡലത്തെ വലിയ തോതില്‍ സ്വാധീനിച്ചു. എന്നാല്‍, അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള സാമൂഹ്യ, രാഷ്ട്രീയ സാഹചര്യത്തെ സമര്‍ഥമായി നേരിടാന്‍ മൊറാര്‍ജിക്ക് കഴിഞ്ഞില്ല. ഒടുവില്‍ അനിവാര്യമായ പതനത്തിലേക്ക് ജനതാ പാര്‍ട്ടി സര്‍ക്കാര്‍ കൂപ്പുകുത്തി.
കൃത്യമായി പറഞ്ഞാല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷമാണ് ജനതാപരിവാറിന്റെ രാഷ്ട്രീയ നിലപാടുകളില്‍ വ്യക്തതക്കുറവും സ്വാര്‍ഥ താല്‍പര്യങ്ങളുടെ സ്വാധീനവും ഏറിവന്നത്. 1977ന് ശേഷം 10 വര്‍ഷത്തിനിടെ പലവുരു ജനതാ പാര്‍ട്ടി പിളര്‍ന്നു. ജനസംഘം പഴയ സംഘടനാ കരുത്തില്‍ ബി.ജെ.പിയായി പരിണമിച്ചു. അതിനായി ആര്‍.എസ്.എസ് കുറഞ്ഞ വിയര്‍പ്പല്ല ഒഴുക്കിയത്. സോഷ്യലിസ്റ്റുകളും ജനസംഘവും ഒന്നായി ചേര്‍ന്നതോടെ കഴിവും കാമ്പുമുള്ള സോഷ്യലിസ്റ്റ് നേതാക്കള്‍ അരികുമാറ്റപ്പെടുകയോ ചിലര്‍ ജനസംഘ സ്വാധീനത്തില്‍ ഉറപ്പിച്ചുനിര്‍ത്തപ്പെടുകയോ ചെയ്തു. പിളര്‍പ്പുകള്‍ക്കൊടുവില്‍ വീണ്ടും ജനതാദള്‍ രൂപീകരിക്കരിച്ചതോടെ പഴ സോഷ്യലിസ്റ്റുകളില്‍ മിക്കവരും തിരികെ വന്നതുമില്ല.
1989ല്‍ വി.പി സിംഗിന്റെ വരവാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സംഘ്പരിവാര്‍ വേരോട്ടത്തിന് വളമേകിയ മറ്റൊരു സാഹചര്യം. 75ല്‍ ഇന്ദിരാഗാന്ധിക്കെതിരായിരുന്നു ജനതാപരിവാറിന്റെ പടയോട്ടമെങ്കില്‍ 1985 ഓടെ രാജീവ് ഗാന്ധിക്കെതിരായ നീക്കമായി അതു മാറ്റപ്പെട്ടു. രാജീവ് ഗാന്ധിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള ദേശീയ മുന്നണി, ഇടതുപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രിയായി വി.പി സിംഗ് വന്നതോടെ ജാതിമത, സമുദായ, സംവരണ രാഷ്ട്രീയത്തിന്റെ ബഹുമുഖങ്ങളായ ആഘാതം ഇന്ത്യന്‍ സാമൂഹ്യ മണ്ഡലത്തില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു. അതുവരെ രണ്ടക്കത്തിലെത്താതെ ഒതുങ്ങി നിന്ന ബി.ജെ.പി, ദേശീയ മുന്നണിഇടതുപക്ഷ സഖ്യത്തിന്റെ ഭാഗമായി വിശിഷ്യാ ഹിന്ദിമേഖലയില്‍ വേരൂന്നി. ബി.ജെ.പി ശക്തിസംഭരിക്കുന്ന അതേ കാലയളവില്‍ തന്നെ ജനതാപരിവാര്‍ ദുര്‍ബലമാകാന്‍ തുടങ്ങുകയും ചെയ്തു. പിന്നീട് ഓരോ ഘട്ടത്തിലും പിളര്‍ന്ന് പലകഷ്ണങ്ങളായി ചിതറിയ ജനതാപരിവാറിലെ ഒരു പങ്ക് എപ്പോഴും ബി.ജെ.പിക്കൊപ്പവുമായിരുന്നു. സാമൂഹ്യനീതി സങ്കല്‍പ്പമോ മതേതര വീക്ഷണമോ അല്ല, അധികാരം മാത്രമാണ് തങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്ന് രാംവിലാസ് പാസ്വാനും നിതീഷ് കുമാറും ശരദ് യാദവും കാട്ടിത്തന്നു.
വി.പി സിംഗിന് ശേഷം തലയെടുപ്പോടെ ഒരു നേതാവ് ജനതാപരിവാറില്‍ നിന്ന് ഉയര്‍ന്നു വന്നില്ല. ചന്ദ്രശേഖറും ഗുജ്‌റാളും ദേവെ ഗൗഡയും പ്രധാനമന്ത്രിപദത്തിലെത്തിയെങ്കിലും അതൊന്നും ജനതാപരിവാറിന്റെ അടിത്തറ വിപുലപ്പെടുത്തിയില്ല. മറിച്ച് ശിഥിലീകരണം ത്വരിതപ്പെടുത്തുകയും ചെയ്തു. സംസ്ഥാനങ്ങളിലും സമാനമായ സമസ്യകളാണ് ജനതാപരിവാര്‍ നേരിട്ടത്. ബിജു പട്‌നായകും നിതീഷ് കുമാറും കുമാരസ്വാമിയും ഇതേ രാഷ്ട്രീയമാണ് പയറ്റിയത്. ആശയമല്ല, അധികാരമാണ് തങ്ങളെ നയിക്കുന്നതെന്ന് അവര്‍ ഓരോ ഘട്ടത്തിലും തെളിയിച്ചു. ജെ.ഡി.എസ്ബി.ജെ.പി സഖ്യത്തിനു പിന്നിലും ഇതേ ചേതോവികാരമാണ്. മകനുവേണ്ടി ബി.ജെ.പി പാളയത്തിലേക്ക് ജെ.ഡി.എസിനെ നയിക്കുന്ന ദേവെ ഗൗഡയും ജനതാപരിവാര്‍ ചരിത്രത്തില്‍ നിന്ന് വ്യത്യസ്തനാകുന്നില്ല.
കൂട്ടുകെട്ടിനു പിന്നിലെ ലക്ഷ്യം
എക്കാലവും തങ്ങള്‍ക്കൊപ്പം നിന്ന ഉറച്ച കോട്ടകളാണ് ഇക്കഴിഞ്ഞ നിയസമഭാ തെരഞ്ഞെടുപ്പില്‍ ദളിന് നഷ്ടമായത്. ഏതുതരംഗത്തിലും ഉലയാതെ നിന്ന മണ്ഡ്യയിലും മൈസൂരുവിലും കുമാരസ്വാമിക്കും കൂട്ടര്‍ക്കും അടിതെറ്റി. വൊക്കലിഗരും മുസ് ലിം പിന്നോക്കാദി ജനവിഭാഗങ്ങളും ദളിനെ കൈവിട്ടുവെന്ന് കുമാരസ്വാമിക്ക് ബോധ്യമായി. കര്‍ഷകരുടെ ഉറ്റതോഴനെന്ന പെരുമപറച്ചിലിനപ്പുറം മണ്ഡ്യയിലെ കരിമ്പുകര്‍ഷകരുള്‍പ്പെടെ ദളിനെ വിട്ട് കോണ്‍ഗ്രസിനൊപ്പം നടന്നു. ഈ യാഥാര്‍ഥ്യം കുമാരസ്വാമിക്കും കൂട്ടര്‍ക്കും പൊള്ളുന്നതായിരുന്നു.
പഴയ മൈസൂരു മേഖലയിലെ 59 സീറ്റുകളില്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തത് 37 സീറ്റാണ്. ഇവിടെ ദളിന് 14 ഉം ബി.ജെ.പിക്ക് 6 സീറ്റുമാണ് ലഭിച്ചത്. മേലുകോട്ടയിലെ ദര്‍ശന്‍ പുട്ടണ്ണയുടെ വിജയത്തിലൂടെ സര്‍വോദയാ പാര്‍ട്ടിക്ക് ഒരു സീറ്റ് ലഭിച്ചതും ദളിന്റെ ഉറച്ച കോട്ടയില്‍ നിന്നാണ്. ഗൗഡയുടെ സ്വന്തം ഹാസനില്‍ 7ല്‍ നാലും കുമാരസ്വാമിയുടെ തട്ടകമായ മണ്ഡ്യയിലെ 7ല്‍ ഒരു സീറ്റും ജയിക്കാന്‍ മാത്രമെ ദളിന് സാധിച്ചുള്ളൂ. തീരകര്‍ണാടക, മധ്യ കര്‍ണാടക, കിട്ടൂര്‍ കര്‍ണാടക എന്നീ മേഖലകളിലും ദള്‍ ദയനീയമായി തോല്‍വിയറിഞ്ഞു. ആശ്വാസത്തിന് പിടിച്ചുനില്‍ക്കാനായത് കല്യാണ കര്‍ണാടകയിലെ മൂന്ന് സീറ്റില്‍ മാത്രം.ഇതേപോക്കു പോയാല്‍ ലോക്‌സഭാ സീറ്റിലെന്നല്ല, അടുത്ത കാലത്തൊന്നും തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പാര്‍ട്ടിക്കാവില്ലെന്ന് ജെ.ഡി.എസ് തിരിച്ചറിഞ്ഞു. തങ്ങളുടെ സ്വാധീന മേഖലകള്‍ കൈവിട്ടതു മാത്രമല്ല, തിരികെ പിടിക്കാനാകാത്ത വിധം കര്‍ണാകടയിലെ രാഷ്ട്രീയസാമൂഹ്യ സാഹചര്യം എതിരാകുന്നതും കുമാരസ്വാമി തിരിച്ചറിഞ്ഞു.
ഇത്രയും കാലം അധികാര രാഷ്ട്രീയത്തിന്റെ അകത്തളങ്ങളിലോ അയലത്തോ ചുറ്റിക്കറങ്ങി, കെട്ടുപിണഞ്ഞ് കഴിഞ്ഞ ദളിന്, തങ്ങളുടെ രാഷ്ട്രീയത്തിലുപരിയായ സ്ഥാപിത താല്‍പര്യങ്ങള്‍ മേലിലും സംരക്ഷിക്കാന്‍ മറ്റുവഴി തേടേണ്ട അനിവാര്യമായ സാഹചര്യമാണ് കര്‍ണാടകയില്‍ ഉണ്ടായത്. അങ്ങനെയാണ്, പിടിച്ചുനില്‍ക്കാന്‍ ഒന്നുകില്‍ കോണ്‍ഗ്രസ് അല്ലെങ്കില്‍ ബി.ജെ.പി എന്ന നിലയിലേക്ക് ജെ.ഡി.എസ് ആലോചന മാറിയത്. കോണ്‍ഗ്രസ് താല്‍പര്യം കാട്ടാതെ വന്നതോടെയും ചില നേതാക്കളുടെ പേരിലുള്ള കേസുകളുമായി ബന്ധപ്പെട്ട ആശങ്ക ഉള്ളതിനാലും കുമാരസ്വാമി ബി.ജെ.പിയില്‍ അഭയം തേടുകയായിരുന്നു.
അതേസമയം, കര്‍ണാടകയില്‍ കോണ്‍ഗ്രസ് തിരിച്ചുവരവില്‍ അടിമുടി പ്രതിസന്ധിയിലായ ബി.ജെ.പിയും നിലനില്‍പ്പിനുള്ള വഴിയായാണ് സഖ്യത്തെ കാണുന്നത്. സംഘടനാ തലത്തില്‍ പാര്‍ട്ടി ഘടകങ്ങള്‍ തീര്‍ത്തും ദുര്‍ബലമായി മാറിയ സാഹചര്യം കൂടി ദളുമായി സഖ്യമുണ്ടാക്കാന്‍ ബി.ജെ.പി കേന്ദ്രനേതൃത്വത്തെ പ്രേരിപ്പിച്ച ഘടകമാണ്. കാലാവധി കഴിഞ്ഞിട്ടും സംസ്ഥാന പ്രസിഡന്റ് നളീന്‍ കുമാര്‍ കട്ടീലിന് പകരക്കാരനെ കണ്ടെത്താന്‍ നേതൃത്വത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ല.
കടുത്ത വിഭാഗീയതയും നേതാക്കളിലെ അച്ചടക്കമില്ലായ്മയും ബി.ജെ.പിയെ ഉലയ്ക്കുകയാണെന്ന് ചുമതലയുള്ള കേന്ദ്ര നേതാക്കള്‍ തന്നെ സാക്ഷ്യപ്പെടുത്തി. യെദ്യൂരപ്പബി.എല്‍ സന്തോഷ് വിഭാഗങ്ങളുടെ കിടമത്സരം മൂലം പ്രതിപക്ഷ നേതാവിനെ തീരുമാനിക്കല്‍ അനിശ്ചിതമായി നീളുകയാണ്. ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളുമായി സിദ്ധരാമയ്യ സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ പ്രതിപക്ഷം എന്ന നിലയ്ക്കുള്ള ഒരു ഇടപെടലും ബി.ജെ.പിക്ക് നടത്താനും കഴിയുന്നില്ല.
തങ്ങളുടെ അണികളിലെ കൊഴിഞ്ഞു പോക്കും വോട്ടുശതമാനത്തിലെ കുറവും ബി.ജെ.പിയെ വല്ലാതെ അലട്ടുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തീര കര്‍ണാടകയില്‍ മാത്രമാണ് ബി.ജെ.പിക്ക് പിടിച്ചു നില്‍ക്കാനായത്. സംസ്ഥാനത്ത് ബി.ജെ.പിയുടെ വോട്ടുശതമാനത്തില്‍ വലിയ ഇടിവാണ് തെരഞ്ഞെടുപ്പിലുണ്ടായത്. 36 ശതമാനം വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചത്. ദളിന് 13ശതമാനവും. കോണ്‍ഗ്രസിനാവട്ടെ ആകെ 224 സീറ്റില്‍ 135 എണ്ണത്തില്‍ വിജയം നേടാനും 43 ശതമാനം വോട്ടു കരസ്ഥമാക്കാനും കഴിഞ്ഞു. ഈ കണക്കും ദളിനെ ഒപ്പം നിര്‍ത്താന്‍ ബി.ജെ.പിയെ പ്രേരിപ്പിച്ചു. ദളിന്റെ വോട്ടുവിഹിതം കൂടി ചേരുന്നതോടെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയ 25 സീറ്റില്‍ പകുതിയെങ്കിലും നിലനിര്‍ത്താനാകുമെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം കണക്കുകൂട്ടുന്നത്. 20 സീറ്റില്‍ വിജയമുറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന കോണ്‍ഗ്രസിനെ പിടിച്ചുനിര്‍ത്താന്‍ സഖ്യമല്ലാതെ മറ്റുപോംവഴിയില്ലെന്ന് ബി.ജെ.പി കേന്ദ്രനേതൃത്വം കണക്കുകൂട്ടിയത് ഇതിനാലാണ്.
സംസ്ഥാന നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ട കേന്ദ്ര നേതൃത്വം ദളുമായുള്ള സഖ്യം നേരിട്ട് തീരുമാനിച്ചതാണ്. ദളിനെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് സഖ്യസാധ്യതകളെ സംസ്ഥാന ബി.ജെ.പി നേതൃത്വം പൂര്‍ണമായി എതിര്‍ത്തെങ്കിലും കേന്ദ്ര നേതൃത്വം അത് ചെവിക്കൊണ്ടില്ല. ഒടുവില്‍ മനസില്ലാമനസ്സോടെ സംസ്ഥാന ബി.ജെ.പിക്ക് ജെ.ഡി.എസ് ബന്ധം അംഗീകരിക്കേണ്ടി വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."