പ്രഖ്യാപനങ്ങള്‍ പാഴ്‌വാക്കായി; ഓണ്‍ലൈന്‍ പഠനം പരിധിക്കുപുറത്ത്
മുഹമ്മദ് ലദീദ്
തിരുവനന്തപുരം: കൊവിഡ് കാലത്തെ രണ്ടാം അധ്യയനവര്‍ഷം തുടങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പായില്ല. ഡിജിറ്റല്‍ പഠനോപകരണ ലഭ്യത, ഇന്റര്‍നെറ്റ് കണക്ടിവിറ്റി തുടങ്ങിയ പ്രശ്‌നങ്ങളാല്‍ പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം താളംതെറ്റി. ഡിജിറ്റല്‍ പഠനോപകരണം ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് ഉപകരണങ്ങള്‍ ലഭ്യമാക്കുമെന്ന പ്രഖ്യാപനവും പാഴ്‌വാക്കായി.
സംസ്ഥാനത്തെ 14,489 സ്‌കൂളുകളിലായി 4,71,594 കുട്ടികള്‍ക്ക് ഡിജിറ്റല്‍ പഠനോപകരണങ്ങളില്ലെന്നാണ് സര്‍ക്കാരിന്റെ തന്നെ കണക്ക്. ഇവര്‍ക്ക് ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ ഓഗസ്റ്റ് ആദ്യവാരം ആരംഭിച്ച വിദ്യാകിരണം പദ്ധതിയിലൂടെ ഒരുപകരണം പോലും നല്‍കാനായില്ല. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് പഠനോപകരണ വിതരണം വൈകുന്നതെന്നാണ് വിദ്യാഭ്യാസവകുപ്പ് പറയുന്നത്. ഓഗസ്റ്റ് 15നകം സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കുമെന്നാണ് ഡിജിറ്റല്‍ വിദ്യാഭ്യാസ പ്രവര്‍ത്തന രൂപരേഖയില്‍ പറഞ്ഞിരുന്നത്. ഇതും നടപ്പായില്ല.
ചില സ്‌കൂളുകള്‍ സ്വന്തം നിലയ്ക്ക് ഓണ്‍ലൈന്‍ ക്ലാസ് നടത്തുന്നുണ്ടെങ്കിലും ഭൂരിപക്ഷം കുട്ടികളും ഇപ്പോഴും വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള ക്ലാസുകളെയാണ് ആശ്രയിക്കുന്നത്. ടെലിവിഷന്‍ കൊണ്ട് മാത്രം പഠനം മുന്നോട്ട് നീങ്ങില്ല. എല്ലായിടത്തും ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉറപ്പാക്കാനും സാധിച്ചിട്ടില്ല. മലയോരമേഖലകളിലെ കുട്ടികള്‍ക്ക് മൊബൈല്‍ റേഞ്ച് കിട്ടാനായി മരത്തിലും കുന്നിലും കയറേണ്ട ദുരവസ്ഥ തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് നെറ്റ്‌വര്‍ക്ക് ലഭിക്കാന്‍ മൊബൈല്‍ ഫോണുമായി മരത്തില്‍ കയറിയ കണ്ണൂര്‍ കണ്ണവം വനമേഖലയിലെ പന്നിയോട് കോളനിയിലെ ആദിവാസി വിദ്യാര്‍ഥിക്ക് വീണ് പരുക്കേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."