കുഫോസ് വി.സി നിയമനം ഹൈക്കോടതി റദ്ദാക്കി; ഡോ. കെ.റിജി ജോണ്‍ പുറത്ത്
തിരുവനന്തപുരം: കുഫോസ് (കേരള ഫിഷറീസ് സര്‍വ്വകലാശാല) വി.സി നിയമനം ഹൈക്കോടതി റദ്ദാക്കി. നിയമനം ചട്ടപ്രകാരമല്ലെന്ന ഹരജിയിലാണ് ഉത്തരവ്. ഡോ. കെ റിജി ജോണിന്റെ നിയമനം യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന വാദം കോടതി അംഗീകരിച്ചു. പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം ഇല്ലെന്ന വാദവും കോടതി അംഗീകരിച്ചു. യു.ജി.സി മാനദണ്ഡം കുഫോസ് നിയമനത്തില്‍ ബാധകമല്ലെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി. പുതിയ സേര്‍ച്ച് കമ്മിറ്റി ഉണ്ടാക്കാന്‍ ചാന്‍സലര്‍ക്ക് നിര്‍ദ്ദേശം. സേര്‍ച്ച് കമ്മിറ്റിയില്‍ യോഗ്യത ഇല്ലാത്തവര്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് വിധി പറഞ്ഞത്. യു.ജി.സി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് നിയമനം നടത്തിയതെന്നാരോപിച്ച് കടവന്ത്ര സ്വദേശിയായ ഡോ. കെ.കെ. വിജയന്‍ അടക്കം നല്‍കിയ ഹരജികളിലാണ് കോടതി വിധി പറഞ്ഞത്.
സെര്‍ച്ച് കമ്മിറ്റി ഏകകണ്ഠമായി റിജി ജോണിന്റെ പേര് നിര്‍ദേശിച്ചത് സര്‍വകലാശാല നിയമത്തിന് വിരുദ്ധമാണെന്നും അക്കാദമിക യോഗ്യതയില്ലാത്തവരാണ് സെര്‍ച്ച് കമ്മിറ്റിയിലുണ്ടായിരുന്നതെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. സാങ്കേതിക സര്‍വകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയ വിസിമാരില്‍ ഒരാളാണ് റിജി ജോണ്‍.
കുഫോസ് വിസി നിയമനത്തില്‍ ഡിവിഷന്‍ ബഞ്ചിന്റെ വിധി കാരണം കാണിക്കല്‍ നോട്ടിസ് ലഭിച്ച വിസിമാരുടെ കാര്യത്തിലും ഏറെ നിര്‍ണ്ണായകമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."