മഹ്‌സ അമീനിയുടെ മരണം; പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത കേസില്‍ ആദ്യ വധശിക്ഷ വിധിച്ചു
തെഹ്‌റാന്‍: ഇറാനില്‍ മഹ്‌സ അമീനി പൊലിസ് കസ്റ്റഡിയില്‍ മരിച്ചതിനു പിന്നാലെയുണ്ടായ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട കേസുകളില്‍ ആദ്യ വധശിക്ഷ വിധിച്ചു. പ്രതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തെഹ്‌റാന്‍ കോടതിയാണ് വധശിക്ഷ വിധിച്ചത്.
സര്‍ക്കാര്‍ കെട്ടിടത്തിന് തീവയ്ക്കുക, ക്രമസമാധാനം തകര്‍ക്കുക, ദേശീയ സുരക്ഷ അപകടത്തിലാക്കുന്നതിനായി ഗൂഢാലോചന നടത്തുകയും സംഘടിക്കുകയും ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയതെന്ന് ജുഡീഷ്യറിയുടെ വെബ്‌സൈറ്റില്‍ പറയുന്നു.
കഴിഞ്ഞ സപ്തംബര്‍ 16നാണ് 22കാരിയായ മഹ്‌സ അമീനി ആശുപത്രിയില്‍ മരിച്ചത്. ഹിജാബ് ശരിയായ രീതിയില്‍ ധരിച്ചില്ലെന്നാരോപിച്ച് തെഹ്‌റാനില്‍ മതകാര്യ പൊലിസ് അറസ്റ്റ് ചെയ്ത് വിട്ടയച്ച ശേഷമായിരുന്നു മരണം. ഇതിനു പിന്നാലെ ഉടലെടുത്ത ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളില്‍ 300ലേറെ പേര്‍ കൊല്ലപ്പെട്ടു. പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത മറ്റ് അഞ്ചു പേര്‍ക്കെതിരേ തെഹ്‌റാനിലെ മറ്റൊരു കോടതി അഞ്ച് മുതല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. ശിക്ഷിക്കപ്പെട്ട എല്ലാവര്‍ക്കും മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്നും വെബ്‌സൈറ്റ് കൂട്ടിച്ചേര്‍ത്തു.
പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് മൂന്ന് പ്രവിശ്യകളിലായി 750ലധികം പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. രണ്ടായിരത്തിലധികം പേര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."