അമീഖാസിലെ സര്‍ഗവൈഭവങ്ങള്‍
അശ്‌റഫ് കൊണ്ടോട്ടി
മലപ്പുറം ഐക്കരപ്പടിയിലെ അമീഖാസ് വീട്ടിലേക്ക് കയറുമ്പോള്‍ ആദ്യം കേള്‍ക്കാനാവുക സംഗീതമായിരിക്കും. കാണാനാവുക ആ പാട്ടിന് താളം പിടിക്കുന്ന സെറിബ്രല്‍പാള്‍സി രോഗം ബാധിച്ച് കിടപ്പിലായ 11കാരി അനീകയുടെ പുഞ്ചിരിയും. ജീവിതത്തില്‍ ആഹ്ലാദങ്ങള്‍ ഒടുങ്ങിപ്പോവുമായിരുന്ന കുടുംബത്തിന്റെ വ്യഥകളും വ്യാകുലതകളും മാതാവ് കെ.സി നജീബ തന്റെ സര്‍ഗാത്മക അക്ഷരക്കൂട്ടുകള്‍കൊണ്ട് മറികടക്കുമ്പോള്‍ മൂത്ത മകള്‍ പി.വി അമീഖ ചിത്രരചനയിലും അറബി കലിഗ്രഫിയിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. എല്ലാത്തിനും കരുത്തു പകര്‍ന്ന് പിതാവ് പി.വി ജലാലുദ്ദീനും. തളര്‍ന്നുപോകുമായിരുന്ന ജീവിതം സര്‍ഗാത്മകതയിലൂടെ തിരിച്ചുപിടിച്ച് സമൂഹത്തിന് മാതൃകയാവുകയാണ് ഐക്കരപ്പടിയിലെ പി.വി ജലാലുദ്ദീന്റെ കുടുംബം.
അനീകയുടെ ജീവിതം
കോഴിക്കോട് പുതിയപാലം പുത്തന്‍ വീട്ടില്‍ ജലാലുദ്ദീന്‍-ഐക്കരപ്പടി സിയാംകണ്ടം കെ.സി നജീബ ദമ്പതികളുടെ രണ്ടുമക്കളില്‍ ഇളയമകളാണ് അനീക. കോഴിക്കോട് ചുമട്ട് തൊഴിലാളിയായിരുന്നു ജലാലുദ്ദീന്‍.നജീബ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയും. സെറിബ്രല്‍പാള്‍സി എന്ന അപൂർവരോഗം ബാധിച്ച് ശരീരം തളര്‍ന്ന അനീകയുടെ ജനനത്തോടെയാണ് ഇവരുടെ ജീവിതം മാറുന്നത്. മകളെ ഇമവെട്ടാതെ നോക്കേണ്ട അവസ്ഥ. ഒന്ന് അമര്‍ത്തിപ്പിടിച്ചാല്‍ എല്ലുകള്‍ പൊടിഞ്ഞുപോകുന്ന അസുഖം. 95 ശതമാനവും വൈകല്യമുള്ള കുട്ടി ചിലപ്പോള്‍ കരയും.മുലപ്പാല്‍ പ്രായം കഴിഞ്ഞതു മുതല്‍ അമൃതപ്പൊടിയാണ് അവളുടെ മൂന്നു നേരത്തെ ഭക്ഷണം. പല്ലുകള്‍ ദ്രവിച്ചുപോകുന്നു. മതിയായ ദഹന ശേഷിയോ സംസാരശേഷിയോ ഇല്ല. ചിലപ്പോള്‍ ഉറക്കെ കരയും. ഉറക്കം തന്നെ കുറവ്. മകളുമായി എന്നും ആശുപത്രികള്‍ കയറിയിറങ്ങാന്‍ തന്നെയായിരുന്നു നജീബക്കും ഭര്‍ത്താവ് ജലാലുദ്ദീനും സമയം. സ്‌കൂള്‍ അധ്യാപിക ജോലിയില്‍ നിന്ന് നജീബ മകള്‍ക്കു വേണ്ടി പിന്‍വാങ്ങി. മകളോടൊപ്പം അവര്‍ വീടിന്റെ നാലു ചുമരുകള്‍ക്കിടയില്‍ ഒതുങ്ങിപ്പോയി.
'ശരീരം തളര്‍ന്ന മകളെയും പരിചരിക്കുന്ന എന്നെയും കാണുന്നവര്‍ക്ക് എന്നും സഹതാപമായിരുന്നു.സന്തോഷങ്ങള്‍ അവസാനിച്ചെന്നു കരുതിയ ദിനങ്ങളായിരുന്നു. എല്ലാം പടച്ചറബ്ബിന്റെ പരീക്ഷണമെന്ന് വിശ്വസിച്ച് പ്രാര്‍ഥിച്ചു. അവനില്‍ അര്‍പ്പിച്ചു. ആശ്വാസം പ്രാര്‍ഥനയില്‍ മാത്രമായിരുന്നു. മനസ് പാകപ്പെട്ടും പൊരുത്തപ്പെട്ടും തുടങ്ങിയപ്പോഴാണ് എഴുത്തിലേക്കും വായനയിലേക്കും തിരിഞ്ഞത്. അവിടം മുതല്‍ എനിക്കും മകള്‍ക്കും പുതിയ ജീവിതമായിരുന്നു' -നജീബ പറഞ്ഞു.
നജീബയുടെ കവിതകളും അമീഖയുടെ ചിത്രങ്ങളും
'മകളെ പരിചരിക്കുന്നതോടൊപ്പം മറ്റു മേഖലയിലേക്ക് കയറാനുള്ള പ്രേരണ കുടുംബത്തില്‍ നിന്നുണ്ടായി. ഇതോടെയാണ് വായനയിലേക്ക് തിരിഞ്ഞത്.ചിലതൊക്കെ എഴുതിത്തുടങ്ങി. എന്നാല്‍ ആരെയും കാണിച്ചില്ല.പിന്നീട് കുഞ്ഞുകവിതകള്‍ എഴുതി. നഴ്‌സറി കുട്ടികള്‍ക്ക് പാടാന്‍ പാകത്തില്‍ കുഞ്ഞുണ്ണി മാഷുടെ ചെറിയ കവിത പോലെ. അതെല്ലാവര്‍ക്കും ഇഷ്ടമായി. പിന്നീട് മറ്റുകവിതകളും എഴുതി. കവിതകള്‍ സോഷ്യല്‍ മീഡയയില്‍ പ്രചരിച്ചതോടെ കൂടുതല്‍ ആവേശമായി. കവിതയ്ക്കൊപ്പം കഥകളുമെഴുതി. പ്രബന്ധങ്ങളും'.
പ്ലസ് ടു വിദ്യാര്‍ഥിനിയായ മകള്‍ അമീഖക്ക് വരകളിലാണ് ഇഷ്ടം. പെന്‍സില്‍ ഡ്രോയിങ്, പെന്‍സില്‍ ആര്‍ട്ട്, ബോട്ടില്‍ ആര്‍ട്ട് അടക്കം അവളുടെ കരവിരുതില്‍ വിടുരുന്നത് അപൂർവ ചിത്രങ്ങളാണ്. ആരുടെ ചിത്രവും നിമിഷനേരം കൊണ്ട് വരച്ചിടാന്‍ അവള്‍ക്കാവും. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മുതല്‍ ഫുട്‌ബോള്‍, ചലച്ചിത്ര താരങ്ങളുടെ ചിത്രങ്ങള്‍ വരെ ഇവയില്‍ ഉള്‍പ്പെടും. ചിത്രങ്ങള്‍ വരപ്പിച്ചെടുക്കാനായി മാത്രം അവളെത്തേടി ഇന്ന് പലരുമെത്തുന്നുണ്ട്.അതുവഴി ആദരവുകളും.
ഉമ്മാന്റെ കവിതക്ക് മകളുടെ ചിത്രങ്ങള്‍
സ്‌കൂള്‍ പഠനകാലത്തൊന്നും കവിതകളോ കഥകളോ എഴുതിയിരുന്നില്ല.മത്സരങ്ങളില്‍ പങ്കെടുത്തിരുന്നില്ല.എന്നാല്‍ ഇന്ന് എഴുതാന്‍ കഴിയുന്നു. ഇതുവരെ എഴുതിക്കൂട്ടിയ കവിതകള്‍ ഉടൻ പുസ്‌കരൂപത്തില്‍ പ്രസിദ്ധീകരിക്കുകയാണ്. കവിതാ സമാഹരത്തില്‍ അനുയോജ്യമായ ചിത്രങ്ങള്‍ വരക്കുന്നത് മകള്‍ അമീഖയാണ്.
'സാഹിത്യ രചനയിലേക്ക് കടന്നതോടെ ആളുകള്‍ സഹതാപം വിട്ട് തുടങ്ങി. മകളെ പരിചരിക്കുമ്പോള്‍ തന്നെ മനസ് എഴുത്തിനും പാകപ്പെടുന്നു. എല്ലാ സങ്കടങ്ങളും ഇല്ലാതാകുന്നു. ജീവിത്തിന് ഊര്‍ജം െൈകവരുന്നതു പോലെ. ഭിന്നശേഷിക്കാരിയായ കുഞ്ഞ് ജനിച്ചതില്‍ ഞാന്‍ അല്ലാഹുവിനെ സ്തുതിക്കുന്നു. ഇതുപോലോത്ത മകളെ എന്നെക്കൊണ്ട് മാത്രം നോക്കാന്‍ കഴിയുകയുള്ളൂ എന്നതിനാലാണ് പടച്ചവന്‍ എന്റെ മോളേ എനിക്കു തന്നത്.അടുത്തിടെ ഒരു വാര്‍ത്ത കണ്ടു. ഭിന്നശേഷിക്കാരനായ കുഞ്ഞിനെ പിതാവ് തീ കൊളുത്തി കൊന്നെന്ന്. ആ കുഞ്ഞുങ്ങള്‍ എന്തു പിഴച്ചു.ആരോഗ്യമുള്ള കുഞ്ഞിനു വേണ്ടി നാം പടച്ചവനോട് പ്രാര്‍ഥിക്കുക'.
അനീകയുടെ ജീവിതമാറ്റം
കിടന്ന കിടപ്പില്‍ നിന്ന് അനങ്ങാന്‍ കഴിയാത്ത അനീക ഒരു നൊമ്പരമായിരുന്നു രണ്ടു വര്‍ഷം മുമ്പുവരെ. എന്നാല്‍ നജീബയുടെ ജീവിതത്തിലെ മാറ്റം അവള്‍ കുഞ്ഞിലും പരീക്ഷിച്ചു. വിശുദ്ധ ഖുര്‍ആന്‍ ഒാതുമ്പോള്‍ അനീക ശ്രദ്ധയോടെ കേള്‍ക്കുന്നത് കാണാനായി. ചിലപ്പോള്‍ പുഞ്ചിരിക്കും. ഇതോടെയാണ് കുഞ്ഞിന് പാട്ട് കേള്‍പ്പിച്ച് നല്‍കിയത്. പാട്ടിന് അവള്‍ പതിയെ പതിയെ കൈയനക്കി. പിന്നീട് അവള്‍ താളം പിടിച്ചു തുടങ്ങി.
ഇന്ന് ഏതു പാട്ടിനും അവള്‍ താളം പിടിക്കും. കൈ പതുക്കെ ഉയര്‍ത്തി ടേപ്പ്‌റിക്കാര്‍ഡിന്റെ ശബ്ദം കൂട്ടുകയും കുറക്കുകയും ചെയ്യും. കിടന്നുകൊണ്ട് ചിലപ്പോള്‍ നിലത്ത് നിരങ്ങിനീങ്ങും. മകളുടെ മാറ്റത്തില്‍ ഡോക്ടര്‍മാരും അത്ഭുതപ്പെട്ടിട്ടുണ്ട്.
കവിതകളും കഥകളും എഴുതുന്നതിനിടയിലും വീട്ടുപരിസരത്ത് പച്ചക്കറികള്‍ നടാനും നജീബ സമയം കണ്ടെത്തി.പാട്ടു കേട്ട് മകള്‍ താളം പിടിച്ചു കിടക്കുന്നതോടെ അപൂർവ മരങ്ങളും പച്ചക്കറികളും നട്ടുപിടിപ്പിക്കും. വീടിന്റെ അകത്തളത്തില്‍ കിടന്ന മകളെയും കൂട്ടി പൊതുപരിപാടികളില്‍ പങ്കെടുക്കും.നജീബയുടെ മനോധൈര്യവും സര്‍ഗവൈഭവവും നാട് അംഗീകരിച്ച് ആദരവും നല്‍കുന്നു.
മകളെക്കുറിച്ചും അന്തരിച്ച പിതാവിനെക്കുറിച്ചും കാവ്യങ്ങളെഴുതുകയാണിപ്പോള്‍ നജീബ. കോഴിക്കോട് നിന്ന് നാലു വര്‍ഷം മുമ്പാണ് ജലാലുദ്ദീന്‍-നജീബ ദമ്പതികള്‍ കുടുംബസമേതം ഐക്കരപ്പടിയില്‍ താമസം തുടങ്ങിയത്. ജലാലുദ്ദീന്‍ ഓട്ടോ ഡ്രൈവറാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."