മരത്തിന്റെ നിഴലിൽ നിന്ന ്…..
അവധൂതരുടെ വന്‍കരകള്‍
ഡോ. രോഷ്‌നി സ്വപ്‌ന
Our world is full of sound...
tho we suffer..
We read magic
now we need the spells, to rise up
return, destroy, and create.
What will be
the sacred words? '
ആഫ്രിക്കൻ കവി അമിരി ബരാകയുടെ കവിതകള്‍ വായിക്കുകയാണ്. മാന്ത്രികമായി ഉച്ചരിക്കപ്പെട്ട വാക്കിനെക്കുറിച്ച് ഒരുപാട് പറയുന്നുണ്ട് ഈ കവി.
ഡബ്ല്യു.ബി യേറ്റ്‌സിന്റെ 'വൈല്‍ഡ് സ്വാന്‍സ് ഇന്‍ കൂള്‍ പിക് ' എന്ന കവിതയില്‍ ഈ മാന്ത്രികമായ വാക്കിനെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്.
അമിരി ബരക അന്വേഷിക്കുന്ന ഈ വാക്ക് തന്നെയാണ് എന്നും മനുഷ്യരാശിയുടെ അടിസ്ഥാനപരമായ ഉത്തരം. വേദങ്ങളും ഉപനിഷത്തുക്കളും മിത്തും യാഥാർഥ്യവും ഭാവനയുമെല്ലാം തേടി കണ്ടെത്താന്‍ ആഗ്രഹിക്കുന്ന ആത്യന്തികമായ സത്യം... ഉച്ചരിക്കാനും നശിപ്പിക്കാനും സൃഷ്ടിക്കാനുമുള്ള മായികത ഒരു വാക്കിനുണ്ടെങ്കില്‍... അതു തേടലല്ലേ ജീവിതം? അതു തന്നെയല്ലേ മരണം?
20ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ ഒരു പ്രധാന കവി എന്ന നിലയില്‍ ബരാകയുടെ പാരമ്പര്യം സാംസ്‌കാരികവും രാഷ്ട്രീയവുമായ നേതാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വ്യക്തിത്വവുമായി ചേര്‍ത്താണ് ഇന്ന് വായിക്കപ്പെടുന്നത്. ചെറുപ്പക്കാരായ എഴുത്തുകാരില്‍ അദ്ദേഹത്തിന്റെ സ്വാധീനം ഏറെ വ്യാപകമാണ്. 1960കളിലെ ബ്ലാക്ക് ആര്‍ട്‌സ് പ്രസ്ഥാനത്തിന്റെ നേതാവെന്ന നിലയില്‍ അടുത്ത നൂറ്റാണ്ടിലേക്കുള്ള കറുത്ത സാഹിത്യത്തിന്റെ പ്രാധാന്യത്തെ നിര്‍വചിക്കാനും പിന്തുണയ്ക്കാനും ബരാക വളരെയധികം ശ്രമങ്ങള്‍ നടത്തി.
കവിയും നോവലിസ്റ്റും രാഷ്ട്രീയ ചിന്തകനും അധ്യാപകനുമായ ബാരാക സ്വത്വബോധത്തിന്റെ അടരുകളെ ദേശഭാവനയുമായി ചേര്‍ത്താണു വായിക്കുന്നത്. 1970കളിലാണ് ബാരാക ആഫ്രിക്കന്‍ -അമേരിക്കന്‍ എഴുത്തുകാരന്‍ എന്ന നിലയില്‍ പ്രശസ്തനാകുന്നത്.
കറുപ്പിന്റെ രാഷ്ട്രീയമെന്നതിന് വംശീയതയുടെ മുദ്ര ചാര്‍ത്തിക്കൊടുത്ത കാലമായിരുന്നു അത് . 1970കളില്‍ അദ്ദേഹം സ്വീകരിച്ച രാഷ്ട്രീയ ലക്ഷ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന നിരവധി മാര്‍ക്‌സിസ്റ്റ് കവിതാ സമാഹാരങ്ങളും നാടകങ്ങളും പുറത്ത് വന്നു. ഡാഗേഴ്‌സ് ആന്‍ഡ് ജാവലിന്‍സില്‍(1984)എന്നത് അദ്ദേഹത്തിന്റെ പ്രധാന കൃതിയാണ്.
20ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ അമേരിക്കന്‍ സംസ്‌കാരത്തില്‍ ബരാകയുടെ സ്വാധീനം തിരിച്ചറിഞ്ഞതോടെ അദ്ദേഹത്തിന്റെ നിരവധി സമാഹാരങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ലൈരോയ് ജോണ്‍സ് (LeRoi Jones/Amiri Baraka Reader1999) എന്ന പുസ്തകം 1957 മുതല്‍ 1983 വരെയുള്ള കാലഘട്ടത്തെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ബാരാകയുടെ എഴുത്തിന്റെ സമഗ്രമായ അവലോകനം അവതരിപ്പിക്കുന്നുണ്ട്. ഈ വാള്യത്തില്‍ ബരാകയുടെ നാല് വ്യത്യസ്ത കാലഘട്ടങ്ങളില്‍ നിന്നുള്ള കൃതികളാണുള്ളത്.
അദ്ദേഹത്തിന്റെ പ്രശസ്തമായ രചനകളെക്കാള്‍ കൂടുതല്‍ അറിയപ്പെടാത്ത കവിതകള്‍ക്കാണ് ഈ കൃതി പ്രാധാന്യം നല്‍കിയത്.
'ട്രാന്‍സ്ബ്ലുവെന്‍സി 'എന്ന പുസ്തകത്തില്‍ മികച്ച കവിതകളാണുള്ളത്. 2004ല്‍ പുറത്തുവന്ന സമാഹാരമായ 'സംബഡി ബ്ലൂ അപ്പ് അമേരിക്ക ആന്‍ഡ് അദര്‍ പോയംസ്' , 'ആധുനിക ബ്ലാക്ക് റാഡിക്കല്‍, വിപ്ലവ സാംസ്‌കാരിക പുനര്‍നിർമാണത്തില്‍ ഒരു അടയാളം കൂടിയായി പരിഗണിക്കപ്പെടുന്നു. വൈയക്തികത, സാമൂഹ്യബോധം, ചരിത്രബോധം എന്നിവ ആഴത്തില്‍ ഉള്‍ക്കൊള്ളുന്ന ബരാകയുടെ രചകള്‍ മനുഷ്യര്‍ക്കൊപ്പം നിലയുറപ്പിക്കുന്നുണ്ട്.
1.
നുണയന്‍
പ്രണയമാണെന്ന്
ഞാന്‍ കരുതിയതിന്
ഒരായിരം ന്യായങ്ങള്‍ എനിക്കുണ്ട്.
ഭയം പോലെ
എന്തോ ഒന്ന്
മരത്തിന്റെ
നിഴലില്‍ നിന്ന് എന്റെ
ഇരിപ്പിടത്തിനു
ചുറ്റും
ഒരു വിദൂര സംഗീതം പോലെ
വളയുന്നു,
തണുത്തുറഞ്ഞ
പക്ഷികള്‍
കിതയ്ക്കുന്നു.
ഞാന്‍ എവിടെ പോയാലും
എന്റെ മാംസം എന്നെ
തിരിച്ചുപിടിക്കുന്നു.
ആത്മാവിന്റെ പ്രവേശന കവാടങ്ങള്‍
തുറന്നിടുന്നു.
അതിന്റെ
സുഖസൗകര്യങ്ങള്‍പോലും
എന്നെ ബുദ്ധിമുട്ടിക്കുന്നു
ഞാനൊരു മനുഷ്യനാണെങ്കിലും!
നോക്കൂ
ആരാണ് സ്വന്തം ജനനത്തില്‍
ഇത്രയേറെ ഉച്ചത്തില്‍
നിലവിളിക്കുക?
സ്വന്തം ജനനത്തെക്കുറിച്ച്
ഓരോ മനുഷ്യനും വേറിട്ട വഴികളാണ്.
പൊതുവെ എല്ലാമൊരു പോലെ
എന്ന് പറയാമെന്നു മാത്രം.
എന്റെ ആത്മാവിലെ
ഓരോ മാറ്റവും
മറ്റാരോ പ്രവചിച്ചതാണ്.
അത് നിരന്തരം
പുനനിർവചിച്ചു കൊണ്ടിരിക്കുന്നു.
എന്റെ മുഖത്തു നിന്ന്
എല്ലാ അടയാളങ്ങളും
മായ്ച്ചുകളയപ്പെട്ടിരിക്കുന്നു.
ഒരു ചോദ്യം മാത്രം
എന്നില്‍ അവശേഷിക്കുന്നു.
നിന്റെ മരണം എണ്ണിയെണ്ണിയിരിക്കുന്ന
ആ നിമിഷത്തില്‍ ഒരുത്തരം;
അവര്‍ പറയുന്നു
മരണപ്പെട്ടത് നീയാണ്
അവര്‍ ആരെക്കുറിച്ചാവും
പറഞ്ഞിട്ടുണ്ടാവും?
2
സുവർണം
എന്താണ് യാഥാര്‍ഥ്യം?
സഹനമെന്ന സത്യം?
പുരുഷാരങ്ങളുടെ
ചരിത്രങ്ങള്‍ക്ക് മേല്‍
പരസ്യപ്പെടുത്തിയിരിക്കുന്നതോ?
ഒരു വേഗം
അതാണ് ദൈവം.
പരസ്പരം കലരാനുള്ള ഒരു സാധ്യത.!
ഊക്ക്...
ഭാവിപോലെ ലളിതം.
അലഞ്ഞു തിരിയുന്ന ജിപ്‌സികള്‍
യൂറോപ്പ് മുഴുവന്‍
താണ്ടിക്കടക്കുന്നു,
ആത്മാവുകള്‍ക്കു മേലും.
3.
ഞാന്‍ എന്താണ്
എന്നോട് ചെയ്തത്?
എല്ലുകളും
മങ്ങിയ തൊലിയും.
കനത്ത കണ്ണുകളും
മനുഷ്യന്‍ എന്ന സത്യത്തെ
ചിതറിക്കിടക്കുന്ന
എന്തിലൊക്കെയോ
കുരുക്കിയിടുന്ന
ചില പിരിവുകള്‍.
എന്റെ ജീവിതത്തെ
മുന്നോട്ട് തള്ളുന്ന
ഇങ്ങനെ ചിലത്.
കൊള്ളക്കാര്‍ പറയുന്നത്
ആദര്‍ശരാഷ്ട്രം
എന്നൊന്നില്ല എന്നാണ്
ഞാനത് ഗൗനിക്കുന്നില്ല.
വരണ്ട കാറ്റ് നായകന്റെ
കണ്ണുകള്‍ ഇറുക്കിയടപ്പിക്കുന്നു.
കണ്ണുനീര്‍
സത്യത്തിന്റെ
അടയാളമായി.
പുറത്തേക്ക് ഒഴുകുന്നു
4.
പ്രണയിയാവാനുള്ള
സാധ്യതയില്‍...
അനുശീലനങ്ങള്‍ നിശബ്ദത
അതിപുരാതന ശാന്തതയെ
കാറ്റ് അടര്‍ത്തിയെടുക്കുന്നു.
പ്രഭാതം മുതല്‍
ഉറഞ്ഞുകൂടിനില്‍ക്കുന്ന തണുപ്പ്.
ഞങ്ങള്‍ പതിയെ നടന്നു-
ഞങ്ങളിലേക്കുതന്നെ
വഴുതിവീഴാതെ
ഈ രാത്രി ഇത്രയും
ചിന്തകള്‍മാത്രം...
ഈ രാത്രി.
ഇത് പൂര്‍ത്തിയാക്കണം
നീയെന്താണ് എന്നത്
നിന്റെ അവസാനമെന്നത്
അനിശ്ചിതമാണ്.
അവിടെയാണ് നീ നിലനില്‍ക്കേണ്ടത്.
എവിടെയാണ് നീ?
ഒരു മനുഷ്യനില്‍?
ഏകാന്തത.-
നന്മ
എന്ന ഒരുച്ചാരണം..
ഒരൊറ്റ ജീവാണുവിന്
നീ ഒരിക്കലും ആയിരുന്നിട്ടില്ലാത്ത
നീയായിത്തന്നെ
നിലനില്‍ക്കേണ്ടതുണ്ടല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."