അധികച്ചുമതലയുള്ളവനാണ് അധികാരി
ഉൾക്കാഴ്ച
മുഹമ്മദ്
ഉസ്മാനി ഖിലാഫത്തിലെ പ്രഗത്ഭനായ ഭരണാധികാരിയായിരുന്നു സുല്‍ത്വാന്‍ സുലൈമാനുല്‍ ഖാനൂനി. അദ്ദേഹത്തിന്റെയടുക്കല്‍ ഒരു സ്ത്രീ വന്ന് ആടുകള്‍ മോഷണം പോയതിനെക്കുറിച്ച് പരാതി പറഞ്ഞു. സുല്‍ത്താന്‍ അവരോട് ചോദിച്ചു: 'എന്തുകൊണ്ട് നിങ്ങള്‍ ഉറക്കമൊഴിച്ച് ആടുകളെ നോക്കിയില്ല..?!'
സ്ത്രീ പറഞ്ഞു: 'അങ്ങ് ഞങ്ങള്‍ക്കുവേണ്ടി ഉറക്കമൊഴിക്കുമെന്നു കരുതി ഉറങ്ങിപ്പോയി..!'
ആരാണ് ഭരണാധികാരി?
ഉത്തരം: ആരും കാണാത്തത് കാണുന്നവന്‍, ആരും കേള്‍ക്കാത്തത് കേള്‍ക്കുന്നവന്‍, ആരും ചിന്തിക്കാത്തത് ചിന്തിക്കുന്നവന്‍, ആരും പോകാത്തിടത്ത് പോകുന്നവന്‍, ജനമുറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുന്നവന്‍, മുന്നില്‍നിന്ന് നയിക്കേണ്ടപ്പോള്‍ മുന്നിലും പിന്നില്‍നിന്നു നയിക്കേണ്ടപ്പോള്‍ പിന്നിലും നില്‍ക്കുന്നവന്‍.
എല്ലാവരും കണ്ടിട്ടും അധികാരിമാത്രം കണ്ടില്ലെങ്കില്‍ അയാള്‍ അന്ധനാണ്. അന്ധന്‍ വഴികാട്ടിയാവാന്‍ പര്യാപ്തനല്ല. അവനെ പിന്തുടര്‍ന്നു നടക്കുന്നവര്‍ പരാജയത്തിന്റെ ഗര്‍ത്തത്തില്‍ വീഴും. എല്ലാവരും കേട്ടിട്ടും അധികാരിമാത്രം കേട്ടിട്ടില്ലെങ്കില്‍ അയാള്‍ ബധിരനാണ്. ബധിരനോട് ആവശ്യങ്ങള്‍ പറയാനും ചോദിക്കാനും കഴിയില്ല. അയാളെ പിന്തുടര്‍ന്നു ജീവിക്കുന്നവര്‍ എല്ലാം സ്വയം സഹിച്ചു കഴിയേണ്ടിവരും. എല്ലാവരും ചിന്തിച്ചിട്ടും അധികാരിമാത്രം ചിന്തിച്ചില്ലെങ്കില്‍ അയാള്‍ ചിന്താശൂന്യനാണ്. അയാളില്‍നിന്നു പുതിയ പദ്ധതികളോ സ്വപ്നങ്ങളോ പ്രതീക്ഷിക്കേണ്ടതില്ല. അയാളുടെ ഭരണകാലത്ത് അധോഗതികളുണ്ടായില്ലെങ്കിലും പുരോഗതികളുണ്ടാവാന്‍ സാധ്യതയില്ല. എല്ലാവരും പോയിട്ടും പോകാത്തവന്‍ സ്വാര്‍ഥനായിരിക്കും. സ്വാര്‍ഥന്റെ കൈയില്‍ അധികാരം വന്നാല്‍ സ്വേച്ഛാധിപതിയായി അയാള്‍ തരംതാഴും.
അധികാരം അലങ്കാരത്തിനല്ല, ഉത്തരവാദിത്വ നിര്‍വഹണത്തിനാണ്. അധികാരത്തിന് ഉയര്‍ച്ചയേറുംതോറും ഉത്തരവാദിത്വങ്ങള്‍ക്കു ഭാരംകൂടും. കുടുംബനാഥന്റെ ഉത്തരവാദിത്വമല്ല, വാര്‍ഡ് മെംബറുടേത്. വാര്‍ഡ് മെംബറുടെ ബാധ്യതകളല്ല, പഞ്ചായത്ത് പ്രസിഡന്റിന്റേത്. നിയമസഭാ സാമാജികന്റെ ഉത്തരവാദിത്വം തന്റെ മണ്ഡലത്തോളം വികസിക്കുമ്പോള്‍ വകുപ്പുമന്ത്രിയുടേത് അതിലും വര്‍ധിക്കും. മുഖ്യമന്ത്രിക്ക് ഒരു സംസ്ഥാനത്തെ മുഴുവന്‍ പോറ്റേണ്ടി വരുമ്പോള്‍ പ്രധാനമന്ത്രി ഒരു രാജ്യത്തെയാണു പോറ്റേണ്ടത്. രാജ്യത്ത് എന്തു സംഭവിച്ചാലും അതിനു മറുപടി പറയാന്‍ അയാള്‍ ബാധ്യസ്ഥനായിരിക്കും. ടൈഗ്രീസിന്റെ തീരത്ത് ആട് വിശന്നുചത്താല്‍ അതിനു ഞാന്‍ അന്ത്യനാളില്‍ അല്ലാഹുവിനോട് സമാധാനം പറയേണ്ടി വരുമെന്നാണ് കരുതുന്നതെന്നു പറഞ്ഞ ഖലീഫ ഉമര്‍ ബിന്‍ ഖത്വാബിനെ ഇവിടെ സ്മരിക്കാം.
അധികാരം നല്‍കുന്ന സുഖങ്ങള്‍ മനംനിറയെ ആസ്വദിക്കുകയും അതേല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങള്‍ അവഗണിച്ചുതള്ളുകയും ചെയ്യുന്നത് കൊടിയ പാപമാണ്. ഒരു സീറ്റിലിരിക്കുന്നുവെങ്കില്‍ ആ സീറ്റിനോട് നീതിപാലിക്കാന്‍ കഴിയണം. ഇല്ലെങ്കില്‍ അര്‍ഹര്‍ക്കുവേണ്ടി വിട്ടുകൊടുക്കണം. പോറ്റുന്നില്ലെങ്കില്‍ പോറ്റാന്‍ അനുവദിക്കുകയെങ്കിലും വേണം. അതിനു മുഖ്യമന്ത്രി മറുപടി പറയേണ്ടതില്ലെന്നു പറയാന്‍ ഒരവകാശവുമില്ല. ഒരു സംസ്ഥാനത്തു നടക്കുന്ന സംഭവങ്ങള്‍ക്കു മറുപടി പറയാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനല്ലെങ്കില്‍ ആ കസേര പിന്നെയെന്തിന്? അതൊക്കെ നീ നോക്കേണ്ടതല്ലേ എന്നുപറഞ്ഞ് കുറ്റം മറ്റുള്ളവരില്‍ ചാര്‍ത്തി കൈകഴുകാന്‍ ഉത്തരവാദപ്പെട്ട ആള്‍ക്കു സാധ്യമല്ല.
ഒരു കുടുംബത്തിനു കുടുംബനാഥനെന്ന പോലെയായിരിക്കണം ഒരു ഭരണാധികാരി തന്റെ അധികാരപരിധിയിലുള്ളവര്‍ക്ക്. സുരക്ഷിതമായ വീടൊരുക്കേണ്ട ബാധ്യത കുടുംബനാഥന്റേതാണ്. സുരക്ഷിതമായ രാജ്യത്തെ സൃഷ്ടിക്കേണ്ടത് രാജ്യം ഭരിക്കുന്ന ഭരണാധികാരിയാണ്. വീട്ടില്‍ ആര്‍ക്കും കയറിയിറങ്ങാവുന്ന സ്ഥിതി പാടില്ല. വിദേശികള്‍ക്കു അനിയന്ത്രിതമായി കയറിനിരങ്ങാവുന്ന സ്ഥിതി രാജ്യത്തു പാടില്ല. വീട്ടില്‍ മോഷ്ടാക്കള്‍ കയറാതിരിക്കാന്‍ കുടുംബനാഥന്‍ ശ്രദ്ധിക്കണം.
രാജ്യത്തിന്റെ സമ്പത്തു ഊറ്റിയെടുക്കാന്‍ വരുന്ന മോഷ്ടാക്കളെ തടയേണ്ടത് ഭരണാധികാരിയാണ്. കുടുംബത്തിലെ ഏതെങ്കിലും ഒരംഗത്തിനു രോഗം വന്നാല്‍ ചികിത്സാനടപടികള്‍ സ്വീകരിക്കേണ്ടത് കുടുംബനാഥനാണ്. രാജ്യത്ത് ഏതെങ്കിലുമൊരാള്‍ക്കു അസുഖം വന്നാല്‍ അയാള്‍ക്കു ചികിത്സ ലഭ്യമാക്കാനുള്ള നടപടി രാജ്യം ഭരിക്കുന്നയാള്‍ സ്വീകരിക്കണം. കുടുംബാംഗങ്ങള്‍ക്കു വിദ്യാഭ്യാസം നല്‍കേണ്ടത് കുടുംബനാഥനാണ്. രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും വിദ്യാഭ്യാസം ഉറപ്പുവരുത്തേണ്ടതും ഭരണാധികാരിയാണ്. കുടുംബത്തിലെ ഏതെങ്കിലുമൊരു അംഗം പട്ടിണികിടന്നാല്‍ മറുപടി പറയേണ്ടി വരിക കുടുംബനാഥനാണ്. രാജ്യത്തെ ഏതെങ്കിലും ഒരു മനുഷ്യന്‍ വിശന്നു മരിക്കാനിടയായാല്‍ അതിനു മറുപടി പറയേണ്ടത് ഭരണാധികാരിയാണ്.
കുടുംബാംഗങ്ങള്‍ക്കിടയില്‍ അസ്വാരസ്യങ്ങളും ഭിന്നതകളും ഉടലെടുത്താല്‍ പരിഹരിക്കേണ്ടത് കുടുംബനാഥന്‍. രാജ്യത്തെ ആഭ്യന്തരപ്രശ്‌നങ്ങള്‍ തലപൊക്കിയാല്‍ അതിനു രമ്യമായ പരിഹാരം കണ്ടെത്തേണ്ടത് ഭരണാധികാരി.
രാജ്യത്തെ വീടായും പൗരന്മാരെ കുടുംബാംഗങ്ങളായും കാണുന്ന ഭരണാധികാരി നീതിമാനായിരിക്കും. രാജ്യത്തെ ബിസിനസ് സ്ഥാപനമായും പൗരന്മാരെ അതിലെ തൊഴിലാളികളായും വിയോജിക്കുന്നവരെ ശത്രുക്കളായും കാണുന്ന ഭരണാധികാരി നാടിനാപത്ത്. അനര്‍ഹരുടെ കൈയില്‍ അധികാരം ഘാതകന്റെ കൈയിലെ വടിവാള്‍പോലെ. ക്ഷേമമല്ല, ക്ഷാമമാണത് ഉല്‍പാദിപ്പിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."