പൊതുശത്രുവും ആഭ്യന്തരശത്രുവും
സാദിഖ് ഫൈസി താനൂർ
സി.ഇ. 1517 ഡിസംബര്‍ 16. ഹജ്ജ് തുടങ്ങാന്‍ അടുത്ത സമയം. ജിദ്ദ തുറമുഖത്ത് ഹാജിമാര്‍ വന്നിറങ്ങുന്നു. പെട്ടെന്നാണ് തുറമുഖത്തേക്ക് പോര്‍ച്ചുഗീസ് നാവികപ്പടയുടെ ആക്രമണമുണ്ടാകുന്നത്. ഹാജിമാരാകെ ഭയചകിതരായി. കുരിശുയുദ്ധത്തിന്റെ വെറുപ്പുകളെല്ലാം തലയിലേറ്റി നടക്കുന്നവരാണ് പറങ്കിപ്പട. ഹാജിമാരോടു പോലും കടുത്ത വെറുപ്പാണ് പറങ്കികള്‍ക്ക്. കോഴിക്കോട്ടുനിന്ന് ഹജ്ജിനു പോയ സംഘത്തെ നടുക്കടലില്‍ വച്ചു കപ്പലടക്കം കത്തിച്ചു കളഞ്ഞവരാണ്.
കഴിഞ്ഞ കുറെ വര്‍ഷമായി അറബിക്കടലിലും ചെങ്കടലിലും ആധിപത്യം സ്ഥാപിക്കാനുള്ള പറങ്കികളുടെ ശ്രമം തുടരുന്നു. അതിന്റെ ഭാഗമാണ് 1498 ല്‍ വാസ്‌ഗോഡ ഗാമ(1469-1524) കോഴിക്കോട് കപ്പലിറങ്ങിയത്. 1515ല്‍ പോര്‍ച്ചുഗീസ് കമാന്‍ഡര്‍ അഫോണ്‍സോ ഡി അല്‍ബുക്കര്‍ക് ചെങ്കടലില്‍ ഒരു ഉപരോധത്തിലൂടെ അതിനു തുടക്കമിട്ടു. ഇന്ത്യയില്‍ നിന്ന് അറബികള്‍ നടത്തിയിരുന്ന കച്ചവടസംവിധാനങ്ങളും സുഗന്ധ വ്യഞ്ജന മാര്‍ഗവും തടയുക, ആഫ്രിക്കയ്ക്ക് ചുറ്റുമുള്ള പോര്‍ച്ചുഗീസ് വഴിയിലൂടെ വ്യാപാരം നടത്താന്‍ യൂറോപ്യന്‍ രാജ്യങ്ങളെ നിര്‍ബന്ധിക്കുക, ചെങ്കടലിന്റെ നീണ്ട യെമന്‍-ഹെജാസി തീരങ്ങളില്‍ നിയന്ത്രണം പിടിച്ചെടുക്കുക ഇതൊക്കെയാണ് പോര്‍ച്ചുഗീസ് പദ്ധതി. ചെങ്കടല്‍ കവാടങ്ങളിലെ പറങ്കി ഉപരോധം വിശുദ്ധ നഗരങ്ങളിലേക്കുള്ള മുസ്‌ലിം യാത്രക്കാരെ ബാധിക്കും. പറങ്കി നായകന്‍ ലോപോ സവാരിസ് (1460-1520) ജിദ്ദ ഉപരോധിച്ചത് വെറും കച്ചവട ലക്ഷ്യത്തിനല്ല. അതുവഴി മക്കയും മദീനയും കീഴടക്കി നശിപ്പിക്കാന്‍ അയാളുടെ പറങ്കിമനസ് ആഗ്രഹിച്ചിരുന്നു.
മക്കയും മദീനയും ഉള്‍പ്പെടുന്ന ഹിജാസ് ഭരിക്കുന്നത് മംലൂക്കികളാണ്. അവര്‍ പറങ്കികളെ അപേക്ഷിച്ച് ദുര്‍ബലരാണ്. അതുകൊണ്ട് അവര്‍ക്ക് ഇസ്‌ലാമിന്റെ വിശുദ്ധ മണ്ണിലേക്ക് വേഗത്തില്‍ പാഞ്ഞുകയറാം. ഈ വിവരം ഉസ്മാനി സുല്‍ത്വാന്‍, സലീം ഒന്നാമന്‍(1470-1520) അറിഞ്ഞു. മംലൂക്കികളും ഉസ്മാനികളും പരസ്പര ശത്രുക്കളാണ്. ഈജിപ്തിലും സിറിയയിലുമെല്ലാം മംലൂക്കികള്‍ക്കെതിരേയുള്ള യുദ്ധത്തിലാണ് ഇപ്പോള്‍ ഉസ്മാനികള്‍ ഉള്ളത്. പക്ഷേ, ആ ശത്രുത ഓര്‍ത്തുനില്‍ക്കേണ്ട നേരമിതല്ല.
സുല്‍ത്വാന്‍ സലീം മറ്റൊന്നും ആലോചിക്കാതെ സല്‍മാന്‍ റഈസിന്റെ നേതൃത്വത്തിലുള്ള, തന്റെ നാവിക സേനയെ ജിദ്ദയിലേക്ക് പറഞ്ഞു വിട്ടു. പോര്‍ച്ചുഗീസുകാരുടെ മുന്നില്‍ പതറി നില്‍ക്കുന്ന ജിദ്ദയിലെ മംലൂക്കി ഗവര്‍ണര്‍ ഹുസൈന്‍ കുര്‍ദിയുടെ അടുത്തേക്ക് സഹായത്തിനായി ഉസ്മാനി സൈന്യം എത്തി. ഇരുപക്ഷവും ചേര്‍ന്നു പറങ്കിപ്പടയെ ജിദ്ദയില്‍ നിന്ന് തുരത്തിയോടിച്ചു.
പൊതുശത്രുവിനെ തിരിച്ചറിഞ്ഞു കൈകാര്യം ചെയ്ത സുല്‍ത്വാന്‍ സലീം, ആദര്‍ശ രംഗത്തെ ആഭ്യന്തര ശത്രുക്കളെയും വേണ്ട വിധം കൈകാര്യം ചെയ്തു. മുസ്‌ലിം ലോകത്ത് ശീഇസം പ്രചരിപ്പിക്കുകയും സുന്നികളെ കൂട്ടക്കൊല നടത്തുകയും ഇറാഖിലെ ഇമാം അബൂഹനീഫ(റ) മഖ്ബറ തീവച്ചു നശിപ്പിക്കുകയും ചെയ്ത ഇറാനിലെ സഫവീ ഭരണാധികാരി ഷാ ഇസ്മാഈലിനെ അടിച്ചൊതുക്കി. ശിയാക്കളോട് പോരാടാനിറങ്ങുന്ന നേരത്ത് അബൂ അയ്യൂബില്‍ അന്‍സ്വാരി(റ)യുടെ മഖ്ബറയില്‍ ചെന്നു ദുആ ചെയ്യുകയായിരുന്നു സലീം ഒന്നാമന്‍. ശീഇസത്തിനു വെള്ളവും വളവും നല്‍കി വളര്‍ത്തുകയായിരുന്നു മംലൂക്കികള്‍. സലീം അവരെയും ഇസ്‌ലാമിന്റെ മണ്ണില്‍ നിന്നു പിന്നീട് തുടച്ചു നീക്കി. ശത്രു ആരാണെന്ന തിരിച്ചറിവിന്റെ ഈ പ്രതലത്തില്‍ നിന്നു കൊണ്ടാണ് മുന്‍ഗാമികളെക്കാള്‍ ഉസ്മാനി സാമ്രാജ്യം 70 ശതമാനം കൂടി വികസിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചത്.
( Historic Cities of the Islamic World, Clifford Edmund Bosworth (2007), p. 222-223. Casale, Giancarlo (2010). 'Ibrahim Pasha and the Age of Reconnaissance 1520-1536'. The Ottoman Age of Exploration.pp. 34-52)
നിസ്‌കാരം ഖളാഅ് ആക്കാത്തവരുണ്ടോ?
സി.ഇ 1506. സുല്‍ത്വാന്‍ ബായസീദ് രണ്ടാമന്‍ (1447-1512)ഇസ്താംബൂളില്‍ പുതിയൊരു മസ്ജിദ് കൂടി നിര്‍മിച്ചിരിക്കുന്നു. അതിന്റെ ഉദ്ഘാടനത്തിനായി ഒരുമിച്ചുകൂടിയതാണ് ജനങ്ങളെല്ലാം. പണ്ഡിത പ്രമുഖരും രാഷ്ട്രീയ നേതാക്കളുമെല്ലാം അതിലുണ്ട്. ആരാണ് ഉദ്ഘാടകന്‍ എന്നു പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.
ഉദ്ഘാടനത്തിനു മുമ്പായി മസ്ജിദ് ഇമാം എഴുന്നേറ്റു നിന്നു പ്രഖ്യാപിച്ചു; 'പള്ളിയുടെ ഉദ്ഘാടകന്‍ ആരാകണം എന്ന് ഇതുവരെ സുല്‍ത്വാന്‍ പറഞ്ഞിട്ടില്ല. അത് എന്റെ സ്വാതന്ത്ര്യത്തിനു വിട്ടു തന്നിരിക്കുകയാണ്. അതുകൊണ്ട്, ഈ കൂട്ടത്തില്‍, ജീവിതത്തില്‍ ഒരിക്കല്‍ പോലും നിസ്‌കാരം ഖളാഅ് ആക്കാതെ, കൃത്യ സമയത്തു തന്നെ നിര്‍വഹിച്ചവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്ക് മസ്ജിദ് ഉദ്ഘാടനം ചെയ്യാം...'
ഈ പ്രഖ്യാപനം വന്നപ്പോള്‍, സദസിലുള്ളവര്‍ പരസ്പരം നോക്കാന്‍ തുടങ്ങി. മഹാപണ്ഡിതന്മാരടക്കമുള്ള സദസാണ്. പക്ഷേ, അവര്‍ക്കു പോലും അങ്ങനെയൊരു ഉറപ്പ് പറയാന്‍ സാധ്യമല്ല. സമയം അങ്ങനെ കുറച്ചു കഴിഞ്ഞു. ആരും എഴുനേല്‍ക്കാത്തപ്പോള്‍, സുല്‍ത്വാന്‍ ബായസീദ് എഴുന്നേറ്റു. മിഹ്‌റാബില്‍ കയറി നിസ്‌കാരത്തിനു നേതൃത്വം നല്‍കി ഉദ്ഘാടനം ചെയ്തു.
അതെ, ഉസ്മാനീ ഭരണാധികാരികളില്‍ എട്ടാമനായ സുല്‍ത്വാന്‍ ബായസീദിന്റെ ജീവിതം അത്ര വിശുദ്ധമായിരുന്നു. ഒരു നിസ്‌കാരം പോലും മുറ തെറ്റാതെ നിര്‍വഹിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. ഉസ്മാനീ സുല്‍ത്വാന്മാരില്‍ നാലാമനായ ബായസീദ് ഒന്നാമന്റെ(1361-1403) ഓര്‍മയ്ക്കു മാത്രമല്ല, സൂഫീ ചക്രവര്‍ത്തി ബായസീദുല്‍ ബസ്ത്വാമി ( 804-874)യെ പകര്‍ത്താന്‍ കൂടിയാണ് തന്റെ ജീവിതമെന്ന് തെളിച്ച മനുഷ്യനായിരുന്നു ബായസീദ് രണ്ടാമന്‍. അതുകൊണ്ടുതന്നെ ജനം അദ്ദേഹത്തെ സൂഫിയായ സുല്‍ത്വാന്‍ എന്നു വിളിച്ചു.
ഓരോ തവണ ജിഹാദിന്റെ ഭാഗമായ ധര്‍മസമരത്തിനു പോയി വരുമ്പോഴും, തന്റെ വസ്ത്രത്തില്‍ പറ്റിപ്പിടിച്ച പൊടിപടലങ്ങള്‍ അദ്ദേഹം തട്ടിയെടുത്തു ഒരു കൊച്ചു പാത്രത്തിലാക്കി വയ്ക്കും. ഇത് ആവര്‍ത്തിച്ചപ്പോള്‍, ഭാര്യ ഗുല്‍ബഹാര്‍ ഖാതൂന്‍ കാര്യമന്വേഷിച്ചു. അതിന് സുല്‍ത്വാന്റെ മറുപടി ഇങ്ങനെ: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സഞ്ചരിച്ചപ്പോള്‍ എന്റെ ശരീരത്തില്‍ പറ്റിപ്പിടിച്ച പൊടിപടലങ്ങളാണിത്. ഇങ്ങനെ പറ്റിപ്പിടിക്കുന്ന പൊടിപടലങ്ങള്‍ നാളെ പരലോകത്ത്, നരകശിക്ഷയില്‍ നിന്നുള്ള കവചമായി മാറുമെന്ന് തിരുവചനത്തിലുണ്ട്. എനിക്ക് ഇതൊരു തെളിവായി വേണം. അതുകൊണ്ട് ഞാന്‍ മരിച്ചാല്‍, എന്റെ കൂടെ ഖബറില്‍ ഈ പൊടികള്‍ കൂടെ അടക്കം ചെയ്യാന്‍ നീ പറയണം. ഇതെന്റെ വസിയ്യത്താണ്....'
അവസാന കാലത്ത് അധികാരം മകന്‍ സലീമിനെ ഏല്‍പ്പിച്ചു, ബായസീദ് സൂഫീ വഴിയില്‍ ഏകാന്തനായി ആരാധനകളില്‍ മാത്രം കഴിഞ്ഞു കൂടി. അങ്ങനെ 1512 മെയ് 26(ഹി: 918 റബീഉല്‍ അവ്വല്‍ 11 ) ന് ബായസീദ് രണ്ടാമന്‍ മരണപ്പെട്ടു. അദ്ദേഹത്തിന്റെ വസിയ്യത്തു പോലെ തന്നെ, ദൈവമാര്‍ഗത്തില്‍ പതിഞ്ഞ പൊടിപടലങ്ങളോടൊപ്പം അദ്ദേഹം ഉദ്ഘാടനം ചെയ്ത ബായസീദ് മസ്ജിദ് അങ്കണത്തില്‍ അടക്കം ചെയ്തു.
(ഓര്‍ഖാന്‍ മുഹമ്മദലി: റവാഇഉന്‍ മിനത്താരീഖില്‍ ഉസ്മാനി. പേജ്: 54-56, മുസ്തഫ അര്‍മിഗാന്‍: താരീഖു സിര്‍റി ലി ഇംബിറാത്വൂരിയ്യത്തില്‍ ഉസ്മാനിയ്യ. പേജ്: 49-54, അഹ്‌മദ് യൂസുഫ് ഖര്‍മാനി: അഖ്ബാറു ദ്ദുവല്‍. പേജ്: 313-314)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."