ഡി സി സി പുന:സംഘടന: രണ്ട് തവണ ചര്‍ച്ച നടത്തിയിട്ടില്ലെന്നാവര്‍ത്തിച്ച് ഉമ്മന്‍ ചാണ്ടി; സുധാകരന്‍ ഡയറി ഉയര്‍ത്തിക്കാട്ടിയതിലും പ്രതിഷേധം
തിരുവനന്തപുരം: ഡി സി സി പുന:സംഘടനപട്ടികയുമായി ബന്ധപ്പെട്ടുള്ള കെ സുധാകരന്റെ പ്രസ്താവനയില്‍ അമര്ഷം പ്രകടിപ്പിച്ച് ഉമ്മന്‍ചാണ്ടി. രണ്ട് പ്രാവശ്യം ചര്‍ച്ച നടത്തിയെന്ന സുധാകരന്റെ വാദം തെറ്റാണ്. ഒരേ ഒരു തവണയാണ് ചര്‍ച്ച നടത്തിയത്. അന്ന് വി ഡി സതീശനും ഒപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് പ്രാവശ്യം ചര്‍ച്ച നടന്നിരുന്നെങ്കില്‍ തര്‍ക്കമുണ്ടാകില്ലായിരുന്നില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാടെന്ന് അടുത്തവൃത്തങ്ങളും പറയുന്നു. ആദ്യം ചര്‍ച്ച ചെയ്തപ്പോള്‍ നല്‍കിയ ലിസ്റ്റാണ് സുധാകരന്‍ കാണിച്ചത്. അതില്‍ വിശദ ചര്‍ച്ച നടന്നിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ പരസ്യ പ്രതികരണത്തിന് ഉമ്മന്‍ചാണ്ടി തയാറായിട്ടില്ല. സുധാകരനുമായി സംസാരിച്ചശേഷം പരസ്യമായി പ്രതികരിക്കുമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാടെന്നാണ് സൂചന.
ഡി.സി.സി അധ്യക്ഷ പട്ടിക വിശാലമായ ചര്‍ച്ചയ്ക്ക് ശേഷമാണ് തയ്യാറാക്കിയതെന്നാണ് കഴിഞ്ഞ ദിവസം സുധാകരന്‍ പറഞ്ഞത്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി രണ്ട് തവണ ചര്‍ച്ച നടത്തിയെന്നാണ് സുധാകരന്‍ പറയുന്നത്.
ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ച പേരുകളെഴുതിയ ഡയറിയും വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു സുധാകരന്റെ പ്രതികരണം. ചര്‍ച്ച നടന്നിട്ടില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ ആരോപണം മനോവിഷമമുണ്ടാക്കിയെന്ന് പറഞ്ഞ അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിക്കുന്ന പലരുടെയും കാലത്ത് എത്ര ചര്‍ച്ചകളാണ് നടന്നിട്ടുള്ളതെന്നും ചോദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."