താഴ്‌വരകള്‍ക്കിടയില്‍
കെ.ടി അബൂബക്കര്‍ വിളയില്‍
ഡല്‍ഹി ഇന്ദിരാഗാന്ധി അന്തര്‍ദേശീയ വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ രാത്രി രണ്ടുമണി. നേരത്തെ, ബുക്ക് ചെയ്ത ടാക്‌സി കണ്ടുപിടിക്കാന്‍ കുറച്ച് പ്രയാസപ്പെട്ടെങ്കിലും ട്രെയിന്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയകറ്റി അപരിചിതമായ കുറുക്കുവഴികളിലൂടെ മുക്കാല്‍ മണിക്കൂറോളം സഞ്ചരിച്ച് പുലര്‍ച്ചെ നാലിനുതന്നെ ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെത്തി. അമൃത്സര്‍ ട്രെയിനിനു വേണ്ടിയുള്ള കാത്തിരിപ്പിനിടയില്‍ കൈയില്‍ കരുതിയ ഭക്ഷണം കഴിച്ചു.
പുലര്‍ച്ചെ അഞ്ചിനുള്ള ട്രെയിനില്‍ ഉച്ചയ്ക്ക് 12.30നാണ് അമൃത്സറിലെത്തുന്നത്. ഹരിയാനയിലെയും പഞ്ചാബിലെയും പച്ചപ്പുനിറഞ്ഞ വിശാലവും ഫലഭൂയിഷ്ഠവുമായ സമതലങ്ങളിലൂടെ, ഇന്ത്യയുടെ കാര്‍ഷിക ഹൃദയഭൂമിയിലൂടെ വൈവിധ്യമാര്‍ന്ന പ്രകൃതിദൃശ്യങ്ങള്‍ ആസ്വദിച്ചുള്ള ആ യാത്ര അവിസ്മരണീയം തന്നെ.
വാഗാ അതിര്‍ത്തിയിലേക്കാണ് ആദ്യം പോയത്. ഗോതമ്പ്, ചോളം, നെല്ല് കൃഷിയിടങ്ങള്‍ക്ക് നടുവിലൂടെ ആസ്വാദ്യകരമായ മണിക്കൂര്‍ യാത്ര. ഡ്രൈവര്‍ അവിടുത്തെ സാംസ്‌കാരിക ചരിത്ര വിശേഷങ്ങള്‍ വിവരിച്ചുകൊണ്ടിരുന്നു. വാഗ (അത്താരി) അതിര്‍ത്തിയിലെത്തുമ്പോള്‍ ഇരുവശത്തുമുള്ള ഗാലറികളില്‍ ആര്‍പ്പുവിളികളുമായി ആവേശഭരിതമായ ജനക്കൂട്ടം. ലാഹോറിലേക്ക് ഏകദേശം 24 കി.മീ മാത്രം. അതിര്‍ത്തി കാക്കുന്ന ഇന്ത്യ-പാക് പട്ടാളക്കാരുടെ ആവേശകരവും ദേശസ്‌നേഹ പ്രചോതിതവുമായ പരേഡിനു സാക്ഷികളായി. രാത്രി ഏഴോടുകൂടി സിഖ് ഗുരുദ്വാരകളില്‍ പ്രഥമവും അതിവിശുദ്ധവുമായ സുവര്‍ണ ക്ഷേത്രത്തിലെത്തി. ഹിന്ദു രാജ്പുത്, ഇന്തോ -ഇസ്‌ലാമിക് വാസ്തുവിദ്യയുടെ വിസ്മയമായ സുവര്‍ണക്ഷേത്രം ദീപാലങ്കാരങ്ങളില്‍ മുങ്ങിനില്‍ക്കുന്നു. അമൃത്സറെന്നെ പേര് ഉത്ഭവിച്ച അമൃത്‌സരോവര്‍ തടാകത്തിലെ കുഞ്ഞോളങ്ങളില്‍ ക്ഷേത്ര പ്രതിബിംബം ഇളകിയാടുന്നു. ചാറ്റല്‍ മഴയുണ്ടായിരുന്നെങ്കിലും നല്ല തിരക്കുണ്ട്. മഴത്തുള്ളികള്‍ മാര്‍ബിള്‍ പ്രതലത്തില്‍ വര്‍ണരാജികള്‍ പ്രതിഫലിപ്പിക്കുന്നു. വൈദ്യുതി ദീപങ്ങളാല്‍ തിളങ്ങുന്ന സ്വര്‍ണ താഴികക്കുടവും സ്വര്‍ണത്തില്‍ പൊതിഞ്ഞ പോലെ ക്ഷേത്രവും. എങ്ങും കണ്ണഞ്ചിപ്പിക്കുന്ന സ്വര്‍ണവര്‍ണ കാഴ്ചകള്‍. അതിനിടയില്‍ ശാന്തമായ അന്തരീക്ഷത്തില്‍ ഒഴുകിപ്പരക്കുന്ന സ്തുതി കീര്‍ത്തനങ്ങള്‍.
സമത്വത്തിന്റെയും നിസ്വാര്‍ഥ സേവനത്തിന്റെയും സിഖ് തത്വം പ്രദര്‍ശിപ്പിക്കുന്ന ലങ്കര്‍ ഹാളില്‍ വരുന്നവര്‍ക്ക് മുഴുവന്‍ സൗജന്യമായി സന്നദ്ധ സേവകര്‍ സ്‌നേഹം ചാലിച്ച് വിളമ്പിത്തരുന്ന റൊട്ടി, ദാല്‍, ഖീര്‍ ( അരി, പാല്‍, പഞ്ചസാര, ഏലക്കായും കുങ്കുമപ്പൂവും ചേര്‍ത്തുണ്ടാക്കുന്ന മധുര വിഭവം) കഴിച്ച് ചരിത്രമുറങ്ങുന്ന ജാലിയന്‍ വാലാബാഗിലൂടെ രാത്രി 11നു റൂമിലെത്തി.
വിസ്മയിപ്പിക്കുന്ന സൗന്ദര്യം
രാത്രി ഒന്നേകാലിനുള്ള ജമ്മു താവി എക്‌സ്പ്രസ് ട്രെയിനില്‍ രാവിലെ ആറരയോടെ ജമ്മുവിലെത്തി. തെരുവുകള്‍ അപ്പോഴും പൂര്‍ണമായും ഉണര്‍ന്നിട്ടില്ല. ചൂടുചായയും കുടിച്ച് ഒരാള്‍ക്ക് 850 രൂപ നിരക്കില്‍ ശ്രീനഗറിലേക്കുള്ള ഒരു ശീതീകരിച്ച ബസില്‍ ഇരിപ്പുറപ്പിച്ചു.
ചുറ്റും മഞ്ഞുമൂടിയ കുന്നുകള്‍, സമൃദ്ധമായ പൈന്‍മരക്കാടുകള്‍, പച്ചപ്പുനിറഞ്ഞ താഴ്‌വരകള്‍, മലമുകളില്‍ തിളങ്ങുന്ന വെളുത്ത മഞ്ഞ്. ജമ്മു നഗരം മുതല്‍ ശ്രീനഗറിന്റെ അതിമനോഹരമായ സൗന്ദര്യം വരെ, പഴയ മുഗള്‍പാതയുടെ ഓരോ നാഴികയിലും വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍.
രാവിലെ എട്ടരയോടെ യാത്ര ആരംഭിച്ചെങ്കിലും പലയിടങ്ങളിലും മണിക്കൂറുകളോളം തടസമായതിനാല്‍ രാത്രി 11നാണ് ഭൂമിയിലെ സ്വര്‍ഗമെന്നു വിശേഷിപ്പിക്കപ്പെട്ട കശ്മിരിന്റെ രത്നമായ ശ്രീനഗറിന്റെ കുളിരിലേക്ക് കാലെടുത്തുവച്ചത്. രാവിലെ തന്നെ ശാന്തമായ ദാല്‍ തടാകത്തിലെ ഷിക്കാര സവാരി, ഒഴുകുന്ന പൂന്തോട്ടങ്ങള്‍, ചടുലമായ ഹൗസ് ബോട്ടുകള്‍, മനോഹരമായ പൂന്തോട്ടങ്ങള്‍, ചരിത്രപ്രധാനമായ ഹസ്രത്ത് ബാല്‍ മസ്ജിദ്, കരകൗശല വസ്തുക്കള്‍, സുഗന്ധവ്യഞ്ജനങ്ങളടങ്ങിയ കശ്മിരി ചായ, ഊര്‍ജസ്വലമായ പ്രാദേശിക വിപണികള്‍, നെഹ്‌റു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, നിഷാത് ബാഗിലെയും ഷാലിമാര്‍ ബാഗിലെയും വിസ്മയിപ്പിക്കുന്ന മുഗള്‍ ഉദ്യാനങ്ങള്‍, കശ്മിരിലെ പ്രശസ്തമായ വസ്‌വാന്‍ പാചകരീതിയില്‍ തയാറാക്കിയ റോഗന്‍ ജോഷ്, യാഖ്‌നി, കശ്മിരി പുലാവ് തുടങ്ങി പ്രദേശത്തിന്റെ തനതായ രുചി ഭേദങ്ങള്‍ എല്ലാം ആസ്വദിച്ചു.
കാലാതീതമായ സൗന്ദര്യവും അതിമനോഹരവമായ ചാരുതയും കൊണ്ട് ആരെയും ആകര്‍ഷിക്കുന്ന ആ നഗരത്തില്‍ രണ്ടുദിവസം തങ്ങി. ഇനി യാത്ര ലേ ലഡാക്കിലേക്കാണ്. 90 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ സോനാ മര്‍ഗിന്റെ മനോഹര കാഴ്ചകള്‍ കണ്ടുതുടങ്ങി. സഞ്ചാരികളെയും കാത്തിരിക്കുന്ന ഗോഡാ വാലകള്‍, അങ്ങിങ്ങായി മേഞ്ഞുനടക്കുന്ന ആട്ടിന്‍പറ്റങ്ങള്‍. മൈലുകളോളം പുറം ഹിമാലയത്തിന്റെ ദുര്‍ഘടമായ മലയിടുക്കിലൂടെ സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 11,575 അടി ഉയരത്തില്‍ ശ്രീനഗറില്‍നിന്ന് കാര്‍ഗില്‍, ലേ ലഡാക്കിലേക്ക് യാത്ര ചെയ്യുമ്പോള്‍, ലോകത്തിലെ ഏറ്റവും മനോഹരമായ ചുരങ്ങളിലൊന്ന് അവിടെയുണ്ട്: 'സോജില'. ലഡാക്കിന്റെ ഗേറ്റ് വേ എന്നും ഇതറിയപ്പെടുന്നു.
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ അതിസാഹസികമായ പര്‍വത പാതയാണിത്. ദ്രാസില്‍ സ്ഥിതി ചെയ്യുന്ന ഈ ചുരംദ്രാസ്, സുരു താഴ്‌വരകളെ വടക്കുകിഴക്കും കശ്മിര്‍ താഴ്‌വരയെ പടിഞ്ഞാറും സിന്ധു താഴ്‌വരയെ കിഴക്കും ബന്ധിപ്പിക്കുന്നു. കശ്മിര്‍ താഴ്‌വരയ്ക്കും ലഡാക്കിനും ഇടയിലുള്ള ഒരേയൊരു റോഡ് മാര്‍ഗമായ ഇതു മൗണ്ടന്‍ പാസ് ഓഫ് ബ്ലിസാര്‍ഡ്‌സ് (ഹിമപാതങ്ങളുടെ പര്‍വത ചുരം) എന്നാണറിയപ്പെടുന്നത്. ശ്രീനഗറില്‍നിന്ന് കാര്‍ഗില്‍ വഴി ലഡാക്കിലേക്ക് ഏത് കാലാവസ്ഥയിലും സഞ്ചരിക്കാന്‍ കഴിയുംവിധം എന്‍.എച്ച് 1 ല്‍ 2018 ല്‍ തുടങ്ങിയ തുരങ്ക പാതയുടെ ജോലി ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.
എല്ലാ വര്‍ഷവും കനത്ത മഞ്ഞുവീഴ്ച കാരണമുണ്ടാകുന്ന ഗതാഗതതടസം ലഘൂകരിക്കുന്നതിനാണ് സോജിലാ ടണല്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. ഓരോ കിലോമീറ്റര്‍ കഴിയുംതോറും ഭൂപ്രകൃതി കൂടുതല്‍ ദുര്‍ഘടമാകുന്നു. വായു കനം കുറയുന്നു. വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശം, കഠിനമായ കാലാവസ്ഥ. വെളുത്ത പൊടിമഞ്ഞിനുള്ളില്‍ മൃദുഭാവത്തോടെ പരുക്കന്‍ പര്‍വതങ്ങള്‍. ഭീമാകാരമായ മലകള്‍ക്കിടയില്‍ വളഞ്ഞും തിരിഞ്ഞും ഇടുങ്ങിയ വഴികള്‍. ഭൂമി വാനവുമായി സംഗമിക്കുന്ന മഞ്ഞുറഞ്ഞ അത്ഭുത ലോകം. മഞ്ഞുവീഴ്ച രൂക്ഷമായതോടെ സോജില ചുരം നിശബ്ദതയുടെയും പ്രശാന്തതയുടെയും മണ്ഡലമായി മാറി. ഇളംകാറ്റിന്റെ ചൂളംവിളിയും പ്രകൃതിയുടെ അതീവ സൗന്ദര്യവും തീര്‍ത്ത മാസ്മരികതയില്‍ മഞ്ഞിന്റെ അതിലോലവും സങ്കീര്‍ണവുമായ അടരുകള്‍ പറന്നിറങ്ങി ഞങ്ങളെയും വാഹനത്തെയും ആവരണം ചെയ്തു.
മഞ്ഞുതുള്ളികള്‍ വീണുപതിഞ്ഞ ഈ ശീതകാല പറുദീസയിലൂടെ കടന്നുപോയപ്പോള്‍ ഭയവും അത്ഭുതവും തോന്നി. വയ്ക്കുന്ന ഓരോ ചുവടും മഞ്ഞില്‍ അടയാളങ്ങള്‍ അവശേഷിപ്പിച്ചു. മഞ്ഞുതുള്ളികള്‍ മുഖത്ത് മൃദുവായി ചുംബിച്ചു. ചര്‍മത്തില്‍ ഉരുകിയൊലിച്ചു.
മഞ്ഞുപെയ്യുന്നു
നാവില്‍ മഞ്ഞടരുകള്‍ പിടിച്ച്, വസ്ത്രങ്ങളില്‍ വീണവ ഊതിപ്പറത്തി, കൈക്കുമ്പിളിലവ കോരിയെടുത്തെറിഞ്ഞു. മഞ്ഞിന്റെ ആലിംഗനത്തിലലിഞ്ഞ സോജിലാ ചുരത്തിന്റെ മാദക സൗന്ദര്യത്തില്‍ മതിമറന്ന് അല്‍പനേരം പുറത്തുനില്‍ക്കാനേ കഴിഞ്ഞുള്ളൂ. തണുപ്പും ശീതക്കാറ്റുംം പെയ്യുന്ന മഞ്ഞു മഴയും കാരണം ഗതാഗതക്കുരുക്കില്‍പെട്ട് കിടക്കുന്ന വണ്ടിയില്‍ തന്നെ മൂടിപ്പുതച്ച് ചുരുണ്ടുകൂടിയിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ സോജിലാ ചുരത്തില്‍ ശക്തമായ മഞ്ഞു വീഴ്ചയും ഹിമപാതവും ഉണ്ടായതിനെ തുടര്‍ന്ന് ശ്രീനഗര്‍ കാര്‍ഗില്‍ റോഡ് തുടര്‍ച്ചയായ എട്ടാം ദിവസവും അടഞ്ഞു കിടന്നിരുന്നതായും ഇരുവശങ്ങളിലുമായി നൂറുകണക്കിന് ട്രക്കുകളും യാത്രാ വാഹനങ്ങളും കുടുങ്ങിക്കിടന്നതായും ഡ്രൈവര്‍ പറഞ്ഞു. ' ഖസം ഖായാ ഹെ ദുബാര ഇസ് രാസ്‌തെ പെ നഹീ ആഊംഗാ' (ഇനി മേലില്‍ ഈ വഴി വരില്ലെന്ന് ഞാന്‍ ശപഥം ചെയ്തു കഴിഞ്ഞു)- ഡ്രൈവര്‍ ശാക്കിര്‍ അസ്വസ്ഥനായി.
ഇനിയും 350 ഓളം കിലോമീറ്റര്‍ സഞ്ചരിക്കണം. വിശപ്പും ദാഹമുമുണ്ട്. കരുതിയ വെള്ളവും ലഘുഭക്ഷണവും തീര്‍ന്നു. അടുത്തെങ്ങും മനുഷ്യവാസത്തിന്റെ ഒരടയാളം പോലുമില്ല. ഹിമപാതം നീക്കാന്‍ സൈനികവാഹനങ്ങള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇരുവശങ്ങളിലും കുടുങ്ങിക്കിടക്കുന്ന വാഹനങ്ങള്‍ കാരണം മുന്നോട്ടുപോകാന്‍ കഴിയുന്നില്ല. ഇടതുവശത്ത് ചെങ്കുത്തായ മലകള്‍ എപ്പോള്‍ വേണമെങ്കിലും അടര്‍ന്നുവീഴാന്‍ പാകത്തില്‍. വലത്, കണ്ണെത്താത്ത അഗാധ ഗര്‍ത്തങ്ങള്‍. എങ്ങനെയൊക്കെയോ സോജില ചുരംകടന്ന് കാര്‍ഗില്‍ വഴി ലഡാക്കിലേക്കുള്ള ' ഗേറ്റ്‌വേ ' എന്നറിയപ്പെടുന്ന ദ്രാസ് താഴ്‌വരകളിലേക്കുള്ള ഇറക്കമാരംഭിച്ചു. മഞ്ഞുമലകള്‍ നീങ്ങിത്തുടങ്ങി. ചെങ്കുത്തായ മലകളുടെ താഴ്ഭാഗത്തു കൂടിയുള്ള വഴിയില്‍ ജനവാസമുള്ള പ്രദേശങ്ങളും ഗ്രാമീണ ജീവിതങ്ങളും കണ്ടു തുടങ്ങി. തുളഞ്ഞുകയറുന്ന കുളിരില്‍ ആദ്യം കണ്ട ഹോട്ടലില്‍നിന്നുതന്നെ ആവി പറക്കുന്ന ഭക്ഷണം ആര്‍ത്തിയോടെ കഴിച്ച ആശ്വാസത്തില്‍ വീണ്ടും യാത്ര തുടര്‍ന്നു.
ജമ്മുകശ്മിരിലെ കാര്‍ഗിലില്‍ പാകിസ്താന്‍ പട്ടാളം നുഴഞ്ഞുകയറിയ പ്രദേശമെല്ലാം ഇന്ത്യ തിരിച്ചുപിടിച്ച 'ഓപറേഷന്‍ വിജയ്' എന്നു പേരിട്ട 1999ലെ കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ 24ാം വാര്‍ഷികമാഘോഷിക്കുന്നതിന്റെ രണ്ട് മാസം മുമ്പാണ് ആ പോരാട്ടത്തിന്റെ ത്യാഗോജ്വലമായ ഓര്‍മകളുമായി ഞങ്ങളവിടെയെത്തുന്നത്.
ലഡാക്കിലേക്ക് ഇനിയും 250 കിലോമീറ്റര്‍ സഞ്ചരിക്കണം. വൈകിട്ട് ആറോടെ കാര്‍ഗിലിലെ ദ്രാസില്‍ ഒരു റൂമെടുത്ത് തണുത്തുറഞ്ഞ ആ രാത്രി കഴിച്ചുകൂട്ടി. രാവിലെ 6.45ന് ലേ ലഡാക്കിലേക്ക്. തികച്ചും വ്യത്യസ്തമായ കാഴ്ചകള്‍. ചെങ്കുത്തായ മലകളെ കീറിമുറിച്ച റോഡുകള്‍. ഒരു പുല്‍നാമ്പു പോലുമില്ലാത്ത ഭീമാകാരമായ പര്‍വതനിരകള്‍, പാറക്കെട്ടുകള്‍.... കുത്തനെയുള്ള മലമുകളിലേക്ക് വളഞ്ഞുപുളഞ്ഞു പോവുന്ന റോഡുകള്‍, എങ്ങും മൊട്ടക്കുന്നുകള്‍, മണല്‍ക്കൂനകള്‍, ചരല്‍ കൂമ്പാരങ്ങള്‍, ശീതക്കാറ്റും തണുപ്പും മാത്രം. മൊണാസ്റ്ററികള്‍, അമ്പലങ്ങള്‍, പള്ളികള്‍, മണ്‍കട്ടകള്‍ കൊണ്ടുണ്ടാക്കിയ ചെറുവീടുകള്‍... ലേയ്ക്കും കാര്‍ഗിലിനുമിടയില്‍ ഏറ്റവും ഉയരമുള്ള ചുരങ്ങളിലൊന്നായ തവിട്ടുനിറത്തിലുള്ള പര്‍വതം' നമകീല' അതിമനോഹരമായ കാഴ്ചകള്‍ പ്രദാനം ചെയ്യുന്നു. ചന്ദ്രസമാനമായ ഭൂപ്രകൃതിക്കും ആശ്രമത്തിനും പ്രശസ്തമായ ലാമയുരു ( മൂണ്‍ലാന്റ്) സഞ്ചാരികള ആകര്‍ഷിക്കുന്നു.
ലേ ലഡാക്കില്‍
ലേ ലഡാക്കെന്ന വിസ്മയഭൂമിയിലാണിപ്പോള്‍. ജമ്മു കശ്മിരില്‍നിന്ന് വേര്‍പ്പെടുത്തി കേന്ദ്രഭരണപ്രദേശമാക്കിയ ലഡാക്കിലേക്ക് മണാലിയില്‍ നിന്നും കെയ്‌ലോങ്ങില്‍ നിന്നുമുള്ള ബസില്‍ മണാലി ലേ ഹൈവേയില്‍ 464 കി.മീ യാത്ര ചെയ്ത് താങ് ലാങ്‌ലാ ചുരം വഴിയും ശ്രീനഗര്‍ ലേ പാതയിലൂടെ ദ്രാസ്, കാര്‍ഗില്‍ വഴി 434 കി.മീ താണ്ടി സോജി ലാ ചുരം വഴിയും ഇവിടെയെത്താം.
ഡല്‍ഹിയിലെ 44 ഡിഗ്രിയില്‍നിന്നു 3 ഡിഗ്രിയിലേക്ക്. പിറ്റേന്നു രാവിലെ ലേയിലെ മഞ്ഞു മൂടിയ കൊടുമുടികളും താഴ്‌വരകളും സമ്മാനിക്കുന്ന ദൃശ്യമനോഹര കാഴ്ചകളിലേക്ക്. നുബ്ര താഴ്‌വര, കാര്‍ദ്ദ്യംഗല, തുര്‍തുക്, പാങ് ഗോങ് തടാകം തുടങ്ങിയവയിലേക്കുള്ള പ്രവേശനത്തിന് ഇന്നര്‍ലൈന്‍ പെര്‍മിറ്റ് കൂടിയേ തീരൂ.
കാര്‍ഗില്‍ രക്തസാക്ഷികളുടെ ദീപ്തസ്മരണകള്‍ മായാതെ കാത്തുവയ്ക്കുന്ന 'ഹാള്‍ ഓഫ് ഫെയിം' സ്മാരകമാണ് ആദ്യം സന്ദര്‍ശിച്ചത്. ഇരുനിലകളില്‍ തീര്‍ത്തിരിക്കുന്ന ഈ സ്മാരകത്തില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ പട്ടാളം ഉപയോഗിച്ച യുദ്ധോപകരണങ്ങള്‍, ആയുധങ്ങള്‍, വാഹനങ്ങള്‍, ഹെലികോപ്റ്ററുകളുടെ മോഡലുകള്‍, യുദ്ധഭൂമിയുടെ ചിത്രങ്ങള്‍ എല്ലാം വളരെ ചിട്ടയായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഏറ്റവും തണുപ്പേറിയ പര്‍വത മേഖലകളില്‍ (സിയാച്ചിന്‍) മാതൃരാജ്യത്തിന്റെ സുരക്ഷയ്ക്കായി കാവല്‍ നില്‍ക്കുന്ന സൈനികര്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളും ആയുധങ്ങളും ടെന്റുകളും മറ്റു സാധന സാമഗ്രികളും ഭംഗി ആയി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. സിന്ധു നദിയിലെ തെളിഞ്ഞ നീല നിറമുള്ള വെള്ളവും, സാന്‍സ്റ്റാര്‍ നദിയിലെ ചെളി കലങ്ങിയ വെള്ളവും കൂടിക്കലര്‍ന്നൊഴുകുന്ന സംഗമ ദൃശ്യം നയനാനന്ദകരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."