ഒഡിഷയില്‍ വൃദ്ധയുടെ മൃതദേഹം ഒടിച്ചുകെട്ടി മുളയിലേറ്റി കൊണ്ടുപോയി
ബാലസോര്‍: ആംബുലന്‍സിന് വാടക നല്കാന് പണമില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹം കിലോമീറ്ററുകളോളം ചുമലിലേറ്റിനടന്ന ഗ്രാമീണന്റെ കഥന കഥയ്ക്കു പിന്നാലെ ഒഡിഷയില്‍ നിന്നും മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്തകൂടി പുറത്തുവന്നു. ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് ചുമന്നുകൊണ്ടുപോകുന്നതിനുള്ള സൗകര്യത്തിനായി വൃദ്ധയുടെ മൃതദേഹം ചവിട്ടി ഒടിച്ച് മടക്കിക്കെട്ടി മുളയിലേറ്റി കൊണ്ടുപോയതാണ് വാര്‍ത്ത.
ബാലസോര്‍ ജില്ലയിലാണ് സംഭവം.സോറോ ടൗണിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ മരിച്ച സലാമണി ബാരിക് എന്ന വൃദ്ധയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി നഗരത്തിലെത്തിക്കുന്നതിന് ആംബുലന്‍സ് സേവനം ലഭിച്ചില്ല.
തുടര്‍ന്ന് മൃതദേഹം ട്രെയിനില്‍ നഗരത്തിലെത്തിക്കാന്‍ പൊലിസ് നിര്‍ദേശിക്കുകയായിരുന്നു. മൃതദേഹം റെയില്‍വേ സ്റ്റേഷനിലെത്തിക്കാനുള്ള സൗകര്യത്തിനായി ആശുപത്രിയിലെ ശുചീകരണ തൊഴിലാളികള്‍ രണ്ടായി ഒടിച്ച് പൊതിഞ്ഞുകെട്ടി കൊണ്ടുപോവുകയായിരുന്നു.
സംഭവം കണ്ണീരോടെ നോക്കി നില്‍ക്കാനേ സലാമണിയുടെ മകന് രബീന്ദ്രബാരിക്കിന് കഴിഞ്ഞുള്ളു. അധികൃതരോട് സഹായം അഭ്യര്‍ഥിച്ചിട്ടും കാര്യമുണ്ടായില്ലെന്ന് അയാള്‍ പറഞ്ഞു.
രണ്ടു കിലോമീറ്റര്‍ അപ്പുറത്തുള്ള സ്റ്റേഷനിലേയ്ക്ക് മുളയില്‍ കെട്ടിയ മൃതദേഹം കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്.
മൃതദേഹത്തോട് ഇത്തരത്തില്‍ അനാദരവ് കാണിച്ച് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച സംഭവത്തില്‍ ഒഡിഷ മനുഷ്യാവകാശ കമ്മിഷന് റെയില്‍വേ പൊലിസിനോട് വിശദീകരണം ആരാഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."