നെടുമങ്ങാട്ട് വീണ്ടും മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല; പി.എസ് പ്രശാന്തിന്റെ ആരോപണത്തിന് മറുപടിയുമായി പാലോട് രവി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന കെ.പി.സി.സി മുന്‍ സെക്രട്ടറി പി.എസ്. പ്രശാന്തിന്റെ ആരോപണത്തിന് മറുപടിയുമായി പാലോട് രവി. നെടുമങ്ങാട്ട് വീണ്ടും മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും പ്രശാന്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഉദ്ഘാടനം ചെയ്തത് താനാണെന്നും പാലോട് രവി പറഞ്ഞു. തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റായി തെരഞ്ഞെടുത്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നെടുമങ്ങാട്ട് വീണ്ടും മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. പ്രശാന്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത് ഞാനാണ്. കടകളില്‍ കയറിയുള്ള പ്രചാരണത്തിന് ഞാനും ഒപ്പം പോയിരുന്നു. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍, മണ്ഡലം കണ്‍വെന്‍ഷനുകള്‍ എന്നിവയെല്ലാം ഉദ്ഘാടനം ചെയ്തു. ഇതിനിടയിലാണ് മീഡിയ കമ്മിറ്റിയുടെ ചെയര്‍മാനായി കെ.പി.സി.സിയില്‍നിന്ന് അറിയിപ്പ് വന്നത്. ഡല്‍ഹിയില്‍നിന്ന് വരുന്ന നേതാക്കളെ സ്വീകരിക്കേണ്ട ചുമതലയും നല്കി.
കേരളത്തില്‍ പ്രചാരണത്തിനെത്തിയ ദേശീയ നേതാവ് മനീഷ് തിവാരിയെ ആദ്യം കൊണ്ടുപോയത് നെടുമങ്ങാട്ടേക്കാണ്. ഉമ്മന്‍ ചാണ്ടിയെ രണ്ട് തവണ അവിടേക്ക് കൊണ്ടുവന്നു. 2016ലെ തെരഞ്ഞെടുപ്പില്‍ ഞാന്‍ തോറ്റ സമയത്ത് 54,000 വോട്ട് എനിക്ക് കിട്ടിയിരുന്നു. ഇത്തവണ പ്രശാന്തിന് ഏകദേശം 50,000 വോട്ട് കിട്ടി. 2016ല്‍ ബി.ജെ.പി 36,000 വോട്ട് പിടിച്ചു. 2021ലത് 25,000 വോട്ടായി കുറഞ്ഞു പാലോട് രവി പറഞ്ഞു.
നെടുമങ്ങാട്ടെ തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് പാലോട് രവിക്കെതിരെ നടപടി വേണമെന്നായിരുന്നു പി.എസ്. പ്രശാന്ത് ആവശ്യപ്പെട്ടത്. തന്നെ തോല്‍പ്പിക്കാന്‍ പാലോട് രവി രഹസ്യയോഗം ചേര്‍ന്നിരുന്നുവെന്നും ഇക്കാര്യം അന്വേഷണസമിതിക്ക് മുന്‍പാകെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."