ഗസ്സയില്‍ വീണ്ടും പള്ളി ആക്രമിച്ച് ഇസ്‌റാഈല്‍; അല്‍ അന്‍സാര്‍ മസ്ജിദ് ബോംബിട്ട് തകര്‍ത്തു
ഗസ്സ: ഫലസ്തീനില്‍ ആരാധനാലയങ്ങളെ ഇസ്‌റാഈല്‍ ലക്ഷ്യംവയ്ക്കുന്നത് തുടരുന്നു. ഏറ്റവും ഒടുവിലായി ജെനിന്‍ അഭയാര്‍ഥി ക്യാംപിലെ അല്‍ അന്‍സാര്‍ മസ്ജിദാണ് സയണിസ്റ്റ് സൈന്യം ആക്രമിച്ചത്. ഇന്ന് പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചതായാണ് കണക്ക്. ഏതാനും പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തില്‍ പള്ളിയുടെ ഒരുഭാഗം പൂര്‍ണമായും തകര്‍ന്നു. പള്ളിക്കുള്ളില്‍ ഹമാസ്, ഇസ്ലാമിക് ജിഹാദ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നുവെന്നാണ് ഇസ്‌റാഈല്‍ ആരോപണം. തകര്‍ന്ന പള്ളിയുടെ അവശിഷ്ടങ്ങളും സ്ഥലത്തേക്ക് മൊഡിക്കല്‍ സംഘം വരുന്നതിന്റെയും വിഡിയോകള്‍ സമൂഹമാധ്യമങ്ങളിലുണ്ട്.
നേരത്തെ ഗസ്സയിലെ മസ്ജിദുല്‍ ഉമറുല്‍ കബീറും ഓര്‍ത്തഡോക്‌സ് ചര്‍ച്ചും ഇസ്‌റാഈല്‍ തകര്‍ത്തിരുന്നു. ഇതിനെതിരായ പ്രതിഷേധം കെട്ടടങ്ങും മുമ്പാണ് വീണ്ടും പള്ളി ബോംബിട്ട് തകര്‍ത്തത്.
അതേസമയം, രണ്ടാഴ്ച പിന്നിട്ട ഇസ്‌റാഈല്‍ വ്യോമാക്രമണങ്ങളില്‍ തകര്‍ന്ന ഗസ്സയ്ക്ക് ഭക്ഷണവും മരുന്നും വെള്ളവും ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളെത്തിക്കുന്നതിനായി റഫ അതിര്‍ത്തി തുറന്നു. ചുറ്റുമതില്‍കെട്ടി ഇസ്‌റാഈല്‍ കൊട്ടിയടച്ച ഗസ്സയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഈജിപ്ഷ്യന്‍ അതിര്‍ത്തിയിലെ റഫ ഗേറ്റ് ഇന്നലെ രാവിലെയാണ് തുറന്നത്. ആദ്യമണിക്കൂറില്‍ തന്നെ 20 ട്രക്കുകള്‍ ഗസ്സയിലെത്തി. മരുന്നും ഭക്ഷണവും മാത്രമാണ് എത്തിയതെന്നും ഇന്ധനം കൊണ്ടുവരാന്‍ ഇസ്‌റാഈല്‍ അനുവദിച്ചിട്ടില്ലെന്നും യു.എന്‍ വൃത്തങ്ങള്‍ അറിയിച്ചു.
ആവശ്യമുള്ളതിന്റെ മൂന്നുശതമാനം മരുന്നുകള്‍ മാത്രമാണ് എത്തിയത്. ഒരു ബക്കറ്റില്‍ ഒരിറ്റ് വള്ളം വീഴുന്നത്ര തുലോം മരുന്നാണ് എത്തിയതെന്നാണ് ഫലസ്തീനില്‍ മാനുഷികസഹായങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന യു.എന്‍ കോര്‍ഡിനേറ്റര്‍ ലിന്‍ ഹാസ്റ്റിങ് പറഞ്ഞത്. കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന ഗസ്സയിലെ 23 ലക്ഷംവരുന്ന ജനങ്ങള്‍ക്ക് ആകെ എത്തിയത് 44,000 വെള്ളക്കുപ്പികള്‍ മാത്രമാണ്.
രാജ്യാന്തരതലത്തില്‍ പ്രതിഷേധം ഉയരുമ്പോഴും ഇസ്‌റാഈല്‍ കനത്ത വ്യോമാക്രമണം തുടരുകയാണ്.
ആക്രമണം ഭയന്ന് ആശുപത്രികളിലും സ്‌കൂളുകളിലും അഭയം തേടിയ ഫലസ്തീനികളുടെ വീടുകളും താമസകേന്ദ്രങ്ങളും സയണിസ്റ്റ് സൈന്യം വ്യാപകമായി ലക്ഷ്യംവച്ചുകൊണ്ടിരിക്കുകയാണ്. ജബലിയയിലും റഫയിലും രാവിലെയുണ്ടായ കനത്ത ആക്രമണങ്ങളില്‍ 14 വീതം പേര്‍ മരിച്ചു. കിഴക്കന്‍ ഗസ്സയിലെ ബുറൈജ് അഭയാര്‍ഥി ക്യാംപിന് നേര്‍ക്കുണ്ടായ ആക്രമണത്തിലും ഒരുഡസനിലധികം പേര്‍ കൊല്ലപ്പെട്ടു. 24 മണിക്കൂറിനുള്ളില്‍ 53 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.
ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 4,469 ആയി. 14,000 ലധികം പേര്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടതില്‍ 1,756 കുട്ടികളും 967 സ്ത്രീകളും ഉള്‍പ്പെടും. ഇതാകട്ടെ മൊത്തം കൊല്ലപ്പെട്ടവരുടെ 70 ശതമാനം വരും. ഇസ്‌റാഈലില്‍ ആകെ കൊല്ലപ്പെട്ട് 307 സൈനികരും 57 പൊലിസ് ഉദ്യോഗസ്ഥരും അടക്കം 1,405 പേരാണ്. 4,500 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."