ആം ആദ്മി പാർട്ടിയെ രക്ഷിക്കുമോ മാലിന്യപ്രശ്നം
ഡൽഹി നോട്സ്
കെ.എ സലിം
ഡൽഹി കോർപറേഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഡിസംബർ നാലിനാണ് വോട്ടെടുപ്പ്. ഡിസംബർ ഒന്നിനും അഞ്ചിനുമായി നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെയാണ് ഡൽഹി തെരഞ്ഞെടുപ്പും. തെരഞ്ഞെടുപ്പ് കമ്മിഷൻ സ്വതന്ത്ര സംവിധാനമാണെന്ന സർക്കാർ വായ്ത്താരി അവിടെ നിൽക്കട്ടെ. ഭരിക്കുന്ന ബി.ജെ.പിയുടെ താൽപര്യത്തിനനുസരിച്ചല്ലാതെ രാജ്യത്ത് ഒന്നും നടക്കാറില്ല. കഴിഞ്ഞ മാർച്ചിൽ നടക്കേണ്ട തെരഞ്ഞെടുപ്പാണ് വലിച്ചു നീട്ടി ഗുജറാത്ത് തെരഞ്ഞെടുപ്പിനൊപ്പമെത്തിച്ചത്. ഡൽഹി മുൻസിപ്പൽ കോർപറേഷൻ ആക്ടിലെ 2(67) വകുപ്പനുസരിച്ച് കോർപറേഷൻ ഭരണ വർഷം ആരംഭിക്കേണ്ടത് ഏപ്രിലിലാണ്. ഈ സമയത്താണ് സൗത്ത്, നോർത്ത്, ഈസ്റ്റ് ഡൽഹി കോർപറേഷനുകളെ ഒരുമിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. പിന്നീട് പാർലമെന്റിൽ ഇതിനുള്ള നിയമം പാസാക്കി. വാർഡ് പുനഃക്രമീകരണ നടപടികളും പൂർത്തിയാക്കി. അങ്ങനെയാണ് തെരഞ്ഞെടുപ്പ് വൈകിയതെന്നാണ് ന്യായം. കോർപറേഷനുകളെ ഒന്നിപ്പിച്ച ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയത് ഏപ്രിൽ 20നാണ്. വാർഡ് പുനഃക്രമീകരണമൊക്കെ നേരത്തെ പൂർത്തിയാക്കാവുന്നതായിരുന്നു.
ഗുജറാത്തിൽ ബി.ജെ.പിയെ വെല്ലുവിളിക്കുന്ന ആം ആദ്മി പാർട്ടി നേതാക്കളെ ഡൽഹിയിൽ തളച്ചിടാൻ ഒരേ സമയത്തുള്ള തെരഞ്ഞെടുപ്പിലൂടെ കഴിയും. നേതൃദാരിദ്ര്യം ആംആദ്മി പാർട്ടിയുടെ വലിയ പോരായ്മയാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രി സിസോദിയയും കഴിഞ്ഞാൽ മുന്നോട്ടുവയ്ക്കാൻ എണ്ണം പറഞ്ഞ നേതാക്കളില്ല. ഗുജറാത്തിൽ പറയത്തക്ക നേതാക്കളൊന്നുമായിട്ടുമില്ല. പ്രചാരണം നയിക്കാൻ ഡൽഹിയിൽ നിന്ന് കെജ്‌രിവാൾ വരണം. അദ്ദേഹത്തിന് ഡൽഹിയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവന്നാൽ ഗുജറാത്തിൽ ബി.ജെ.പിക്ക് ആം ആദ്മി ഉയർത്തുന്ന ഭീഷണി കാറ്റൊഴിഞ്ഞ ബലൂൺ പോലെയാവും. മന്ത്രിമാർ അഴിമതി ആരോപണം നേരിടുന്നതും ഇ.ഡി റെയ്ഡുമെല്ലാമായി കേന്ദ്രത്തിന്റെ ശല്യം നേരിടുന്ന ആം ആദ്മി പാർട്ടിക്ക് കോർപറേഷൻ തെരഞ്ഞെടുപ്പ് മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പാണ്. സത്യേന്ദ്ര ജയ്ൻ ജയിലിലായതും സിസോദിയ കേസിലായതുമെല്ലാം ഡൽഹിയിലെ ജനം എങ്ങനെ കാണുന്നുവെന്ന് ഇതിലറിയം. ജനം ആർക്ക് വോട്ടു ചെയ്യുന്നെന്നറിയാൻ രാജ്യം മുഴുവനും കാത്തിരിപ്പുണ്ട്.
2015ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ ആം ആദ്മി പാർട്ടി 2017ലെ കോർപറേഷൻ തെരഞ്ഞെടുപ്പിലും വിജയം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ജയിച്ചത് ബി.ജെ.പിയാണ്. നോർത്ത് ഡൽഹിയിലെ 104 സീറ്റിൽ 64 എണ്ണവും ബി.ജെ.പി നേടിയപ്പോൾ സൗത്ത് ഡൽഹിയിൽ 70 സീറ്റും നേടി. ഈസ്റ്റ് ഡൽഹിയിൽ 64ൽ 47 സീറ്റാണ് ബി.ജെ.പി നേടിയത്. കഴിഞ്ഞ 15 വർഷമായി ബി.ജെ.പിയാണു കോർപറേഷൻ ഭരിക്കുന്നത്. ഇക്കുറിയും വിജയം ആവർത്തിക്കേണ്ട ബാധ്യത ബി.ജെ.പിക്കുണ്ട്. 2007ൽ ഏകീകൃത ഡൽഹി കോർപറേഷനായിരുന്ന കാലത്താണ് ബി.ജെ.പി ആദ്യം അധികാരത്തിലെത്തുന്നത്. 2012ൽ കോർപറേഷനുകളുടെ എണ്ണം മൂന്നാക്കിയ ശേഷം നടന്ന തെരഞ്ഞെടുപ്പിലും ബി.ജെ.പിയെ തെരഞ്ഞെടുക്കുന്ന പതിവിന് മാറ്റമൊന്നുമുണ്ടായില്ല.
പഞ്ചാബിലും അധികാരം പിടിച്ച ആം ആദ്മി പാർട്ടി കോർപറേഷൻ ഭരണംകൂടി പിടിക്കാനാവുമെന്ന ആത്മവിശ്വാസത്തിലായിരുന്നു. തെരഞ്ഞെടുപ്പ് നടത്താൻ കെജ്‌രിവാൾ ബി.ജെ.പിയെ വെല്ലുവിളിക്കുക കൂടി ചെയ്തു. എന്നാൽ ഇപ്പോൾ കാര്യങ്ങളൽപ്പം മാറി. അഴിമതിക്കേസിൽ ആരോഗ്യമന്ത്രി സത്യേന്ദ്ര ജയ്ൻ ജയിലിലായി. മദ്യനയം കുംഭകോണക്കേസിൽ മനീഷ് സിസോദിയ പ്രതിയാണ്. വഖ്ഫ് അഴിമതിക്കേസിൽ എം.എൽ.എ അമാനത്തുല്ലാ ഖാൻ അറസ്റ്റിലായി. ഇ.ഡി റെയ്ഡ് ഇടയ്ക്കിടെ നടക്കുന്നു. ജനങ്ങളോട് വിശദീകരിച്ച് തളർന്നിരിക്കുകയാണ് പാർട്ടി. ഇതിനിടയിലാണ് കോർപറേഷൻ തെരഞ്ഞെടുപ്പ് ഗുജറാത്ത് തെരഞ്ഞെടുപ്പിനൊപ്പം നടത്തി ബി.ജെ.പി മറ്റൊരു ചെക്കുകൂടിവച്ചിരിക്കുന്നത്. ഈ പോരാട്ടത്തിനിടയിൽ കരുത്തുകാട്ടേണ്ട ചുമതല മാത്രമുള്ള കോൺഗ്രസും ഒരു വശത്തുണ്ട്.
മൂന്ന് കോർപറേഷനുകളിലായി 272 സീറ്റുകളുണ്ടായിരുന്നത് ഏകീകരണവും പൂനഃക്രമീകരണവും കൂടി വന്നതോടെ 250 ആയി ചുരുങ്ങി. ഓരോ വാർഡിലും ശരാശരി ജനസംഖ്യ 60,000 ആയിരുന്നത് 65,000 ആയി ഉയർന്നു. പട്ടികജാതി വിഭാഗത്തിനു 42 സീറ്റുകളാണു മാറ്റിവച്ചിരിക്കുന്നത്. അതിൽ 21 എണ്ണം വനിതകൾക്കാണ്. സംവരണം ഒഴിച്ചുള്ള 208 സീറ്റിൽ 104 സീറ്റുകളും സ്ത്രീകൾക്കുവേണ്ടി സംവരണം ചെയ്തിട്ടുണ്ട്. ഫലത്തിൽ 250ൽ പകുതി സീറ്റും വനിതാ സംവരണമാണ്. 1.46 കോടിയാണ് ആകെ വോട്ടർമാർ. വർഗീയത സമീപകാല ഡൽഹി തെരഞ്ഞെടുപ്പുകളെ കാര്യമായി സ്വാധീനിച്ചിട്ടില്ല. നഗര മധ്യവർഗത്തിന്റെ ആശങ്കകളെ അഭിമുഖീകരിക്കാൻ തയാറായാൽ ജയിക്കാം. അത് നേരത്തെ മനസ്സിലാക്കിയാണ് ആം ആദ്മി പാർട്ടി 2015ൽ അധികാരം പിടിച്ചത്. മാലിന്യവും വായു മലിനീകരണവുമെല്ലാമാണ് പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങൾ. ആം ആദ്മി പാർട്ടിയും പ്രതീക്ഷവയ്ക്കുന്നത് ഇതിലാണ്.
ബി.ജെ.പി ഡൽഹിയെ മാലിന്യ മലകളാക്കിയെന്നും കഴിഞ്ഞ 15 വർഷം അധികാരത്തിലിരുന്നിട്ടും മാലിന്യപ്രശ്‌നം പരിഹരിക്കാൻ ബി.ജെ.പി ഒന്നും ചെയ്തില്ലെന്നുമാണ് ആം ആദ്മി പാർട്ടി ആരോപണം. ഇതിൽ വസ്തുതയുമുണ്ട്. ഡൽഹിയിൽ മാലിന്യം നിക്ഷേപിക്കുന്ന മൂന്നിടങ്ങളിലും മാലിന്യത്തിന്റെ വലിയ മലകൾ രൂപപ്പെട്ടിട്ടുണ്ട്. ഇതിൽ ഗാസിപൂരിലെ മാലിന്യമലയ്ക്ക് ഖുതുബ് മിനാറിന്റെ അതേ ഉയരമുണ്ട്. അഴുക്കുചാൽ സംവിധാനത്തിന്റെ പോരായ്മ മൂലമുണ്ടാകുന്ന വെള്ളക്കെട്ടാണ് മറ്റൊന്ന്. ഒരു മഴ പെയ്താൽ ഡൽഹിയിൽ വെള്ളം നിറയും. അതോടൊപ്പം തെരുവിലെ മാലിന്യം കൂടിയാകുമ്പോൾ ദുരിതമാണ്. വിവിധ ലൈസൻസുകൾക്കുള്ള ഫീസ് ഉയർത്തിയതും വസ്തു നികുതി കൂട്ടിയതുമാണ് മറ്റൊരു തെരഞ്ഞെടുപ്പ് വിഷയം. കുടിശ്ശിക വരുത്തിയവർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് രോഷം തണുപ്പിക്കാൻ ബി.ജെ.പി ഇടയ്‌ക്ക് ശ്രമം നടത്തിയിരുന്നു.
കഴിഞ്ഞ കോർപറേഷനിൽ അംഗങ്ങളായിരുന്ന 60 ശതമാനം പേരെയെങ്കിലും മാറ്റിനിർത്താനാണ് ബി.ജെ.പി ആലോചിക്കുന്നത്. പട്ടിക ജാതി, വനിതാ സീറ്റുകളുടെ എണ്ണം വർധിച്ചു. പഴയ ആളുകൾക്ക് സീറ്റ് നൽകാതിരിക്കാൻ ഇതും കാരണമാണ്. ഡൽഹിയിൽ ശൈത്യം തുടങ്ങിയിട്ടുണ്ട്. ഡിസംബർ അടുക്കുമ്പോഴേക്കും അത് കടുക്കും. ഇതിനിടയിലാണ് ത്രികോണ പോരാട്ടം നഗരത്തിലാകെ ചൂട് പടർത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."