തൊണ്ടിമ്മല്‍ ജലനിധി കുടിവെള്ള പദ്ധതി താളംതെറ്റുന്നു പദ്ധതിയെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ നാളെ ഗുണഭോക്താക്കളുടെ യോഗം
തിരുവമ്പാടി: നൂറോളം കുടുംബങ്ങളുടെ ആശ്രയമായ തൊണ്ടിമ്മല്‍ ജലനിധി കുടിവെള്ള പദ്ധതി കടുത്ത പ്രതിസന്ധിയില്‍. വൈദ്യുതബില്‍ അടക്കാനുള്ള പണം പോലും കണ്ടെത്താനാകാതെ വലയുകയാണു ഗുണഭോക്തൃ കമ്മിറ്റി. ഏതുസമയത്തും ജലവിതരണം മുടങ്ങാവുന്ന അവസ്ഥയാണുള്ളത്. തിരുവമ്പാടി പഞ്ചായത്തിലെ 11-ാം വാര്‍ഡിന്റെ ഏതാണ്ട് എല്ലാ ഭാഗത്തും വ്യാപിച്ചു കിടക്കുന്നതാണ് ഈ പദ്ധതി.
പദ്ധതി പ്രദേശത്തു വരുന്ന പകുതിയോളം കുടുംബങ്ങള്‍ക്കു നിലവില്‍ കൃത്യമായി കുടിവെള്ളം ലഭിക്കുന്നില്ല. ഈ കാരണം പറഞ്ഞു പലരും പണമടക്കുന്നതും നിര്‍ത്തിയിട്ടുണ്ട്. 80 രൂപ മാത്രമാണ് ഒരുമാസം വെള്ളക്കരമായി നല്‍കേണ്ടത്. അങ്ങനെ വരുമ്പോള്‍ കഷ്ടിച്ച് 4,000 രൂപയാണ് ഒരുമാസം കമ്മിറ്റിക്കു ലഭിക്കുന്നത്. എന്നാല്‍, വൈദ്യുതി ബില്‍ പലപ്പോഴും അയ്യായിരത്തിനു മുകളിലാണ്. അറ്റകുറ്റപ്പണികളും ഓപറേറ്ററുടെ കൂലിയും ഉള്‍പ്പെടെയുള്ള മറ്റു ചെലവുകള്‍ക്കും പണം കണ്ടെത്തേണ്ടതുണ്ട്. കമ്മിറ്റി ഭാരവാഹികളുടെ കൈയില്‍ നിന്നു പണമെടുത്താണ് ഇപ്പോള്‍ പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്.
ചില ഉപഭോക്താക്കള്‍ ആവശ്യത്തിലധികം വെള്ളമെടുക്കുന്നതാണ് എല്ലായിടത്തും വെള്ളമെത്താത്തതിനു കാരണമെന്ന് കമ്മിറ്റി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വാട്ടര്‍ മീറ്റര്‍ ഇല്ലാത്തതാണു വെള്ളം ദുരുപയോഗം ചെയ്യാന്‍ കാരണം. വാട്ടര്‍ മീറ്റര്‍ ഘടിപ്പിക്കേണ്ടതു ഗുണഭോക്താക്കളാണ്. എന്നാല്‍ പലരും ഇതിനു തയാറാകുന്നില്ല. കമ്മിറ്റി നേരിട്ട് അന്‍പതോളം മീറ്ററുകള്‍ ഘടിപ്പിച്ചെങ്കിലും ഇതിന്റെ പണം പലരും തിരിച്ചു നല്‍കിയിട്ടില്ല.
2003ല്‍ തുടങ്ങിയ പദ്ധതിയുടെ പൈപ്പുകള്‍ ദ്രവിച്ചുതുടങ്ങിയതിനാല്‍ പല സ്ഥലങ്ങളിലും പൈപ്പ് പൊട്ടുന്ന അവസ്ഥയുണ്ട്. ദ്രവിച്ച പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നതിനായി ലക്ഷങ്ങള്‍ മുടക്കേണ്ടതായും വരും. രണ്ടുവര്‍ഷം മുന്‍പ് മോട്ടോര്‍ കമ്മിറ്റി മാറ്റിസ്ഥാപിച്ചിരുന്നു. ഇതിന്റെ ബാധ്യത ഇനിയും തീര്‍ന്നിട്ടില്ല. വൈദ്യുതിയിനത്തില്‍ ലഭിച്ചിരുന്ന സബ്‌സിഡി മുന്‍കാല പ്രാബല്യത്തോടെ പിന്‍വലിച്ചതും മറ്റൊരു തിരിച്ചടിയായി. മുന്‍പു ലഭിച്ച സബ്‌സിഡി ഇപ്പോള്‍ തിരിച്ചടച്ചുകൊണ്ടിരിക്കുകയാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നോ എം.എല്‍.എ ഫണ്ടില്‍ നിന്നോ സഹായം ലഭ്യമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. ഈ അവസ്ഥ തുടര്‍ന്നാല്‍ അടുത്ത വേനലാകുമ്പോഴേക്കും കുടിവെള്ളം ലഭിക്കാത്ത അവസ്ഥയുണ്ടാകും. എല്ലാ ഗുണഭോക്താക്കളും മീറ്റര്‍ വാങ്ങി ഘടിപ്പിക്കുകയും കൃത്യമായി പണമടക്കുകയും ചെയ്താല്‍ പകുതി പ്രശ്‌നം പരിഹരിക്കാനാകുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു.
പദ്ധതി വിഭജിക്കുകയാണു ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പോംവഴി. ഇപ്പോള്‍ വെള്ളം ലഭിക്കാത്ത ചോലയില്‍, ഇരുന്നക്കുഴി ഭാഗങ്ങളില്‍ ചെറിയ കുടിവെള്ള പദ്ധതികള്‍ തുടങ്ങാനാകും. നിലവിലുള്ള പൈപ്പ്‌ലൈന്‍ തന്നെ ഇതിനു പ്രയോജനപ്പെടുത്താവുന്നതാണ്. പദ്ധതിയുടെ ഭാവിയെക്കുറിച്ച് ആലോചിക്കാന്‍ നാളെ വൈകിട്ടു നാലിന് തൊണ്ടിമ്മല്‍ സ്‌കൂളില്‍ ഗുണഭോക്താക്കളുടെ യോഗം വിളിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."