യു.എസ് നടത്തിയത് ഡ്രോണ്‍ ആക്രമണം; കൊല്ലപ്പെട്ടത് കുട്ടികളുള്‍പ്പെടെ 10 പേര്‍
കാബൂള്‍: ഐ.എസ്-കെ ഭീകരരെ ലക്ഷ്യമിട്ട് കഴിഞ്ഞദിവസം യു.എസ് സേന കാബൂളില്‍ നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് കഴിഞ്ഞ ദിവസം 6 കുട്ടികളുള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരണം. കൊല്ലപ്പെട്ടവര്‍ ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്.
വിമാനത്താവളത്തിലേക്കു പോകാനായി ഇവര്‍ കാറില്‍ വന്നിറങ്ങുമ്പോള്‍ സമീപത്തെ വാഹനത്തില്‍ മിസൈല്‍ പതിക്കുകയായിരുന്നുവെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം വിമാനത്താവളം ലക്ഷ്യമിട്ടെത്തിയ ചാവേറുകളുടെ കാര്‍ ആക്രമണത്തില്‍ തകര്‍ത്തതായി അവകാശപ്പെട്ട യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് നിരപരാധികള്‍ കൊല്ലപ്പെട്ടതില്‍ ഖേദം പ്രകടിപ്പിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും അവര്‍ അറിയിച്ചു.
ഇത് രണ്ടാം തവണയാണ് ഐ.എസിനെ ലക്ഷ്യമിട്ട് യു.എസ് ആക്രമണമുണ്ടാകുന്നത്. ആദ്യ ആക്രമണത്തില്‍ ഐ.എസ്-കെ ആക്രമണം ആസൂത്രണം ചെയ്തയാളെയും സഹായിയെയും വധിച്ചതായി യു.എസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സമീപത്തുണ്ടായിരുന്ന ഒരു കുട്ടിക്കും രണ്ടു സ്ത്രീകള്‍ക്കും പരുക്കേറ്റിരുന്നു.
അതേസമയം കാബൂള്‍ വിമാനത്താവളത്തിനു സമീപം നിര്‍ത്തിയിട്ട വാഹനത്തില്‍ സ്‌ഫോടകവസ്തു ശേഖരമുണ്ടായിരുന്നുവെന്നാണ് മനസിലാകുന്നതെന്ന് യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. റെസിഡന്‍ഷ്യല്‍ കോംപൗണ്ടിലായിരുന്നു വാഹനം നിര്‍ത്തിയിട്ടിരുന്നത്. സ്‌ഫോടനത്തെ തുടര്‍ന്ന് സമീപത്തെ കെട്ടിടത്തില്‍ നിന്നും പുക ഉയര്‍ന്നിരുന്നു. ഡ്രോണില്‍ നിന്നു പാഞ്ഞ മിസൈല്‍ വാഹനത്തില്‍ പതിക്കുകയും സ്‌ഫോടക വസ്തുക്കള്‍ ഉള്‍പ്പെടെ പൊട്ടിത്തെറിക്കുകയും ചെയ്തപ്പോഴാണ് കെട്ടിടം തകര്‍ന്നതെന്ന് കരുതുന്നതായും പെന്റഗണ്‍ വക്താവ് പറയുന്നു.
ജനവാസകേന്ദ്രത്തിലെ കെട്ടിടത്തിനു നേരേ റോക്കറ്റ് ആക്രമണം നടന്നെന്നായിരുന്നു ഞായറാഴ്ച രാത്രി വൈകിയും പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. കെട്ടിടത്തിനു നേരേ നടന്ന ആക്രമണവും ചാവേറുകളുടെ കാറിനു നേരേയുണ്ടായ ആക്രമണവും രണ്ടാണെന്നായിരുന്നു അഫ്ഗാന്‍ പൊലിസിനെ ഉദ്ധരിച്ച് താലിബാനും പറഞ്ഞിരുന്നത്.
എന്നാല്‍ യു.എസ് ആക്രമണത്തിലാണ് കുട്ടികളുള്‍പ്പെടെ നിരവധി പേര്‍ മരിച്ചതെന്ന് ഇന്നലെ താലിബാന്‍ സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."