ഇന്ത്യയുമായി ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നതായി താലിബാന്
ദോഹ: ഇന്ത്യയുമായുള്ള ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നതായി മുതിര്‍ന്ന താലിബാന് നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായി. ഇന്ത്യ ഉള്‍പ്പെടെ എല്ലാ അയല്‍രാജ്യങ്ങളുമായും മികച്ച സാംസ്കാരിക-സാമ്പത്തിക ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ മന്ത്രിയാകാന്‍ സാധ്യതയുള്ള സ്റ്റാനിക്സായി വ്യക്തമാക്കി.
യു.എസ് സേന പിന്മാറുന്നതോടെ അമേരിക്കയോടും നാറ്റോ രാജ്യങ്ങളോടുമുള്പ്പെടെ മികച്ച ബന്ധമുണ്ടാക്കും. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തര്‍ക്കം ചൂണ്ടിക്കാട്ടിയ അദ്ദേഹം അവരുടെ ആഭ്യന്തര യുദ്ധത്തിന് അഫ്ഗാന് മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നു വ്യക്തമാക്കി. ഒരു രാജ്യത്തെയും മറ്റു രാജ്യങ്ങള്‍ക്കെതിരായ പോരാട്ടത്തിന് അഫ്ഗാന് ഭൂമി ഉപയോഗിക്കാന്‍ അനുവദിക്കില്ല. അഫ്ഗാനിലുള്ള ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും രാജ്യത്ത് സമാധാനത്തോടെ കഴിയാം. അവരെ ആരും ഉപദ്രവിക്കില്ല. 20 വര്‍ഷം മുമ്പ് ഇന്ത്യയിലേക്കു കുടിയേറിയ ഹിന്ദുക്കളും സിഖുകാരും ഉടന്‍ അഫ്ഗാനിലേക്കു തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്റ്റാനിക്സായി പറഞ്ഞു.
ഇന്ത്യ അഫ്ഗാനില്‍ നടത്തുന്ന വികസന പദ്ധതികള്‍ തുടരണമെന്നും പാതിവഴിയിലുള്ളവ പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നതെന്നും ഇന്ത്യന്‍ സൈനിക അക്കാദമിയില്‍ പരിശീലനം നേടിയ അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."