ഭാവി ആലോചിച്ചു തീരുമാനിക്കുമെന്ന് ഗോപിനാഥ്; പിണറായിക്ക് പ്രശംസ
പാലക്കാട്: കോണ്‍ഗ്രസ് വിട്ടതായി പ്രഖ്യാപിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഭാവി നിലപാട് ആലോചിച്ചു മാത്രമേ തീരുമാനിക്കുകയുള്ളൂ എന്നു വ്യക്തമാക്കിയ എ.വി ഗോപിനാഥ്, മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിക്കുകയും ചെയ്തു. വാര്‍ത്താസമ്മേളനത്തിനിടെ അദ്ദേഹം പലതവണ വികാരാധീനനാകുകയുമുണ്ടായി.
ജില്ലയിലെ ഒരു പ്രവത്തകനെയും പാര്‍ട്ടി വിടാന്‍ പ്രേരിപ്പിക്കില്ലെന്നു വ്യക്തമാക്കിയ അദ്ദേഹം, ഒരു നേതാവിന്റെയും എച്ചില്‍ നക്കുന്ന ശീലം തനിക്കില്ലെന്നും പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഗോപിനാഥ് പ്രതികരിച്ചത്. അനിലിന് മാനസികരോഗമാണ്. താന്‍ ആരുടെയും എച്ചില്‍ നക്കാന്‍ പോയിട്ടില്ല. എന്നാല്‍ തന്റെ വീട്ടില്‍ വന്ന് പലരും നക്കിയിട്ടുണ്ട്. അതാരാണെന്ന് എല്ലാവര്‍ക്കുമറിയാം. മുഖ്യമന്ത്രി പിണറായി വിജയന്‍ മഹത്തായ പാരമ്പര്യമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവാണ്. അദ്ദേഹത്തിന്റെ വീട്ടിലെ വേലക്കാരനാകുന്നത് അഭിമാനകരമായ കാര്യമാണെന്നും അനിലിനു മറുപടിയായി അദ്ദേഹം പറഞ്ഞു. നിരവധി സ്ഥാനമാനങ്ങള്‍ പാര്‍ട്ടി നല്‍കിയിട്ടും വീണ്ടും എന്തിനാണ് ഡി.സി.സി പ്രസിഡന്റാകാന്‍ ഗോപിനാഥ് ശ്രമിക്കുന്നതെന്ന് അനില്‍ ചോദിച്ചിരുന്നു.
സി.പി.എമ്മിനോട് കോണ്‍ഗ്രസ് പലപ്പോഴും സഹകരിച്ചിട്ടുണ്ടെന്ന് സി.പി.എമ്മിനോട് സഹകരിക്കുമോ എന്ന ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. ആരോടും അയിത്തമില്ല. നാളെ എന്താകുമെന്നത് അപ്പോള്‍ എടുക്കുന്ന നയനിലപാടിനനുസരിച്ചായിരിക്കും. ഒരു പാര്‍ട്ടിയിലേക്കും ഇപ്പോള്‍ പോകുന്നില്ല. പ്രത്യേക ജനുസായതിനാലാണ് താന്‍ കോണ്‍ഗ്രസിനൊപ്പം നിന്നത്.
ഹൃദയത്തില്‍ ഈശ്വരനായി പ്രതിഷ്ഠിച്ച ലീഡര്‍ കെ. കരുണാകരനോട് നന്ദി പറയുന്നു. കോണ്‍ഗ്രസിന്റെ ഒരു സ്ഥാനവും ആവശ്യമില്ല. സ്വീകരിക്കുകയുമില്ല. സമര്‍ദതന്ത്രമല്ല ഈ രാജി. പെരിങ്ങോട്ടുകുര്‍ശി പഞ്ചായത്ത് തങ്ങള്‍ അഞ്ചു കൊല്ലവും ഭരിക്കും. ഭരണഘടനയ്ക്ക് വിരുദ്ധമല്ലാത്തിടത്തോളം പഞ്ചായത്ത് ഭരണം വിടില്ല. താനടക്കം 11 പഞ്ചായത്തംഗങ്ങളും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."