യു.ഡി.എഫ് യോഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് ആര്.എസ്.പി , മുന്നണി വിടില്ലെന്ന് അസീസ്
തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷപ്പട്ടികയെച്ചൊല്ലി കോണ്‍ഗ്രസില്‍ പോരു മുറുകിയിരിക്കെ യു.ഡി.എഫിലും പ്രതിസന്ധി. യു.ഡി.എഫ് യോഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ആര്.എസ്.പി തീരുമാനിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണിക്കേറ്റ പരാജയം സംബന്ധിച്ച് യു.ഡി.എഫിനുള്ളില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തണമെന്ന ആവശ്യം അംഗീകരിക്കപ്പെടാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ആര്.എസ്.പിയെ പ്രകോപിപ്പിച്ചത്. മുന്നണി യോഗത്തിനു ശേഷം ഉഭയകക്ഷി യോഗം മതിയെന്ന നിലപാട് യു.ഡി.എഫ് നേതൃത്വം സ്വീകരിച്ചതോടെയാണ് കഴിഞ്ഞദിവസം ചേര്‍ന്ന ആര്.എസ്.പി സെക്രട്ടേറിയറ്റ് ഇനി മുന്നണി യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
എന്നാല്‍ ആര്.എസ്.പി മുന്നണി വിടില്ലെന്ന് സംസ്ഥാന സെക്രട്ടി എ.എ അസീസ് മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിന്റെ നിസ്സഹകരണവും തമ്മിലടിയുമാണ് തെരഞ്ഞെടുപ്പ് പരാജയത്തിനു കാരണം. പാര്‍ട്ടിയുടെ ആകെയുള്ള അഞ്ചു സീറ്റുകളില്‍ സംവരണ സീറ്റിന്റെ ബാധ്യത കൂടി തങ്ങളുടെ മേല്‍ വച്ചു.
മുന്നണി വിടുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. തെറ്റു ചൂണ്ടിക്കാട്ടാനുള്ള ബാധ്യത തങ്ങള്‍ക്കുണ്ട്. ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആര്.എസ്.പി ശനിയാഴ്ച സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്.
ഇതിനു ശേഷമാകും തീരുമാനം പ്രഖ്യാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."