കര്‍ഷകന്റെ തല തകര്‍ക്കുന്ന ഭരണകൂടം
ഒമ്പതു മാസം പിന്നിടുന്ന കര്‍ഷകസമരത്തെ അവഗണിച്ച് പരാജയപ്പെടുത്തുകയെന്ന തന്ത്രം പാളിയതോടെ അവരെ മര്‍ദിച്ചൊതുക്കാനുള്ള നടപടിയുമായാണ് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര- ഹരിയാന സര്‍ക്കാരുകള്‍ നീങ്ങുന്നത്. അതിന്റെ തുടക്കമാണ് കഴിഞ്ഞദിവസം ചണ്ഡീഗഡിലെ കര്‍ണാലില്‍ സംഭവിച്ചത്. കര്‍ഷകസമരത്തിന്റെ ഭാഗമായി കര്‍ണാലില്‍ ദേശീയപാത ഉപരോധിക്കുകയായിരുന്ന കര്‍ഷകരില്‍നിന്ന് യാതൊരു പ്രകോപനവും ഉണ്ടായിരുന്നില്ല. എന്നിട്ടും ഹരിയാന പൊലിസ് അവരെ ആക്രമിക്കുകയായിരുന്നു.
ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് സുശീല്‍ കാജന്‍ ആശുപത്രിയില്‍വച്ച് മരിക്കുകയും ചെയ്തു. കര്‍ഷകരെ അക്രമസമരത്തിലേക്ക് തള്ളിവിടാനും അതിലൂടെ പൊലിസിനെ ഉപയോഗിച്ച് സമരം അടിച്ചമര്‍ത്തി പരാജയപ്പെടുത്താനും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ഗൂഢാലോചനയായി മാത്രമേ കഴിഞ്ഞദിവസത്തെ ലാത്തിച്ചാര്‍ജിനെ കാണാനാകൂ. പഞ്ചാബിലും ഹരിയാനയിലുമായി 56 ഇടങ്ങളിലാണ് കര്‍ഷകര്‍ കഴിഞ്ഞദിവസം ദേശീയപാത ഉപരോധിച്ചത്.
ലാത്തിച്ചാര്‍ജിനെ ഹരിയാന മുഖ്യമന്ത്രി ന്യായീകരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കര്‍ഷകരുടെ തലയടിച്ചുപൊട്ടിക്കാന്‍ വിവാദ ഉത്തരവ് നല്‍കിയ കര്‍ണാലിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആയുഷ് സിന്‍ഹയുടെ ശബ്ദസന്ദേശം പുറത്തുവന്നത്.
കര്‍ണാലില്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറും ബി.ജെ.പി നേതാവ് ഓംപ്രകാശ് ധന്‍കറും പങ്കെടുത്ത യോഗത്തിലേക്ക് പ്രതിഷേധവുമായി നീങ്ങിയ കര്‍ഷകരുടെ തലയടിച്ചു പൊട്ടിക്കാനായിരുന്നു ആയുഷ് സിന്‍ഹ ഉത്തരവ് നല്‍കിയത്. ഈ ഉത്തരവ് നല്‍കുന്ന വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടും ഉദ്യോഗസ്ഥന്റെ നടപടിയെ അപലപിക്കാന്‍ ഖട്ടാര്‍ തയാറായിട്ടില്ല. തലയ്ക്ക് ലാത്തിയടിയേല്‍ക്കുമ്പോള്‍ ശരീരത്തിന്റെ ഇതരഭാഗങ്ങളിലേല്‍ക്കുന്ന പരുക്കിനേക്കാള്‍ ഗുരുതരമാകുമെന്നും അതുവഴി തലയ്ക്ക് പരുക്കേല്‍ക്കുന്നയാള്‍ ഒന്നുകില്‍ പക്ഷാഘാതം വന്നു കിടപ്പിലാവുകയോ ശരീരം തളര്‍ന്ന് ശയ്യാവലംബിയായിത്തീരുകയോ ചെയ്യും. ചിലപ്പോള്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടായി കര്‍ഷകര്‍ മരിക്കുമെന്ന കൃത്യമായ കണക്കുകൂട്ടലിനെ തുടര്‍ന്നായിരിക്കണം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഇത്തരമൊരു ഉത്തരവ് നല്‍കിയിട്ടുണ്ടാവുക. മജിസ്‌ട്രേറ്റ് ആയുഷ് സിന്‍ഹ തനിച്ച് ഇത്തരമൊരു തീരുമാനമെടുക്കുമെന്ന് കരുതാനാവില്ല. ഭരണ അകത്തളങ്ങളില്‍ നടന്ന തീരുമാനമായിട്ടുവേണം തലയടിച്ചുപൊട്ടിക്കല്‍ നടപടിയെ കാണാന്‍. കര്‍ഷകന്റെ തല എങ്ങനെയാണ് തകര്‍ക്കേണ്ടതെന്ന് ആയുഷ് സിന്‍ഹ നിര്‍ദേശിക്കുന്നത് പ്രചരിച്ചുകൊണ്ടിരിക്കുന്ന വിഡിയോദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ആയുഷ് സിന്‍ഹ പൊലിസ് ഓഫിസര്‍മാര്‍ക്ക് മുമ്പില്‍നിന്ന് അവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നത് വിഡിയോയില്‍ വ്യക്തമായി കാണാം.
'ആരായാലും എവിടെനിന്ന് വന്നവരായാലും അവര്‍ അവിടെ എത്തരുത്. ഞാന്‍ വരച്ച ഈ വര അവര്‍ മറികടക്കാതെ നോക്കണം. എല്ലാവരും ലാത്തിയെടുത്ത് തയാറാവുക. അവരെ തല്ലുക. ഇവിടെ കാണുന്ന ഓരോ പ്രതിഷേധക്കാരന്റെയും ശിരസില്‍നിന്ന് രക്തമൊഴുകണം' എന്നിങ്ങനെയുള്ള വ്യക്തമായ നിര്‍ദേശങ്ങളാണ് പൊലിസുകാര്‍ക്ക് ആയുഷ് സിന്‍ഹ നല്‍കുന്നത്. നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞിട്ടും തൃപ്തിവരാഞ്ഞിട്ടാകണം തന്റെ നിര്‍ദേശങ്ങളെല്ലാം വ്യക്തമാണോയെന്ന് സിന്‍ഹ പൊലിസുകാരോട് ചോദിക്കുന്നത്. വ്യക്തമാണെന്ന് പൊലിസുകാര്‍ സമ്മതിക്കുന്നുമുണ്ട്. കര്‍ഷകസമരത്തെ ചോരയില്‍ മുക്കി കൊല്ലാന്‍ ബി.ജെ.പി തയാറാക്കിയ പദ്ധതിയുടെ ആദ്യപടിയായി വേണം ആയുഷ് സിന്‍ഹയുടെ നിര്‍ദേശത്തെ കാണാന്‍. ഉദ്യോഗസ്ഥന്‍ തന്നിഷ്ടപ്രകാരമാണ് അത്തരമൊരു നിര്‍ദേശം നല്‍കിയതെങ്കില്‍ ഇതിനകം അയാള്‍ സസ്‌പെന്‍ഷനിലാകുമായിരുന്നു. എന്നാല്‍, മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ ലാത്തിച്ചാര്‍ജിനെ ന്യായീകരിക്കുകയാണുണ്ടായത്. സമാധാനപരമായ പ്രതിഷേധം ഉറപ്പുനല്‍കിയതിനുശേഷം കര്‍ഷകര്‍ ദേശീയപാത ഉപരോധിക്കുകയും പൊലിസിനുനേരേ കല്ലെറിയുകയുമായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്.
വിവാദമായ കാര്‍ഷിക ബില്ലുകള്‍ക്കെതിരേ കഴിഞ്ഞ ഒമ്പതു മാസമായി രാജ്യത്തെ കര്‍ഷകര്‍ സഹനസമരപാതയിലാണ്. ഇതിനിടയില്‍ ഒരിക്കല്‍പ്പോലും കര്‍ഷക നേതാക്കളില്‍ നിന്ന് പ്രകോപനപരമായ പ്രസംഗങ്ങളോ പ്രവര്‍ത്തനങ്ങളോ ഉണ്ടായിട്ടില്ല. കര്‍ഷകസമരത്തില്‍ നുഴഞ്ഞുകയറി ചെങ്കോട്ടയില്‍ അക്രമം നടത്തിയ വ്യക്തി സംഘ്പരിവാര്‍ അനുഭാവിയായിരുന്നു. സമരം തുടങ്ങിയതു മുതല്‍ അക്രമങ്ങളിലേക്ക് സമരം വഴുതിപ്പോകാതിരിക്കാന്‍ നേതാക്കള്‍ നിതാന്ത ജാഗ്രതയാണ് പുലര്‍ത്തിപ്പോരുന്നത്. എന്നാല്‍, കോര്‍പറേറ്റ് താല്‍പര്യ സംരക്ഷണം മാത്രം മുന്നില്‍ക്കാണുന്ന സര്‍ക്കാരാകട്ടെ, സമരത്തെ ഏതുവിധേനയും അക്രമത്തിലേക്കു തിരിച്ചുവിടാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു കൊണ്ടിരിക്കുകയാണ്.
ലാത്തിച്ചാര്‍ജ് നടത്തിയിട്ടും കര്‍ഷകര്‍ സമരത്തില്‍നിന്ന് പിന്മാറിയില്ല. അവര്‍ നേരത്തെ നിശ്ചയിച്ചിരുന്ന മഹാപഞ്ചായത്ത് നടത്തുകയും ചെയ്തു. സംയുക്ത കിസാന്‍ മോര്‍ച്ച (എസ്.കെ.എം) നേതാക്കളായ ഡോ. ദര്‍ശന്‍ പാല്‍, രാകേഷ് ടിക്കായത്ത്, ബാല്‍ബീര്‍ സിങ് റജ്ജോവോള്‍, സ്വരാജ് ഇന്ത്യാ മേധാവി യോഗേന്ദ്ര യാദവ് എന്നിവരെല്ലാം മഹാപഞ്ചായത്തില്‍ പങ്കെടുത്തതില്‍നിന്ന് തോല്‍ക്കാനുള്ളതല്ല കര്‍ഷക സമരമെന്ന വ്യക്തമായ സന്ദേശമാണ് കേന്ദ്ര- ഹരിയാന സര്‍ക്കാരുകള്‍ക്ക് നല്‍കുന്നത്. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത അക്രമമാണ് ഹരിയാനയില്‍ ഉണ്ടായതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും കഴിഞ്ഞദിവസം ആരോപിക്കുകയുണ്ടായി. രാജ്യം 'സര്‍ക്കാരി താലിബാന്റെ' കൈകളിലാണെന്നാണ് ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് കഴിഞ്ഞദിവസം ആരോപിച്ചത്.
അവരുടെ ആളുകളാണ് കര്‍ഷകരുടെ ശിരസ് തകര്‍ക്കാന്‍ നേതൃത്വം കൊടുക്കുന്നതെന്നും ടിക്കായത്ത് ആരോപിക്കുകയുണ്ടായി. നിരായുധരായ കര്‍ഷകര്‍ക്കുനേരേ ലാത്തിച്ചാര്‍ജ് നടത്താന്‍ ഉത്തരവിട്ട ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിനെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ട ജനറല്‍ ഡയറിനോട് ടിക്കായത്ത് ഉപമിച്ചതില്‍നിന്ന് ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷകരെ കൂട്ടക്കൊല നടത്തിയാല്‍ പോലും കര്‍ഷകസമരം തോല്‍ക്കുകയില്ലെന്ന വ്യക്തമായ സൂചനയുണ്ട്. കര്‍ഷകസമരത്തെ കണ്ടില്ലെന്നു നടിച്ചും കര്‍ഷകരുടെ ശിരസ് തല്ലിത്തകര്‍ത്തും ഏറെക്കാലം കോര്‍പറേറ്റുകള്‍ക്കു വേണ്ടി മുന്നോട്ടുപോകാനാവില്ലെന്ന് മനസിലാക്കി കര്‍ഷകരുടെ ന്യായമായ അവകാശങ്ങള്‍ വകവച്ചുകൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവുകയാണു വേണ്ടത്. കര്‍ഷകസമരം തോല്‍ക്കാനുള്ളതല്ലെന്ന് സര്‍ക്കാര്‍ ഇനിയെങ്കിലും തിരിച്ചറിയണം. കാരണം ഈ സമരം പരാജയപ്പെട്ടാല്‍ ഇന്ത്യയില്‍ ഒരുസമരവും ഇനി വിജയിക്കാന്‍ പോകുന്നില്ലെന്ന യഥാര്‍ഥ്യം ഇന്ത്യന്‍ കര്‍ഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."