'വല്ലാത്തൊരു പുകിലായിപ്പോയേ...' റോഡിലെ വിമാനം ആന്ധ്രയിലെ മേല്‍പാലത്തിന് താഴെയും കുടുങ്ങി
അമരാവതി: പൊല്ലാപ്പ് വിട്ടൊഴിയാതെ 'റോഡിലെ വിമാനം'. ആന്ധ്രാപ്രദേശിലെ മേല്‍പ്പാലത്തിനടിയില്‍ കുടുങ്ങിയതാണ് അവസാനത്തെ പൊല്ലാപ്പ്. ഹൈദരാബാദിലേക്കുള്ള യാത്രാമധ്യേ ആന്ധ്രപ്രദേശിലെ ബാപാട്‌ലയിലെ കൊറിസപാട് മേല്‍പ്പാലത്തിനു താഴെ കുടുങ്ങിയത്. ഇതേതുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
ഉപയോഗ്യ ശൂന്യമായ വിമാനം ലേലത്തിലെടുത്തത് പാര്‍ടുസുകളായി കൊണ്ടു പോവുകയായിരുന്നു. ഹൈദരാബാദ് സ്വദേശിയാണ് ഉപയോഗശൂന്യമായ വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ലേലത്തില്‍ സ്വന്തമാക്കിയത്. 30 വര്‍ഷം മുന്‍പ് സര്‍വീസിലുണ്ടായിരുന്ന വിമാനമാണിത്.
ആദ്യം ട്രെയിലറില്‍ കൊണ്ടുപോവുകയായിരുന്നു വിമാനത്തിന്റെ ചിറകുകള്‍ കെ.എസ്.ആര്‍.ടി ബസിലിടിച്ച് അപകടമുണ്ടാക്കിയിരുന്നു. പിന്നാലെ കൊണ്ടുപോയ ഉടല്‍ കൊല്ലം ചവറ പാലത്തില്‍ കുടുങ്ങി. ട്രെയിലറില്‍ പുറപ്പെട്ട വിമാനത്തിന്റെ ഭാഗം പാലത്തില്‍ തട്ടിനില്‍ക്കുകയായിരുന്നു. മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗതം തടസപ്പെടുകയും ചെയ്തു. വാര്‍ത്ത അറിഞ്ഞ് അപൂര്‍വകാഴ്ച കാണാന്‍ ആളുകള്‍ ഓടിക്കൂടിയതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാനും പൊലിസ് കഷ്ടപ്പെട്ടു. തുടര്‍ന്ന് ട്രെയിലറിന്റെ ടയറുകളുടെ കാറ്റഴിച്ചാണ് ഗതാഗതക്കുരുക്ക് നീക്കിയത്. ഇപ്പോഴിതാ വീണ്ടും ആന്ധ്രയിലും കുടുങ്ങിയിരിക്കുന്നു.
75 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ വിമാനം ഹോട്ടലാക്കി മാറ്റാനായാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞയാഴ്ചയാണ് ഭാഗങ്ങളായി പൊളിച്ച വിമാനം നാല് ട്രെയിലറുകളിലായി ദേശീയപാത വഴി കൊണ്ടുപോയത്.
ആന്ധ്രയിലും വിമാനം പാലത്തില്‍ കുടുങ്ങിയ വിവരമറിഞ്ഞ് നിരവധി ആളുകള്‍ തടിച്ചുകൂടിയിരുന്നു. മേദര്‍മെട്‌ല പൊലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ പാലത്തിനും വിമാനത്തിനും കേടുപാട് സംഭവിക്കാതെ പുറത്തിറക്കാനായെന്ന് എസ്.ഐ ശിവകുമാര്‍ പറഞ്ഞു.
ഹൈദരാബാദിലെ പ്രശസ്ത ഭക്ഷ്യശൃംഖലയായ 'പിസ്ത ഹൗസ്' ഉടമ ശിവശങ്കര്‍ ആണ് വിമാനം സ്വന്തമാക്കിയത്. വിമാനമാതൃകയില്‍ റെസ്റ്റോറന്റ് ഒരുക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇതു വാങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."