വന്ദേ ഭാരത് എക്സ്പ്രസ്സിന് ഇന്ന് മുതല്‍ ചെങ്ങന്നൂരില്‍ സ്റ്റോപ്പ്, സമയക്രമത്തിലും മാറ്റം
വന്ദേ ഭാരത് എക്സ്പ്രസ്സിന് ഇന്ന് മുതല്‍ ചെങ്ങന്നൂരില്‍ സ്റ്റോപ്പ്, സ്വീകരണം നടത്തും; സമയക്രമത്തിലും മാറ്റം
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസര്‍കോടേക്ക് സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയക്രമത്തില്‍ മാറ്റം. ഇന്ന് മുതല്‍ ചെങ്ങന്നൂറില്‍ സ്റ്റോപ്പ് ഉണ്ടാകും. ഇതിനെത്തുടര്‍ന്നാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്. 6.03 ന് കൊല്ലത്തെത്തുന്ന വന്ദേഭാരത് 2 മിനിട്ട് ഇവിടെ നിര്‍ത്തിയിടും. ശേഷം 6.05 ന് കൊല്ലത്ത് നിന്നും പുറപ്പെട്ട് 6.53 ന് ചെങ്ങന്നൂരില്‍ എത്തും. ചെങ്ങന്നൂരില്‍ രണ്ട് മിനിറ്റ് നിര്‍ത്തിയ ശേഷം 6.55 ന് ഇവിടെ നിന്ന് യാത്ര തിരിക്കും. കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ നേത്യത്വത്തില്‍ ചെങ്ങന്നൂരില്‍ ഇന്ന് രാവിലെ ട്രെയിനിന് സ്വീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നേരത്തെ എത്തിയിരുന്ന സമയത്ത് തന്നെ വന്ദേഭാരത് കോട്ടയത്തും എറണാകുളത്തും എത്തും. ഇതില്‍ മാറ്റമുണ്ടാകില്ല. എന്നാല്‍, തൃശൂരിലും വന്ദേഭാരതിന്റെ സമയക്രമത്തില്‍ മാറ്റമുണ്ടാകും. പതിവായി എത്തുന്ന 9.30 ന് തന്നെ എത്തുന്ന വന്ദേഭാരത് ഒരു മിനിറ്റ് അധികം ഇവിടെ കിടക്കും. നേരത്തെ 2 മിനിട്ടാണ് നിര്‍ത്തിയിട്ടിരുന്നതെങ്കില്‍ നാളെ മുതല്‍ തൃശൂരില്‍ വന്ദേഭാരത് 3 മിനിറ്റ് നിര്‍ത്തിയിടും. ശേഷം 9.33 ന് ഇവിടെ നിന്ന് പുറപ്പെടും. ഷൊര്‍ണൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള നിലവിലെ സമയപ്രകാരം തന്നെ വന്ദേഭാരത് കുതിച്ചെത്തും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് സ്റ്റേഷനുകളിലാണ് ഷോര്‍ണൂര്‍ കഴിഞ്ഞാല്‍ വന്ദേഭാരത് നിര്‍ത്തുക.
മടക്കയാത്രയിലും കാസര്‍കോട് മുതല്‍ ഷൊര്‍ണൂര്‍ വരെ സമയക്രമം നിലവിലേത് തുടരും. എന്നാല്‍ തൃശൂരില്‍ ഒരു മിനിട്ട് അധികം നിര്‍ത്തിയിടും. 6.10 ന് തന്നെ എത്തുന്ന വന്ദേഭാരത് ഇവിടെനിന്നും പുറപ്പെടുക 6.13 നായിരിക്കും. എറണാകുളത്തും കോട്ടയത്തും സമയത്തില്‍ മാറ്റമില്ല. ചെങ്ങന്നൂരില്‍ 8.46 ന് ട്രെയിനെത്തും. 8.48 ന് ഇവിടെ നിന്ന് പുറപ്പെടും. കൊല്ലത്ത് 9.34 ന് എത്തുന്ന ട്രെയിന്‍ 9.36 ന് ഇവിടെ നിന്ന് പുറപ്പെടും. മുന്‍പത്തേതിലും അഞ്ച് മിനിറ്റ് വൈകി 10.40 നാവും ട്രെയിന്‍ തിരുവനന്തപുരത്ത് തിരിച്ചെത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."