വീണ്ടും അഫ്ഗാൻ അട്ടിമറി,അടിതെറ്റി പാക് പട
ചെന്നൈ: ഏകദിന ലോകകപ്പില്‍ വീണ്ടും വമ്പൻ അട്ടിമറി. കിരീടപ്രതീക്ഷയുമായെത്തിയ പാകിസ്ഥാനെ എട്ട് വിക്കറ്റിന് അഫ്ഗാനിസ്ഥാന്‍ തോൽപിച്ചു. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ് അടിച്ചെടുത്തു. 74 റണ്‍സ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് ടോപ് സ്‌കോറര്‍. അബ്ദുള്ള ഷെഫീഖ് (58) തിളങ്ങി. ഷദാബ് ഖാന്‍ (40), ഇഫ്തിഖര്‍ അഹമ്മദ് (40) എന്നിവരുടെ സംഭാവന നിര്‍ണായകമായി. നൂര്‍ അഹമ്മദ് മൂന്ന് വിക്കറ്റെടുത്തിരുന്നു. മറുപടി ബാറ്റിംഗില്‍ അഫ്ഗാനിസ്ഥാന്‍ 49 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇബ്രാഹി സദ്രാന്‍ (87), റഹ്മാനുള്ള ഗുര്‍ബാസ് (65), റഹ്മത്ത് ഷാ (77), ഹഷ്മതുള്ള ഷഹീദി (48) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് അഫ്ഗാനെ വിജയത്തിലേക്ക് നയിച്ചത്. ഏകദിന ലോകകപ്പില്‍ ആദ്യമായിട്ടാണ് അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാനെ തോല്‍പ്പിക്കുന്നത്. തോല്‍വിയോടെ പാകിസ്ഥാന്‍റെ സെമി സാധ്യതകള്‍ അവതാളത്തിലായി.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാന് ഗംഭീര തുടക്കമാണ് ഓപ്പണര്‍മാരായ ഗുര്‍ബാസ് - സദ്രാന്‍ സഖ്യം നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 130 റണ്‍സ് കൂട്ടിചേര്‍ത്തു. ഗുര്‍ബാസിനെ ഷഹീന്‍ അഫ്രീദി മടക്കുമ്പോള്‍ ഏറെ വൈകിയിരുന്നു. 53 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും ഒമ്പത് ഫോറും നേടി. ഷഹീന്‍ അഫ്രീദിക്കായിരുന്നു വിക്കറ്റ്. മൂന്നാം വിക്കറ്റില്‍ ഗുര്‍ബാസ് - റഹ്മത്ത് സഖ്യം 60 റണ്‍സും കൂട്ടിചേര്‍ത്തു. ഇതോടെ പാകിസ്ഥാന്‍ സാധ്യതകള്‍ ഏറെക്കുറെ അടഞ്ഞു. കിണഞ്ഞ് ശ്രമിച്ചെങ്കിലും പിന്നീട് ഒരു വിക്കറ്റ് മാത്രമാണ് പാകിസ്ഥാന് വീഴ്ത്താനായത്. സദ്രാനെ ഹസന്‍ അലി മടക്കി. 113 പന്തില്‍ 10 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു സദ്രാന്റെ ഇന്നിംഗ്‌സ്. എങ്കിലും ഹഷ്മതുള്ളയെ കൂട്ടുപിടിച്ച് റഹ്മത്ത് അഫ്ഗാനെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 96 റണ്‍സ് കൂട്ടിചേര്‍ത്തു. റഹ്മത്ത് രണ്ട് സിക്‌സും അഞ്ച് ഫോറും നേടി. ഹഷ്മതുള്ളയുടെ അക്കൗണ്ടില്‍ നാല് ഫോറുകളുണ്ട്.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച പാകിസ്ഥാന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ അബ്ദുള്ള ഷെഫീഖ് - ഇമാം ഉള്‍ ഹഖ് (17) സഖ്യം 56 റണ്‍സ് ചേര്‍ത്തു. എന്നാല്‍ ഇമാമിനെ പുറത്താക്കി അസ്മതുള്ള ഒമര്‍സായ് അഫ്ഗാന് ബ്രേക്ക് ത്രൂ നല്‍കി. മൂന്നാം വിക്കറ്റില്‍ ബാബര്‍ അസമിനൊപ്പം 54 റണ്‍സ് കൂടി ചേര്‍ത്ത് ഷെഫീഖും കൂടാരം കയറി. നൂറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുമ്പോള്‍ ഷെഫീഖ് രണ്ട് സിക്‌സും അഞ്ച് ഫോറും നേടിയിരുന്നു. നാലാമനായെത്തിയ മുഹമ്മദ് റിസ്‌വാന്‍ (8) നിരാശപ്പെടുത്തി. സൗദ് ഷക്കീലിനും (25) കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. സെഞ്ചുറി നേടുമെന്ന തോന്നിച്ച ബാബറിനെ നൂര്‍ മടക്കി. 92 പന്തുകള്‍ നേരിട്ട ബാബര്‍ ഒരു സിക്‌സും നാല് ഫോറും നേടി. ഇതോടെ പാകിസ്ഥാന്‍ 41.5 ഓവറില്‍ അഞ്ചിന് 206 എന്ന നിലയിലായി.
എന്നാല്‍ ഷദാബ് - ഇഫ്തിഖര്‍ സഖ്യത്തിന്റെ പോരാട്ടം ഭേദപ്പെട്ട പാകിസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. ഇരുവരും 73 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 27 പന്തുകള്‍ നേരിട്ട ഇഫ്തിഖര്‍ നാല് സിക്‌സും രണ്ട് ഫോറും നേടി. ഷദാബിന്റെ അക്കൗണ്ടില്‍ ഓരോ സിക്‌സും ഫോറുമുണ്ടായിരുന്നു. അവസാന പന്തില്‍ ഷദാബും മടങ്ങി. ഷഹീന്‍ അഫ്രീദി (3) പുറത്താവാതെ നിന്നു. നൂര്‍ അഹമ്മദിന് പുറമെ നവീന്‍ ഉള്‍ ഹഖ് എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.
Content Highlights: Afghan coup again
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."