അഫ്ഗാന് അധിനിവേശം സമ്മാനിച്ചത് ദുരിതം മാത്രം
2001മുതല്‍ 2021 വരെ രണ്ടു പതിറ്റാണ്ടുകാലം നീണ്ട അധിനിവേശത്തിനൊടുവില്‍ അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍നിന്ന് മടങ്ങി. അവസാന യു.എസ് വിമാനവും അഫ്ഗാന്‍ മണ്ണില്‍നിന്ന് ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ പറന്നുയര്‍ന്നു. അമേരിക്കന്‍ വ്യോമസേനയുടെ സി 17 എന്ന കൂറ്റന്‍ വിമാനത്തിലാണ് ശേഷിക്കുന്ന സൈനികരും മടങ്ങിയത്. സൈനികര്‍ക്കൊപ്പം അമേരിക്കയുടെ അഫ്ഗാന്‍ അംബാസിഡര്‍ റോസ് വില്‍സണും അഫ്ഗാന്‍ വിട്ടതോടെ സൈനികാധിനിവേശത്തിനൊപ്പം നയതന്ത്ര അധ്യായംകൂടി അടച്ചാണ് യു.എസ് അഫ്ഗാനില്‍നിന്ന് ഒഴിഞ്ഞത്. അമേരിക്കയുടെ സേനാ പിന്മാറ്റം പൂര്‍ത്തിയാകും മുമ്പ് അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാന്‍ പിടിച്ചടക്കിയെന്നത് യു.എസിന് തീരാകളങ്കമാണ്. ഇത്രവര്‍ഷം നീണ്ട അധിനിവേശം യു.എസിന് എന്തു നേട്ടമുണ്ടാക്കിയെന്ന ലാഭനഷ്ടക്കണക്കുകള്‍ യു.എസ് ഭരണകൂടവും അവിടുത്തെ പൗരന്മാരും പരിശോധിക്കുന്നുണ്ടാകും. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന്റെ സൂത്രധാരനും അല്‍ഖാഇദ മേധാവിയുമായിരുന്ന ഉസാമ ബിന്‍ലാദനെ ലക്ഷ്യംവച്ചാണ് യു.എസ് സേന അഫ്ഗാനിലെത്തിയത്. 2001 സെപ്റ്റംബര്‍ 11ന് 3,000 പേര്‍ കൊല്ലപ്പെട്ട വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു പിന്നാലെ സെപ്റ്റംബര്‍ 18നാണ് അന്നത്തെ യു.എസ് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ് അഫ്ഗാന്‍ അധിനിവേശത്തിന് സൈന്യത്തെ ഉപയോഗിക്കാനുള്ള ഉത്തരവില്‍ ഒപ്പുവച്ചത്. ഒക്ടോബര്‍ 7ന് ബ്രീട്ടീഷ് സൈന്യത്തിന്റെ സഹായത്തോടെ യു.എസ് സേന അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരേ ആക്രമണം ശക്തിപ്പെടുത്തി.
ഡിസംബര്‍ 9ന് കാണ്ഡഹാറില്‍ നിന്ന് താലിബാനെ തുരത്തി യു.എസ് സേന വിജയം നേടി. ഡിസംബര്‍ 21ന് ഇടക്കാല സര്‍ക്കാരിനെ അവരോധിച്ചു. മിക്ക താലിബാന്‍, അല്‍ഖാഇദ നേതാക്കളും അഫ്ഗാന്‍ വിട്ടു. തുടര്‍ന്ന് ഉസാമയെ തേടിയുള്ള അന്വേഷണമാണ് നടന്നത്. ഒടുവില്‍ പാകിസ്താനിലെ അബാട്ടാബാദില്‍ വച്ച് യു.എസ് മറീനുകള്‍ രാത്രികാല ഒപറേഷനിലൂടെ ഉസാമയെ വധിച്ചതാണ് യു.എസിന് അവകാശപ്പെടാനാകുന്ന ഏക വിജയം. ബരാക് ഒബാമ പ്രസിഡന്റായിരുന്ന കാലത്തായിരുന്നു ഇത്. അഫ്ഗാനില്‍ ഒരു സര്‍ക്കാര്‍ രൂപീകരിച്ച് വര്‍ഷങ്ങളോളം ഭരണം നടത്താന്‍ യു.എസ് സഹായിച്ചെങ്കിലും അവര്‍ മടങ്ങും മുമ്പ് തന്നെ ആ സര്‍ക്കാരിനെ താലിബാന്‍ അട്ടിമറിച്ചു. യു.എസ് സേനയുടെ പെരുന്തച്ചന്‍ മനോഭാവമാണ് അഫ്ഗാന്‍ സേനയെ താലിബാന് മുന്നില്‍ വെറും കാഴ്ചക്കാരാക്കിയത്. ഇതോടെ 20 വര്‍ഷത്തിനു മുമ്പും ശേഷവും ദുരിതം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരായി അഫ്ഗാന്‍ ജനത. യു.എസ് അഫ്ഗാനില്‍ കഴിഞ്ഞ കാലത്തുടനീളം അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചു. അവരുടെ പിന്മാറ്റത്തോടെ താലിബാനും അവരുടെ താല്‍പര്യങ്ങള്‍ നോക്കുന്നു. അഫ്ഗാന്‍ ജനതയുടെ സ്ഥിരതയും സുരക്ഷയും ഏറ്റെടുത്തെന്ന് അവകാശപ്പെട്ട് ലോക പൊലിസ് ചമഞ്ഞ യു.എസ് ഒടുവില്‍ കൈമലര്‍ത്തി. യു.എസ് സേന അഫ്ഗാന്‍ വിടുന്നതിനു മുമ്പ് താലിബാന്റെ ആക്രമണങ്ങളുണ്ടായി.
താലിബാനുമായി നേരത്തെ യു.എസ് ഉണ്ടാക്കിയ ധാരണയുടെ ഭാഗമാണ് യു.എസ് സേനയുടെ പിന്മാറ്റം. ഓഗസ്റ്റ് 31നായിരുന്നു യു.എസ് സേന അഫ്ഗാന്‍ വിടാനുള്ള അവസാന തീയതിയായി നിശ്ചയിക്കപ്പെട്ടത്. ഇതിനിടെയാണ് ഭരണം താലിബാന്‍ പിടിച്ചടക്കിയതും കൂടുതല്‍ പ്രതിസന്ധിയുണ്ടായതും. യു.എസ് സേനയുടെ സ്വാഭാവിക പിന്മാറ്റ നടപടികള്‍ ഇതോടെ പ്രതിസന്ധിയിലായി. താലിബാന്‍ ഭരണം പിടിക്കുന്നതിനു മുമ്പ് തന്നെ അഫ്ഗാനിലെ സൈനിക സജ്ജീകരണങ്ങളില്‍ ഭൂരിഭാഗവും യു.എസ് തിരികെക്കൊണ്ടുപോയിരുന്നു. 5000ത്തില്‍പ്പരം സൈനികരും ചില ഉപകരണങ്ങളുമാണ് ശേഷിച്ചത്. താലിബാന്‍ അധികാരം പിടിച്ചതിനെ തുടര്‍ന്ന് സ്വന്തം പൗരന്മാരെയും മറ്റും ഒഴിപ്പികുക എന്നതുകൂടി സൈന്യത്തിന് ഏറ്റെടുക്കേണ്ടിവന്നു. ഒഴിപ്പിക്കല്‍ തുടരാനും ഓഗസ്റ്റ് 31ന് അവസാന സൈനികനെയും അഫ്ഗാനില്‍ നിന്ന് തിരികെക്കൊണ്ടുപോകാനുമുള്ള മാസ്റ്റര്‍ പ്ലാനാണ് യു.എസ് സേന തയാറാക്കിയത്. പ്രസിഡന്റ് ബൈഡന്റെ അനുകൂല തീരുമാനത്തോടെ പദ്ധതി രേഖപ്രകാരം പൂര്‍ത്തിയാക്കി. സമയമായപ്പോള്‍ ദൗത്യം പാതിവഴിയില്‍ അവസാനിപ്പിച്ചാണ് യു.എസ് സേന അഫ്ഗാന്‍ വിട്ടത്. കാബൂള്‍ വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍പേരെ ഒഴിപ്പിക്കാനുള്ള അവരുടെ ശ്രമം ലക്ഷ്യം കണ്ടില്ല. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ കൊണ്ടുപോകുന്നുണ്ട്. താലിബാന്റെ ആക്രമണം ഭയപ്പെടുന്ന അഫ്ഗാനികള്‍ക്കു മുന്നില്‍ രാജ്യംവിടാനുള്ള പഴുതുകള്‍ അടയ്ക്കപ്പെടുകയാണ്. യു.എസ് സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്ന കാബൂള്‍ വിമാനത്താവളം താലിബാന്റെ നിയന്ത്രണത്തിലേക്ക് മാറിയിട്ടുണ്ട്. ശനിയാഴ്ച തന്നെ താലിബാന്‍ കൂടുതല്‍ സായുധ അംഗങ്ങളെ വിമാനത്താവളത്തില്‍ വിന്യസിച്ചു. വിമാനത്താവളത്തിന്റെ സാങ്കേതിക നടത്തിപ്പിന് തുര്‍ക്കിയെ സമീപിച്ചിരിക്കുകയാണ് താലിബാന്‍. വിമാനത്താവളത്തിലേക്കുള്ള വഴിയില്‍ കൂടുതല്‍ ചെക്ക്‌പോസ്റ്റുകള്‍ താലിബാന്‍ സജ്ജീകരിച്ചു. യൂനിഫോമിലുള്ള താലിബാന്‍ സായുധ അംഗങ്ങളെ നിയോഗിച്ചു.
യു.എസ് സേനയുടെ പിന്മാറ്റം താലിബാന്‍ വെടിയുതിര്‍ത്താണ് ആഘോഷിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലാണ് അഫ്ഗാനില്‍ നിന്നുണ്ടായതെന്നാണ് യു.എസ് അവകാശപ്പെടുന്നത്. 18 ദിവസം നീണ്ടുനിന്ന ഒഴിപ്പിക്കലില്‍ 1.23 ലക്ഷം പേരെ തിരികെയെത്തിച്ചെന്നാണ് പെന്റഗണ്‍ പറയുന്നത്. ഇനിയാരെങ്കിലും പോകാന്‍ അവശേഷിക്കുന്നുവെങ്കില്‍ അവരെയും അനുവദിക്കുമെന്നാണ് താലിബാന്‍ പറയുന്നത്. രക്ഷാദൗത്യത്തില്‍ പങ്കെടുത്തവര്‍ക്ക് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ നന്ദി പറഞ്ഞു. 20 വര്‍ഷം നീണ്ട അഫ്ഗാന്‍ അധിനിവേശത്തിന്റെ ആകെത്തുക ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ വിശദീകരിക്കുമോയെന്നാണ് യു.എസ് ജനത ഉറ്റുനോക്കുന്നത്. അവരുടെ നികുതിപ്പണമായ കോടിക്കണക്കിന് ഡോളറാണ് അധിനിവേശത്തിലൂടെ യു.എസ് അഫ്ഗാനില്‍ പൊടിച്ചത്. വിദേശ സൈനികരെല്ലാം അഫ്ഗാന്‍ വിടുമ്പോള്‍ പുതുപ്രഭാതമോ സമാധാനത്തിന്റെ പുലരിയോ അഫ്ഗാനികള്‍ക്ക് സ്വപ്നം കാണാന്‍പോലും ആകുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. താലിബാന് അത്തരമൊരു പ്രതീക്ഷപോലും അഫ്ഗാന്‍ ജനതയ്ക്ക് നല്‍കാന്‍ കഴിയുന്നില്ല. യു.എസ് അധിനിവേശത്തോടെന്നപോലെ താലിബാനെയും വെറുക്കുന്നവരാണ് ഭൂരിഭാഗം അഫ്ഗാനികളും. അവരുടെ ജീവിതവും സംസ്‌കാരവും കൂടിച്ചേരലുകളും ആനന്ദവും സമാധാനവും എല്ലാം നശിപ്പിച്ചവരാണിവര്‍. തുടര്‍ച്ചയായ അഫ്ഗാന്‍ സംഘര്‍ഷത്തിലൂടെ മൂന്നരക്കോടിയിലേറെ വരുന്ന ജനങ്ങളാണ് അഭയാര്‍ഥികളാക്കപ്പെട്ടത്. ലക്ഷക്കണക്കിനാളുകള്‍ ഭക്ഷണത്തിനുപോലും വകയില്ലാതെ തെരുവില്‍ കഴിയുന്നുണ്ട്. കഴിഞ്ഞ രണ്ടുമാസത്തിനിടെ 5 ലക്ഷം പേരാണ് ആഭ്യന്തര കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ട് തെരുവിലും ക്യാംപിലും മറ്റുമായി കഴിയുന്നത്. ഈയിടെ രാജ്യംവിടാന്‍ വിമാനത്തില്‍ തൂങ്ങിപ്പിടിച്ച് യാത്രചെയ്ത് വീണു മരിച്ചവരുടെ വാര്‍ത്ത നാം വായിച്ചതാണ്. രാജ്യംവിടാന്‍ ശ്രമിച്ച് കാബൂളിലെത്തി പരാജയപ്പെട്ട് കാബൂളിന്റെ തെരുവുകളില്‍ മാത്രം 17,600ലധികം പേരുണ്ടെന്നാണ് കണക്കുകള്‍. താലിബാന്റെ പ്രതികാര നടപടിയും അക്രമവും കിരാത പകപോക്കലും ഭയന്ന് 5 ലക്ഷം പേരെങ്കിലും മറ്റു രാജ്യങ്ങളിലേക്ക് കടക്കുമെന്നാണ് യു.എന്‍ അഭയാര്‍ഥി ഏജന്‍സിയുടെ കണക്കുകൂട്ടല്‍. കഴിഞ്ഞവര്‍ഷം മാത്രം 26 ലക്ഷം പേര്‍ അഫ്ഗാനില്‍നിന്ന് പലായനം ചെയ്തിട്ടുണ്ട്. അവര്‍ക്ക് അന്യരാജ്യങ്ങളില്‍ അഭയംനല്‍കാനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. ഇതിനിടെയാണ് കൂടുതല്‍ അഫ്ഗാന്‍ അഭയാര്‍ഥികള്‍ സൃഷ്ടിക്കപ്പെടുന്നതും പ്രതിസന്ധിയുടെ ആഴം കൂടുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."