'താമിര്‍..നീയെവിടെയാണ് ചങ്ങാതീ..എനിക്ക് നിന്നോടൊപ്പം ഫുട്‌ബോള്‍ കളിക്കണം, ഒരുമിച്ച് ലോകകപ്പ് കാണാന്‍ പോകണം' ഇസ്‌റാഈല്‍ കൊന്നു കളഞ്ഞ കൂട്ടുകാരന് കത്തെഴുതി അവന്റെ വരവും കാത്തിരിക്കുന്ന ഏഴു വയസ്സുകാരന്‍
'താമിര്‍..നീയെവിടെയാണ് ചങ്ങാതീ..എനിക്ക് നിന്നോടൊപ്പം ഫുട്‌ബോള്‍ കളിക്കണം, ഒരുമിച്ച് ലോകകപ്പ് കാണാന്‍ പോകണം' ഇസ്‌റാഈല്‍ കൊന്നു കളഞ്ഞ കൂട്ടുകാരന് കത്തെഴുതി അവന്റെ വരവും കാത്തിരിക്കുന്ന ഏഴു വയസ്സുകാരന്‍
ഗസ്സ: കുഞ്ഞുങ്ങളുടെ ചോരയില്‍ കുതിര്‍ന്നു കിടക്കുന്ന ഗസ്സയില്‍ നിന്ന് വരുന്ന ചിത്രങ്ങളും കഥകളും ഏറെയാണ്. എല്ലാം നമ്മുടെ ഉള്ളം നനക്കുന്നവ. ഓരോന്നും കാണുമ്പോഴും വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍ തൊണ്ടക്കുഴിയില്‍ നിറയും. ദൈവമേ ഇവരെങ്ങിനെ ഈ വേദനയുടെ മഹാപര്‍വ്വം താണ്ടുന്നുവെന്ന്. ഇവിടെയിതാ ഒരു കൊച്ചു കുറിപ്പാണ് പുറത്തു വന്നിരിക്കുന്നത്.
സുഹ്ദി അബു അല്‍റൂസ് എന്ന ഏഴു വയസ്സുകാരന്‍ താമിര്‍ അല്‍ തവീലിനെഴുതിയതാണ് കുറിപ്പ്. സുഹ്ദിക്ക് ഫുട്‌ബോള്‍ കളിക്കണം. അതും അവന്റെ ഏറ്റവും പ്രിയപ്പെട്ട ചങ്ങാതിയായ താമിറിനൊപ്പം. ഇസ്‌റാഈലിന്റെ മരണ വിമാനം കൊന്നു കളഞ്ഞതാണ് അവന്റെ താമിറിനെ. അതറിയാം. താമിര്‍ ഇനി ഉപരോധവും യുദ്ധവുമില്ലാത്ത സ്വര്‍ഗത്തിലെ ഗസ്സയില്‍ മാലാഖക്കുഞ്ഞുങ്ങള്‍ക്കൊപ്പം പറന്നു കളിക്കുകയാവുമെന്നും അവനറിയാം. എന്നാല്‍ താമിര്‍ ഇനിയൊരിക്കലും തിരിച്ചു വരില്ലെന്ന് അവനംഗീകരിക്കാനാവുന്നില്ല.
ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലെ ഇത്തിരി സ്ഥലത്താണെങ്കിലും ഇസ്‌റാഈല്‍ പട്ടാളത്തിന്റെ ഏത് നിമിഷവും പൊട്ടിയേക്കാവുന്നൊരു തോക്കിന്‍ കുഴലിനിടയിലാണെങ്കിലും ഏറെ ആഹ്ലാദത്തോടെ കളിതമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിച്ച് പന്തു തട്ടി കളിച്ചിരുന്നതാണവര്‍. ആ സന്തോഷ നിമിഷങ്ങളില്‍ തന്നെ തനിച്ചാക്കി താമിര്‍ എവിടേക്കും പോകില്ലെന്ന് സുഹ്ദി ഉറച്ചു വിശ്വസിക്കുന്നു.. താമിര്‍ മരിച്ചെന്ന് പറയുന്നത് പോലും അവന് കേള്‍ക്കാനിഷ്ടമല്ല. അത് കൊണ്ട് അവന്‍ താമിറിനെ ദിവസവും വിളിക്കും, കളിക്കാന്‍ കൂടെ വരാന്‍. കഴിഞ്ഞ ഖത്തര്‍ ഫുട്ബാള്‍ ലോകകപ്പ് ഒരുമിച്ച് ടി.വിയില്‍ കണ്ട അവര്‍, അടുത്ത ലോകകപ്പിന് ഒരുമിച്ച് പോകാന്‍ പ്ലാന്‍ ചെയ്തിരുന്നു. അത് സുഹ്ദി ഓര്‍മിപ്പിച്ച് കൊണ്ടിരിക്കുന്നു, ഇപ്പോഴും.
എല്ലാ ദിവസവും രാവിലെ എഴുന്നേറ്റാല്‍ സുഹ്ദി ഒരു കീറക്കടലാസ് എടുത്ത് കത്തെഴുതും, തന്റെ പ്രിയപ്പെട്ട താമിര്‍ വായിച്ചറിയുവാന്‍. ഏറ്റവും ഒടുവില്‍ അവന്‍ എഴുതിയ കത്ത് കഴിഞ്ഞ ദിവസം അവന്റെ വാപ്പ ഫലസ്തീന്‍ ക്രോണിക്കിളിന് കാണിച്ചുകൊടുത്തു:
'താമിറേ, നീ എവിടെയാണ്? എനിക്ക് നിന്റെ കൂടെ ഫുട്‌ബോള്‍ കളിക്കണം. നമുക്കൊരുമിച്ച് ലോകകപ്പിന് പോകണം. ദൈവം നിന്നോട് കരുണ കാണിക്കട്ടെ, താമിര്‍!' എന്നായിരുന്നു അറബിയില്‍ എഴുതിയ ആ നാലുവരി കുറിപ്പില്‍ ഉണ്ടായിരുന്നത്.
കളിക്കൂട്ടുകാരന്റെ മരണം സുഹ്ദിയുടെ കുഞ്ഞുമനസ്സില്‍ ആഴത്തില്‍ മുറിവേല്‍പിച്ചതായി പിതാവ് ഫലസ്തീന്‍ ക്രോണിക്കിളിനോട് പറയുന്നു. അവന്റെ മാനസികാരോഗ്യത്തെ ആ വേര്‍പാട് വല്ലാതെ ബാധിച്ചിരിക്കുന്നു. 'തന്റെ സുഹൃത്ത് താമിര്‍ അല്‍തവീല്‍ കൊല്ലപ്പെട്ട ശേഷം സുഹ്ദി ഒരുപാട് മാറിയിരിക്കുന്നു' അദ്ദേഹം പറഞ്ഞു.
'ബുള്‍ഡോസറുകളുടെ ശബ്ദം കേട്ടാണ് സുഹ്ദി എല്ലാ ദിവസവും ഉണരുന്നത്. വൈകുന്നേരം അവ നിര്‍ത്തുമ്പോള്‍ മാത്രമേ അവന്‍ ഉറങ്ങുകയുള്ളൂ. അതുവരെ അവന്‍ വാതില്‍ പടിയിലിരിക്കും. അവന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ തിരിച്ചു വരുന്നതും കാത്തെന്നോണമുള്ള ഇരിപ്പ്. താമിര്‍ മരിച്ചെന്നും അവനെ ഖബറടക്കിയെന്നും ഉള്ള യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ സുഹ്ദിക്ക് കഴിയുന്നില്ല' പിതാവ് പറയുന്നു.
ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 5100 കവിഞ്ഞിരിക്കുകയാണ്. ഇതില്‍ പകുതിയിലേറെ സ്ത്രീകളും കുട്ടികളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."