ബിഹാറിലേതു പോലെ മഹാരാഷ്ട്രയിലും ജാതി സര്‍വേ നടത്തണം- അജിത് പവാര്‍
ബിഹാറിലേതു പോലെ മഹാരാഷ്ട്രയിലും ജാതി സര്‍വേ നടത്തണം- അജിത് പവാര്‍
മുംബൈ: ബിഹാറില്‍ നടത്തിയതിന് സമാനമായി മഹാരാഷ്ട്രയിലും ജാതി അടിസ്ഥാനമാക്കിയുള്ള സര്‍വേ നടത്തണമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. പിന്നാക്ക വിഭാഗങ്ങളുടെയും പട്ടികജാതി, പട്ടികവര്‍ഗക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും പൊതുവിഭാഗത്തിന്റെയും ജനസംഖ്യയുടെ കൃത്യമായ വിവരം നല്‍കാന്‍ ഇത് സഹായിക്കുമെന്നും അജിത് പവാര്‍ ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയിൽ അജിത് പവാറിന്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) യുമായി സഖ്യസർക്കാരുള്ള ബി.ജെ.പി, രാജ്യവ്യാപകമായി ജാതി സെൻസസ് നടത്താനുള്ള എല്ലാ ആവശ്യങ്ങളും നിരസിച്ചിരിക്കെയാണ് അജിത് പവാർ ഇ നിർദ്ദേശം മുന്നോട്ടു വെച്ചതെന്നതാണ് ശ്രദ്ധേയം. ജാതി സെൻസസ് വേണമെന്ന കോൺഗ്രസ് നിർദ്ദേശത്തെ പ്രധാനമായി അതി രൂക്ഷമായി വിമർശിച്ചിരുന്നു. രാജ്യത്തെ വിഭജിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
''ഇവിടെ ജാതി അടിസ്ഥാനമാക്കിയുള്ള സർവേ നടത്തണമെന്നാണ് എന്റെ അഭിപ്രായം. ബിഹാർ സർക്കാർ അത് നടപ്പാക്കി. ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങൾ നൽകുന്നതിനാൽ ഇത്തരമൊരു നടപടിയിലൂടെ ഒ.ബി.സി, എസ്.സി, എസ്.ടി, ന്യൂനപക്ഷങ്ങൾ, പൊതുവിഭാഗം എന്നീ ജനസംഖ്യയുടെ കൃത്യമായ വിവരം ലഭിക്കും''സോലാപൂരിലെ പൊതുയോഗത്തിൽ അജിത് പവാർ പറഞ്ഞു. താനും മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡേയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് സെൻസസ് സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അജിത് പവാർ കൂട്ടിച്ചേർത്തു.
കോൺഗ്രസിന്റെയും പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണിയുടെയും പ്രധാന ആവശ്യമാണ് ജാതിസെൻസസ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ അധികാരത്തിലെത്തിയാൽ ജാതിസെൻസസ് നടപ്പാക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ജാതിസെൻസസിന് എതിരായ നിലപാടാണ് ബി.ജെ.പിക്കുള്ളത്. ജാതിസെൻസസ് രാജ്യത്തെ വിഭജിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. ഇതിനിടെയാണ് മഹാരാഷ്ട്രയിൽ ബി.ജെ.പിയുമായി സഖ്യത്തിലുള്ള അജിത് പവാർ ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."