വിഴുപ്പലക്കലിനെതിരേ ഘടകകക്ഷികള്‍; വെടിനിര്‍ത്തി കോണ്‍ഗ്രസ്
പ്രത്യേക ലേഖകന്‍
കോഴിക്കോട്: ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള വിഴുപ്പലക്കലില്‍ അതൃപ്തി പ്രകടിപ്പിച്ച് യു.ഡി.എഫ് ഘടകകക്ഷികള്‍. നേതാക്കള്‍ തമ്മിലെ തര്‍ക്കങ്ങള്‍ മുന്നണിക്കു ദോഷം ചെയ്യുമെന്ന മുന്നറിയിപ്പുമായി മുസ്‌ലിം ലീഗും ആര്‍.എസ്.പിയുമാണ് രംഗത്തുവന്നിരിക്കുന്നത്.
കോണ്‍ഗ്രസിലെ മാറ്റങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യമായ വിഴുപ്പലക്കല്‍ ദോഷം ചെയ്യുമെന്നും മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. ആ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണത്. അതു പരിഹരിക്കാനുള്ള ശേഷി കോണ്‍ഗ്രസിനുണ്ട്. ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനെ തകര്‍ക്കുന്ന നിലപാടില്‍നിന്ന് നേതാക്കള്‍ പിന്തിരിയണമെന്ന് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍ കൊല്ലത്തു പറഞ്ഞു.
പുനഃസംഘടയ്ക്കു ശേഷവും കോണ്‍ഗ്രസിന് രക്ഷയില്ലെന്ന് വിധിയെഴുതുന്നില്ല. കോണ്‍ഗ്രസ് തകരുകയല്ല. നേതാക്കള്‍ തന്നെ തകര്‍ക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളുടെ ഈ പ്രവൃത്തി മുന്നണിയിലെ മറ്റുപാര്‍ട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. മുങ്ങുന്ന കപ്പലില്‍ നില്‍ക്കാര്‍ ആരും തയാറാകില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വലിയ തോല്‍വിയുണ്ടായിട്ടും പഠിക്കാന്‍ തയാറാകുന്നില്ല. ഇങ്ങനെ പോയാല്‍ സ്വന്തം സുരക്ഷിതത്വം ആര്‍.എസ്.പിക്കു നോക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ തര്‍ക്കത്തിനു വിരാമമിടുന്നതായാണ് സൂചന. ഇന്നലെ പ്രധാന നേതാക്കളൊന്നും വിവാദ പ്രതികരണങ്ങള്‍ നടത്തിയില്ല. വിഷയത്തില്‍ ഇനി വിവാദങ്ങള്‍ക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ ഇനി പൊട്ടല്‍ മാത്രമാണെന്നും പൊട്ടിത്തെറി അവസാനിച്ചതായും കെ. മുരളീധരന്‍ എം.പി കോഴിക്കോട്ട് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അച്ചടക്കത്തിന്റെ ചട്ടക്കൂടില്‍ നിന്നാണ് അഭിപ്രായം പറഞ്ഞത്. യു.ഡി.എഫില്‍ ആര്‍.എസ്.പി ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങള്‍ അനസാനിക്കുന്നു എന്ന സൂചനയാണ് ഇന്നലെ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."