സി.എച്ച് ഫൗണ്ടേഷന്‍ പ്രഥമ പുരസ്‌കാരം പത്മശ്രീ എം.എ യൂസഫലിക്ക് നവം.12ന് സമ്മാനിക്കും
സി.എച്ച് വിയോഗത്തിന്റെ 40 വര്‍ഷം: അനുസ്മരണവും പ്രഥമ സി.എച്ച് പുരസ്‌കാര സമര്‍പ്പണവും ദുബൈ ശൈഖ് റാഷിദ് ഓഡിറ്റോറിയത്തില്‍
ദുബൈ: മുന്‍ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ നാമധേയത്തില്‍ സി.എച്ച് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തുന്ന പ്രഥമ പുരസ്‌കാരം നവംബര്‍ 12ന് പ്രമുഖ വ്യവസായി പത്മശ്രീ എം.എ യൂസഫലിക്ക് സമ്മാനിക്കുമെന്ന് ജൂറി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ പ്രഖ്യാപനം നേരത്തെ നാട്ടില്‍ നടത്തിയിരുന്നു.
സി.എച്ചിന്റെ നാല്‍പതാം ചരമ വാര്‍ഷികത്തോടുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനവും പ്രഥമ സി.എച്ച് പുരസ്‌കാര സമര്‍പ്പണവും 'റിഫ്‌ലക്ഷന്‍സ് ഓണ്‍ സി.എച്ച് : എ കമമ്മറേഷന്‍' ദുബൈ ശൈഖ് റാഷിദ് ഓഡിറ്റോറിയത്തില്‍ വൈകിട്ട് 6:30നാണ് നടക്കുക.
സി.എച്ച് മുഹമ്മദ് കോയ തന്റെ ജീവിതത്തിലൂടെ നല്‍കിയ സന്ദേശം പൊതുജനങ്ങളിലേക്കും പുതു തലമുറക്കും പരിചയപ്പെടുത്തുന്നതായിരിക്കും പരിപാടി. മികച്ച ഭരണാധികാരി, രാഷ്ട്രീയ നേതാവ്, എഴുത്തുകാരന്‍, പത്ര പ്രവര്‍ത്തകന്‍, വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവ്, സാംസ്‌കാരിക നായകന്‍ തുടങ്ങിയ മേഖലകളില്‍ പ്രശോഭിക്കുമ്പോഴും സാധാരണക്കാരായ തൊഴിലാളികളുടെയും പ്രയാസമനുഭവിക്കുന്നവരുടെയും ശബ്ദമാവാന്‍ സി.എച്ചിന് കഴിഞ്ഞു. മത സൗഹാര്‍ദം വളര്‍ത്താനും പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ സമാധാനത്തിന്റെ സന്ദേശവാഹകനാവാനും സി.എച്ചിന് കഴിഞ്ഞു. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ സി.എച്ച് നല്‍കിയ ജീവിത സന്ദേശം ചര്‍ച്ച ചെയ്യപ്പെടുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യേണ്ടതുണ്ടെന്നും മുനവ്വറലി തങ്ങള്‍ അഭിപ്രായപ്പെട്ടു.
ജീവകാരുണ്യ, തൊഴില്‍ മേഖലകളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രഥമ പുരസ്‌കാരം എം.എ യൂസഫലിക്ക് നല്‍കുന്നതെന്ന് മുനവ്വറലി തങ്ങള്‍ പറഞ്ഞു. സ്വദേശത്തും വിദേശത്തും അദ്ദേഹം നല്‍കുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നതിനോടൊപ്പം പാവപ്പെട്ടവരെ ചേര്‍ത്തു പിടിക്കുന്നു. അറബ് നാടുകളിലടക്കം മലയാളികളുടെ രക്ഷിതാവായി അദ്ദേഹം പ്രവര്‍ത്തിക്കുന്നു. കേരളീയ പൊതുസമൂഹത്തില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്തിയ മഹാനായ സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പേരിലുള്ള പ്രഥമ പുരസ്‌കാരത്തിന് എന്തുകൊണ്ടും അര്‍ഹനാണ് എം.എ യൂസഫലിയെന്നും മുനവ്വഞലി തങ്ങള്‍ വ ്യക്തമാക്കി.
ആരോഗ്യ, വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളിലടക്കം പ്രവര്‍ത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുടുംബത്തിന്റെ നേതൃത്വത്തില്‍ ഫൗണ്ടേഷന്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നതെന്ന് ഫൗണ്ടേഷന്‍ കോ-ചെയര്‍മാന്‍ ഡോ. മുഹമ്മദ് മുഫ്‌ലിഹ് പറഞ്ഞു. ഏകാംഗ ജൂറിയായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
എല്ലാ വര്‍ഷവും പുരസ്‌കാരം നല്‍കും. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ വ്യത്യസ്തമായി വിവിധ പദ്ധതികള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുമെന്നും ഡോ. മുഹമ്മദ് മുഫ്‌ലിഹ് കൂട്ടിച്ചേര്‍ത്തു. കേരളത്തിലെയും വിദേശത്തെയും നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
സിഎച്ച് മുഹമ്മദ് കോയ ഫൗണ്ടേഷന്റെ പ്രഥമ പരിപാടിയാണ് ദുബൈയില്‍ നടക്കുക.
മുനലി തങ്ങള്‍ക്കും ഡോ. മുഹമ്മദ് മുഫ്‌ലിഹിനും പുറമെ, യുഎഇ കെഎംസിസി ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ, ജലീല്‍ മഷ്ഹൂര്‍ തങ്ങള്‍, സമീര്‍ മഹ്മൂദ്, നാസിം പാണക്കാട്, ഫിറോസ് അബദുല്ല, അബ്ദുള്ള നൂറുദ്ദീന്‍, സല്‍മാന്‍ ഫാരിസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."