12 പാതകളില്‍ 438 സ്റ്റേഷനുകള്‍; മക്ക ബസ് സര്‍വീസ് ഉദ്ഘാടനം നവംബര്‍ 1ന്, ടിക്കറ്റ് നിരക്ക് ഇങ്ങനെ
12 പാതകളില്‍ 438 സ്റ്റേഷനുകള്‍; മക്ക ബസ് സര്‍വീസ് ഉദ്ഘാടനം നവംബര്‍ 1ന്
റിയാദ്: മക്ക ബസ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നവംബര്‍ 1 ബുധനാഴ്ച നടക്കുമെന്ന് റോയല്‍ കമ്മീഷന്‍ ഫോര്‍ മക്ക സിറ്റി ആന്‍ഡ് ഹോളി സൈറ്റുകള്‍ (ആര്‍സിഎംസി) അറിയിച്ചു. 2022 ഫെബ്രുവരി 15 മുതല്‍ പദ്ധതിയുടെ സൗജന്യ ട്രയല്‍ റണ്‍ ആരംഭിച്ചിരുന്നു. 400 ബസുകള്‍ പങ്കെടുത്ത പരീക്ഷണ ഓട്ടത്തില്‍ 17 ലക്ഷം ട്രിപ്പിലൂടെ 100 ദശലക്ഷം യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിച്ചു.
560 കിലോമീറ്റര്‍ പരിധിയില്‍ 12 പാതകളില്‍ 438 സ്റ്റേഷനുകളാണ് മക്ക ബസിനുള്ളത്. പ്രാരംഭഘട്ടമെന്ന നിലയില്‍ ഇതുവരെ സൗജന്യമായാണ് യാത്ര അനുവദിച്ചിരുന്നത്. നവംബര്‍ 1 മുതല്‍ ഒരു ടിക്കറ്റിന് 4 റിയാല്‍ ഈടാക്കും.
വെബ്‌സൈറ്റ്, പദ്ധതിയുടെ ഔദ്യോഗിക ആപ്ലിക്കേഷന്‍, പുണ്യനഗരമായ മക്കയില്‍ ഉടനീളം ലഭ്യമായ ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകള്‍ തുടങ്ങി നിരവധി ചാനലുകള്‍ വഴി ടിക്കറ്റുകള്‍ ലഭ്യമാകും.
മക്കയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സേവനം നല്‍കുന്നതിനും തിരക്ക് കുറഞ്ഞതും കൂടുതല്‍ സംഘടിതവുമായ റോഡുകളില്‍ സുരക്ഷിതവും വേഗതയേറിയതുമായ ബസുകള്‍ നല്‍കിക്കൊണ്ട് ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും മക്ക ബസ് പദ്ധതി സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."