'തങ്ക'വെള്ളി
ടോക്കിയോ: റിയോ പാരാലിംപിക്സില്‍ നേടിയ സ്വര്‍ണം ടോക്കിയോയിലും ആവര്‍ത്തിക്കുമെന്ന് കരുതിയ ഇന്ത്യന്‍ ജനതയ്ക്കു മുന്നില്‍ വെള്ളി നീട്ടി മാരിയപ്പന് തങ്കവേലു. പുരുഷന്മാരുടെ ഹൈജംപ് ടി63 വിഭാഗത്തില്‍ 1.86 മീറ്റര്‍ ഉയരം താണ്ടിയാണ് താരം വെള്ളി സ്വന്തമാക്കിയത്. ഈ ഇനത്തില്‍ വെങ്കലവും ഇന്ത്യക്ക് തന്നെ. 1.83 ഉയരം ചാടിയ ശരദ് കുമാറാണ് മാരിയപ്പന് പിന്നിലായി വെങ്കലം ഉയര്‍ത്തിയത്. 1.88 ഉയരം താണ്ടിയ അമേരിക്കയുടെ സാം ഗ്രീവാണ് ഇവിടെ സ്വര്‍ണം സ്വന്തമാക്കിയത്. റിയോയില്‍ ഈ ഇനത്തില്‍ വെങ്കലം നേടിയ വരുണ്‍ സിങ് ഭാട്ടിക്ക് ഫൈനലില്‍ ഏഴാമതെത്താനേ സാധിച്ചുള്ളൂ.
പാരാലിംപിക്സില്‍ മാരിയപ്പന്റെ രണ്ടാം മെഡലാണിത്. 2016ലെ റിയോ പാരാലിംപിക്സില്‍ താരം സ്വര്‍ണം നേടിയിരുന്നു. ടോക്കിയോയില്‍ ഹൈജംപില്‍ ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡലാണിത്. നേരത്തേ ടി47 വിഭാഗത്തില്‍ നിഷാദ് കുമാര്‍ വെള്ളി നേടിയിരുന്നു.
അതേസമയം ഇന്ത്യയുടെ വനിതാ ടേബിള്‍ ടെന്നിസ് ടീം ക്വാര്‍ട്ടറില്‍ ചൈനയോട് തോറ്റ് പുറത്തായി. സിംഗിള്‍സില്‍ വെള്ളി നേടിയ ഭവിന ബെന്‍ പട്ടേലും സൊനാലി ബെന്‍ പട്ടേലുമാണ് ഇന്ത്യക്കായി മത്സരിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യയുടെ തോല്‍വി. അമ്പെയ്ത്തിയില് ഇന്ത്യയുടെ രാകേഷ് കുമാറിന്റെ പോരാട്ടം ക്വാര്‍ട്ടറില്‍ അവസാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."