'ഏറ്റവും മികച്ചത്, ബുദ്ധിപരം; തീരുമാനം ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി'; അഫ്ഗാനിലെ സൈനിക പിന്മാറ്റത്തെ കുറിച്ച് വീണ്ടും ബൈഡന്‍
വാഷിങ്ടണ്‍ ഡി.സി: അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പൂര്‍ണമായും പിന്‍വലിച്ചത് ഏറ്റവും മികച്ചതും ബുദ്ധിപരവുമായ തീരുമാനമായിരുന്നെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. അമേരിക്കന്‍ ദേശീയതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള തീരുമാനമായിരുന്നു ഇതെന്നും ബൈഡന്‍ പറഞ്ഞു. സൈനിക പിന്മാറ്റത്തിന് ഒരു ദിവസത്തിന് ശേഷമാണ് ബൈഡന്‍രെ പ്രതികരണം.
അഫ്ഗാനില്‍ യു.എസിന് ഇനി വ്യക്തമായ ഒരു ലക്ഷ്യവും ഉണ്ടായിരുന്നില്ല. അമേരിക്കയ്ക്കു വേണ്ടിയുള്ള ഏറ്റവും മികച്ച തീരുമാനമാണ് സൈന്യത്തെ പിന്‍വലിക്കലെന്നും അമേരിക്കന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ അധിനിവേശ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധത്തിന് വിരാമമിട്ട് അവസാന സൈനികനും അഫ്ഗാനില്‍ നിന്ന് പിന്മാറിയത്. ആഗസ്റ്റ് 31നുള്ളില്‍ സേനപിന്മാറ്റം പൂര്‍ത്തിയാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു അമേരിക്കന്‍ സേന പിന്മാറ്റം പൂര്‍ത്തിയായത്.
അമേരിക്കന്‍ സേനയുടെ പിന്മാറ്റം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജനം തെരുവിലിറങ്ങി ആഘോഷിച്ചു. ശേഷിച്ച സൈനികരേയും വഹിച്ച് അവസാന അമേരിക്കന്‍ സേന വിമാനം കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ പടക്കം പൊട്ടിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു താലിബാന്‍ സേന. കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുക്കുകയും ചെയ്തു.
താലിബാന്‍ ഭരണത്തില്‍ ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താന്‍ എന്നാണ് അഫ്ഗാനിസ്താന്‍ അറിയപ്പെടുക.
2001 സെപ്റ്റംബര്‍ 11ന് അല്‍ഖാഇദ ഭീകരര്‍ അമേരിക്കയില്‍ നടത്തിയ ആക്രമണത്തിന് പിറകെ അതേ വര്‍ഷം ഒക്‌ടോബര്‍ ഏഴിനാണ് യു.എസ്,നാറ്റോ സഖ്യസേന അഫ്ഗാനിലിറങ്ങുന്നത്. അല്‍ഖാഇദയെ തകര്‍ക്കുകയും അഫ്ഗാനില്‍ ജനാധിപത്യ സര്‍ക്കാര്‍ സ്ഥാപിക്കുകയുമായിരുന്നു യു.എസ് നേതൃത്വം നല്‍കുന്ന സഖ്യസേനയുടെ ലക്ഷ്യം. 1996 മുതല്‍ അഫ്ഗാന്‍ ഭരിക്കുന്ന താലിബാനെ അട്ടിമറിച്ച അമേരിക്ക, അല്‍ ഖാഇദ തലവന്‍ ഉസാമ ബിന്‍ലാദിനെ പിടികൂടി വധിക്കുകയും ചെയ്തു. എന്നാല്‍, ലക്ഷ്യം പാതി നേടിയ അമേരിക്കയും നാറ്റോ സേനയും അഫ്ഗാനില്‍ തുടരുകയായിരുന്നു.
ഏറ്റുമുട്ടല്‍ തുടര്‍ന്ന താലിബാനുമായി ഒടുവില്‍ സമാധാന ഉടമ്പടിയുണ്ടാക്കിയാണ് അമേരിക്കയും നാറ്റോ സഖ്യസേനയും അഫ്ഗാന്‍ വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."