സ്വപ്നങ്ങള്‍ക്ക് ചിറകുപകര്‍ന്ന് പറക്കാനുറച്ച് യഹ്യ - വിഡിയോ
അരീക്കോട്:സ്വപ്നങ്ങള്‍ക്കും മീതേ പറക്കുന്ന ചിലരുണ്ട്. കാത്തുവെച്ച പ്രതീക്ഷകള്‍ക്ക് സാഫല്യത്തിന്റെ നിറം പകരുന്നവര്‍. അരീക്കോട് വെള്ളേരി ചെമ്പാപറമ്പ് സ്വദേശി യഹ്യ എന്ന ചെറുപ്പക്കാരനിപ്പോള്‍ സ്വപ്നങ്ങള്‍ക്ക് ചിറകു പകര്‍ന്ന് വിജയത്തിലേക്ക് പറക്കാനുള്ള ശ്രമത്തിലാണ്. പള്‍സര്‍ ബൈക്കിന്റെ എഞ്ചിനുപയോഗിച്ച് സ്വന്തമായി വിമാനം നിര്‍മിച്ചതിന്റെ സന്തോഷത്തിലാണ് ഈ 35കാരന്‍. വീടിനോട് അടുത്തായി ആറു വര്‍ഷം മുന്‍പാണ് യഹ്യ ഒരു ഷെഡ് ഒരുക്കി വിമാന നിര്‍മാണം തുടങ്ങിയത്. കഠിനാധ്വാനത്തിന്റെയും അതീവ പരിശ്രമത്തിന്റെയും ഫലമെന്നോണം വിമാന നിര്‍മാണം പൂര്‍ത്തിയാക്കാനായി. യഹ്യയുടെ കുഞ്ഞു വിമാനം പറക്കുന്നത് കാണാന്‍ നിരവധി ആളുകളാണ് കഴിഞ്ഞ ദിവസം വെള്ളേരിയിലെ ചെമ്പാപറമ്പ് ഗ്രൗണ്ടിലെത്തിയത്.
സ്വന്തമായി ഓടിച്ചിരുന്ന പള്‍സര്‍ ബൈക്കിന്റെ എഞ്ചിനുപയോഗിച്ചാണ് ചെറുവിമാനം നിര്‍മിച്ചത്. പ്രൊഫല്ലര്‍ നിര്‍മാണത്തിനായി മഹാഗണി മരത്തിന്റെ തടിയും ഉപയോഗിച്ചു. രാജ്യത്ത് പുതുതായി നിരത്തിലെത്തിയ ഇലക്ട്രിക്ക് ഓട്ടോയുടെ റെക്സിനാണ് വിമാനത്തിന്റെ മേല്‍ക്കൂരക്കായി ഉപയോഗിച്ചത്. ടാറ്റാ നനോ കാറിന്റെ സീറ്റും ആക്ടീവ സ്‌കൂട്ടറിന്റെ മൂന്നു ടയറും വിമാനത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. പെട്രോള്‍ ഉപയോഗിച്ചാണ് 350 കിലോ ഭാരം വരുന്ന ഈ ചെറുവിമാനം പറക്കുക. താന്‍ നിര്‍മിച്ച കുഞ്ഞു വിമാനം പറക്കാന്‍ റെഡിയാണെന്നാണ് നിര്‍മാതാവായ യഹ്യ അവകാശപ്പെടുന്നത്.
പരീക്ഷണ പറത്തിലിനായി രണ്ട് ദിവസം മുന്‍പ് തീരുമാനിച്ചിരുന്നെങ്കിലും ശക്തമായ മഴ വില്ലനായി. വിമാനം ഉയര്‍ന്നു പറക്കാന്‍ ചുരുങ്ങിയത് 300 മീറ്റര്‍ റണ്‍വെ വേണം. ഇത്രയും ദൂരമുള്ള റണ്‍വേ പരീക്ഷണ പറക്കലിനായുള്ള ഗ്രൗണ്ടില്‍ ഒരുക്കണം. എന്നാല്‍ ദിവസങ്ങളായി തുടരുന്ന ശക്തമായ മഴ തടസമായി. ഉയരെ പറത്താന്‍ സാധിച്ചില്ലെങ്കിലും ഗ്രൗണ്ടിലൂടെ നൂറു മീറ്ററിലധികം യഹ്യയുടെ കുഞ്ഞുവിമാനം കുതിച്ചു പാഞ്ഞു. കണ്ടു നിന്നവരൊക്കെയും ആരവങ്ങളോടെ എതിരേറ്റു. മഴ മാറിയാല്‍ വൈകാതെ തന്നെ പരീക്ഷണ പറത്തല്‍ നടത്താനാകുമെന്നാണ് യഹ്യയുടെ പ്രതീക്ഷ. എസി മെക്കാനിക് പഠനം പൂര്‍ത്തിയാക്കിയ ഈ യുവാവിന്റെ കുഞ്ഞുനാള്‍ മുതലുള്ള സ്വപ്നം പൂവണിയുന്നത് വൈകാതെ തന്നെ നേരിട്ട് കാണാനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
നിലവില്‍ ജെ.സി.ബി ഓപ്പറേറ്ററാണ് യഹ്യ. വാഹനങ്ങള്‍ കേടുപാടു പറ്റിയാല്‍ കൂട്ടുകാര്‍ ആദ്യം വിളിക്കുക ഇദ്ധേഹത്തേയാണ്. നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും വാഹനം കഴുകാന്‍ ഉപയോഗിക്കുന്ന യന്ത്രങ്ങളും യഹ്യ നിര്‍മിച്ചിട്ടുണ്ട്. നസീറയാണ് ഭാര്യ. നിഹ, നിഷാന്‍, സിഹാന്‍, ഹിബ മക്കളാണ്.
[video width="848" height="480" mp4="https://suprabhaatham.com/wp-content/uploads/2021/09/WhatsApp-Video-2021-09-01-at-8.35.13-AM.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."