എം.ടി വായനക്കാരുടെ ഹൃദയത്തിലേക്കിറങ്ങിച്ചെന്ന കഥാകാരനാണെന്ന് ചന്ദ്രശേഖര കമ്പാര്‍ കളിയച്ഛന് പുരസ്കാരം എം.ടിയ്ക്ക് സമ്മാനിച്ചു
കോഴിക്കോട്: വായനക്കാരുടെ ഹൃദയത്തിലേക്ക് നേരിട്ടിറങ്ങിച്ചെന്ന കഥാകാരനാണ് എം.ടി വാസുദേവന്‍ നായരെന്നും അതുകൊണ്ടാണ് എഴുത്തുകാര്‍ക്കിടയില്‍ അദ്ദേഹം മായാത്ത ശോഭയോടെ നിലനില്‍ക്കുന്നതെന്നും ജ്ഞാനപീഠ ജേതാവ് ഡോ. ചന്ദ്രശേഖരന് കമ്പാര്‍. മഹാകവി പി. കുഞ്ഞിരാമന് നായരുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ കളിയച്ഛന് പുരസ്കാരം എം.ടിയ്ക്ക് സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി. കുഞ്ഞിരാമന് നായര്‍ അടിമുടി കവിയായിരുന്നെന്നും ഭൂമിയെ രക്ഷിക്കേണ്ടതിനെപ്പറ്റിയും വനനശീകരണത്തെക്കുറിച്ചും വ്യവസായ വല്ക്കരണത്തെക്കുറിച്ചുമെല്ലാം ഇന്ത്യയില്‍ ആദ്യമായി എഴുതിയത് അദ്ദേഹമാണെന്നും എം.ടി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ 'കവിയുടെ കാല്‍പ്പാടുകള്‍' എന്ന ആത്മകഥ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞതാണ് തന്റെ പത്രപ്രവര്‍ത്തന ജീവിതത്തിലെ ഒരു സുപ്രധാന ഏട്. തന്റെ വീട്ടിലെത്തി അദ്ദേഹം എഴുതിച്ച അവതാരിക പുസ്തകത്തിന്റെ പുതിയ ലക്കത്തില്‍ നിന്ന് നീക്കം ചെയ്തതില്‍ ഖേദമുണ്ടെന്നും എം.ടി പറഞ്ഞു.
കവിത്വത്തിന്റെ പേരില്‍ മാത്രമല്ല, ഭൂമിയോട് അദ്ദേഹത്തിന്റെ അഗാധമായ സ്നേഹത്തിന്റെ പേരില്‍ കൂടിയാണ് കുഞ്ഞിരാമന് നായര്‍ ഓര്‍മിക്കപ്പെടേണ്ടതെന്നും എം.ടി കൂട്ടിച്ചേര്‍ത്തു.
സമസ്ത കേരളം നോവല്‍ പുരസ്കാരം നേടിയ സുഭാഷ് ചന്ദ്രന്, നിള കഥാപുരസ്കാരം നേടിയ കെ. രേഖ, താമരത്താണി കവിതാ പുരസ്കാരം നേടിയ ഇ. സന്ധ്യ, പയസ്വിനി വിവര്‍ത്തന പുരസ്കാരം നേടിയ സുധാകരന് രാമന്തളി എന്നിവര്‍ക്ക് എം.ടി വാസുദേവന്‍ നായര്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. തേജസ്വിനി വൈജ്ഞാനിക പുരസ്കാരം നേടിയ എസ്. കൃഷ്ണകുമാറിന് ചന്ദ്രശേഖര കമ്പാര്‍ പുരസ്കാരം സമ്മാനിച്ചു.
പി സാഹിത്യോത്സവം ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. നാല് കുഞ്ഞിരാമന് നായര്‍ കവിതകള്‍ ചേര്‍ന്നാല്‍ അവിടെയൊരു കേരളം പിറക്കുന്നുവെന്നാണ് ചൊല്ലെന്നും മലയാളത്തിന്റെ പാരമ്പര്യത്തില്‍ അഭിമാനം കൊണ്ട കവിയായിരുന്നു അദ്ദേഹമെന്നും ജ്ഞാനതപസ്വി പറഞ്ഞു. ഡോ. എം.എം ബഷീര്‍ പി അനുസ്മരണപ്രഭാഷണം നടത്തി. കുഞ്ഞിരാമന് നായരുടെ മകന് വി. രവീന്ദ്രന് നായര്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചു. ഡോ. ഖദീജാ മുംതാസ്, ഷാജി പുതൂര്‍, വേണുഗോപാല്‍, എം. ചന്ദ്രപ്രകാശ്, കെ.എ മുരളീധരന്, എന്‍.കെ വിജയകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."