മഴയിൽ കുളിച്ച് ഷാർജ; വിവിധ ഇടങ്ങളിൽ വെള്ളക്കെട്ട്, യുഎഇയിൽ മഴ തുടരും
മഴയിൽ കുളിച്ച് ഷാർജ; വിവിധ ഇടങ്ങളിൽ വെള്ളക്കെട്ട്, യുഎഇയിൽ മഴ തുടരും
ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ചയും കനത്ത മഴ പെയ്തു. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് മഴ തുടരുകയാണ്. മഴമൂലം വിവിധ ഇടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. വാദികളിലും റോഡുകളിലും വെള്ളം നിറഞ്ഞു. സോഷ്യൽ മീഡിയയിൽ നിരവധിപ്പേരാണ് വിവിധ ഇടങ്ങളിൽ വെള്ളക്കെട്ടുണ്ടായതായി വിഡിയോ പങ്കുവെച്ചത്.
അറബിക്കടലിൽ രൂപം കൊണ്ട തേജ് ചുഴലിക്കാറ്റിന്റെ പരോക്ഷമായ ആഘാതമാണ് രാജ്യത്ത് മഴ ശക്തമാക്കിയത്. ഒമാൻ അതിർത്തിയിൽ നിന്ന് വളരെ അകലെയല്ലാതെ രാജ്യത്തിന്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഷാർജയിലെ അൽ ഫയ മേഖലയിൽ മഴമൂലം ശക്തമായ വെള്ളപ്പൊക്കമാണ് ഉണ്ടായത്. തുടർച്ചയായ മഴയെ തുടർന്ന് റോഡുകളിൽ ആലിപ്പഴം വീഴുകയും വെള്ളക്കെട്ടുണ്ടാവുകയും ചെയ്തു.
ഷാര്‍ജ, ഫുജൈറ, റാസല്‍ഖൈമ എമിറേറ്റുകളുടെ വിവിധ ഭാഗങ്ങളിലാണ് ചൊവ്വാഴ്ചയും മഴ ലഭിച്ചത്. ദുബൈയടക്കം വിവിധ ഭാഗങ്ങളില്‍ വൈകുന്നേരത്തോടെ ശക്തമായ പൊടിക്കാറ്റ് ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഒക്‌ടോബർ 27 വെള്ളിയാഴ്ച വരെ രാജ്യത്ത് മഴ തുടരുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. വെള്ളപ്പൊക്കമുള്ള താഴ്‌വരകളിൽ ഉള്ളവരും അത്തരം പ്രദേശങ്ങളിലേക്ക് പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി. ഇത്തരം അപകടകരമായ സാഹചര്യങ്ങളിൽ അശ്രദ്ധമായി പ്രവർത്തിക്കുന്നത് വ്യക്തിയുടെ ജീവൻ അപകടത്തിലാക്കുക മാത്രമല്ല, പിഴ ഈടാക്കാനും വാഹനങ്ങൾ കണ്ടുകെട്ടാനും ഇടയാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."