കരുത്തുതെളിയിക്കാന്‍ ബൂത്ത് തലം മുതല്‍ ഗ്രൂപ്പുകള്‍ ശക്തിപ്പെടുത്തുന്നു
ജലീല്‍ അരൂക്കുറ്റി
ആലപ്പുഴ: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും ഗ്രൂപ്പുകളെ തള്ളി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ചതോടെ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം ബൂത്ത് തലം മുതല്‍ ശക്തിപ്പെടുത്താന്‍ എ, ഐ ഗ്രൂപ്പുകള്‍ തീരുമാനിച്ചു. ബൂത്ത് തലം മുതല്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ഉന്നയിക്കാനുള്ള നീക്കവുമുണ്ട്.
കെ.പി.സി.സി, ഡി.സി.സി ഭാരവാഹി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ലിസ്റ്റുകള്‍ നല്‍കേണ്ടതില്ലെന്നാണ് ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും തീരുമാനം. ചര്‍ച്ചകള്‍ക്കായി ഇനി നേതൃത്വത്തെ സമീപിക്കുകയില്ല. ചര്‍ച്ചയ്ക്കു വിളിച്ചാല്‍ മാത്രമേ അഭിപ്രായങ്ങള്‍ പറയുകയുള്ളൂ. ഗ്രൂപ്പ് ബലത്തില്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ഉയര്‍ന്നുവന്നവര്‍ ഇന്ന് ഗ്രൂപ്പില്ലെന്നു പറയുന്നതില്‍ നേതാക്കള്‍ക്ക് അമര്‍ഷമുണ്ട്. നേതാക്കളില്‍ ചിലരെ വാഗ്ദാനങ്ങള്‍ നല്‍കി അടര്‍ത്തിയെടുക്കാന്‍ കഴിയുമെങ്കിലും അണികളെ അത്തരത്തില്‍ ലഭിക്കില്ലെന്നാണ് മുതിര്‍ന്ന ഗ്രൂപ്പ് നേതാക്കളുടെ വിലയിരുത്തല്‍.
സംഘടനാ തെരഞ്ഞെടുപ്പ് നടത്തി ശക്തിതെളിയിക്കാന്‍ കഴിയുമോ എന്ന വെല്ലുവിളിയാണ് സുധാകരനും സതീശനും മുന്നില്‍ ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്നത്. കെ.പി.സി.സി, ഡി,സി.സി ഭാരവാഹി പുനഃസംഘടനയില്‍ സ്ഥാനങ്ങള്‍ ഗ്രൂപ്പിനൊപ്പം നില്‍ക്കുന്നവര്‍ക്ക് ഉറപ്പാക്കുകയാണ് ലക്ഷ്യം. എ ഗ്രൂപ്പ് പ്രവര്‍ത്തനം ഏകോപിക്കാന്‍ ബെന്നി ബെഹ്‌നാന്‍, കെ.സി ജോസഫ്, എം.എം ഹസന്‍, കെ. ബാബു എന്നിവരെ രംഗത്തിറക്കാനാണ് തീരുമാനം. ടി. സിദ്ധീഖ് ഗ്രൂപ്പ് വിടുന്നില്ലെന്ന നിലപാട് സ്വീകരിച്ചെങ്കിലും തുടര്‍നീക്കങ്ങള്‍ക്കനുസരിച്ചായിരിക്കും ഗ്രൂപ്പിന്റെ സമീപനം. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.ടി തോമസും ഗ്രൂപ്പില്ലാതെ നില്‍ക്കുന്നതിനെ അവഗണിക്കാനാണ് തീരുമാനം.
ഐ ഗ്രൂപ്പിലാണ് പ്രതിസന്ധി കൂടുതല്‍. പ്രമുഖരായ കൂടുതല്‍ നേതാക്കള്‍ ഗ്രൂപ്പ് വിട്ടത് ഗ്രൂപ്പിന് ക്ഷീണമായി. കെ. മുരളീധരന്‍, ശൂരനാട് രാജശേഖരന്‍, ആര്‍. ചന്ദ്രശേഖരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയവര്‍ പുതിയ നേതൃത്വത്തിനൊപ്പമായത് ചെന്നിത്തലയ്ക്ക് തിരിച്ചടിയായി. ഇതിനിടയില്‍ കെ.സി വേണുഗോപാലിനെ അനൂകൂലിക്കുന്നവരുടെ ഗ്രൂപ്പും ഐ ഗ്രൂപ്പിനുള്ളില്‍ ശക്തമാണ്. ജോസഫ് വാഴക്കന്‍, എ.പി അനില്‍കുമാര്‍, ജ്യോതികുമാര്‍ ചാമക്കാല , എ.എ ഷൂക്കൂര്‍, അന്‍വര്‍ സാദത്ത് തുടങ്ങിയ വിശ്വസ്തര്‍ വഴിയാണ് ചെന്നിത്തല ഗ്രൂപ്പിനെ ഏകോപിപ്പിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ അകന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ രണ്ടാംനിര നേതാക്കള്‍ വഴി ഗ്രൂപ്പ് ശക്തിപ്പെടുത്താനും ഉമ്മന്‍ ചാണ്ടിയുമായി സഹകരിച്ചു നീങ്ങാനുമാണ് ഐ ഗ്രൂപ്പ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."