എമിറേറ്റ്സ് ഐഡി സ്കാനറുകൾ വിടപറയുന്നു; ഇനി വിസ, പാസ്പോർട്ട് വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാകും
എമിറേറ്റ്സ് ഐഡി സ്കാനറുകൾ വിടപറയുന്നു; ഇനി വിസ, പാസ്പോർട്ട് വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാകും
ദുബൈ: ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐ.സി.പി) ഡാറ്റാബേസിൽ നിന്നുള്ള വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ട് യുഎഇ. താമസക്കാരെക്കുറിച്ചുള്ള ശരിയായ ഡാറ്റ കാർഡ് റീഡറുകളുടെ സഹായം ഇല്ലാതെ തന്നെ ആവശ്യക്കാരായ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി. ഇതോടെ കാർഡ് റീഡറുകൾ ഓർമ്മയാകും. അകീദ് (Akeed) എന്ന് വിളിക്കപ്പെടുന്ന പുതിയ സംവിധാനം ഈ വർഷം അവസാനമോ അടുത്ത വർഷമോ നടപ്പിലാക്കും.
നിലവിൽ ഓരോ താമസക്കാരുടെയും വിവരങ്ങൾ അവരുടെ എമിറേറ്റ്സ് ഐഡി കാർഡ് റീഡറുകളിൽ സ്കാൻ ചെയ്താണ് വിവരങ്ങൾ നൽകിവരുന്നത്. എന്നാൽ ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇതിന്റെ ആവശ്യമുണ്ടാകില്ല. ഫിനാൻഷ്യൽ, ഹെൽത്ത് കെയർ, ഇൻഷുറൻസ് തുടങ്ങി സ്വകാര്യ കമ്പനികൾക്ക് വിവരങ്ങൾ റീഡർ ഇല്ലാതെ തന്നെ ലഭിക്കും. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി എക്‌സിബിഷൻ ആയ ഗിടെക്‌സ് ഗ്ലോബലിൽ യുഎഇ ഈ സംവിധാനം പ്രദർശിപ്പിച്ചിരുന്നു.
"അകീദ് ഒരു പുതിയ സംവിധാനമാണ്, അത് ഉടൻ ആരംഭിക്കും. ഫിനാൻഷ്യൽ, ഹെൽത്ത് കെയർ, ഇൻഷുറൻസ്, മറ്റ് മേഖലകളിലെ സ്ഥാപനങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ ഐ.സി.പി ഡാറ്റാബേസിൽ നിന്ന് ലഭിക്കാൻ ഇത് സഹായിക്കുന്നു. ഉദാഹരണത്തിന്, ഒരു ഹെൽത്ത് കെയർ കമ്പനിക്ക് ഒരാളുടെ പേര്, പാസ്‌പോർട്ട് വിശദാംശങ്ങൾ അല്ലെങ്കിൽ ഇൻഷുറൻസ് പോളിസി എന്നിവ ആവശ്യമാണ് എങ്കിൽ അതിന് ആളിന്റെ സഹായമില്ലാതെ ഡാറ്റാബേസിൽ നിന്ന് ലഭിക്കും. ഇത് ഓരോ സ്ഥാപനത്തിനും പൂർണ്ണമായതും ശരിയായതുമായ വിവരങ്ങൾ ലഭിക്കാൻ ഇടയാക്കും. ഇതുവഴി ആളുകൾക്കും കമ്പനികൾക്കും സമയം ലാഭിക്കുകയും ചെയ്യാം. ഈ സേവനം കാർഡ് റീഡറിനെ മാറ്റിസ്ഥാപിക്കും. അതിനാൽ ആളുകൾ കാർഡ് റീഡറിൽ എമിറേറ്റ്‌സ് ഐഡി സ്കാൻ ചെയ്യേണ്ടി വരില്ല” ഗിറ്റെക്‌സ് സ്റ്റാൻഡിലെ ഐ.സി.പി വക്താവ് വ്യക്തമാക്കുന്നു.
ഇതിനകം റെസിഡൻസി പെർമിറ്റുകളും എമിറേറ്റ്‌സ് ഐഡികളും നൽകിയിട്ടുള്ള ആളുകളുടെ വിവരങ്ങൾ അകീദ് വഴി ലഭ്യമാക്കാൻ കമ്പനികൾക്ക് കഴിയും. അതേസമയം, ഈ സേവനം സൗജന്യമാണോ അതോ കമ്പനികൾ സേവനത്തിന് ഫീസ് നൽകേണ്ടിവരുമോ എന്ന് ഇപ്പോൾ വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."