അര്‍ജുനെ ഒഴിവാക്കിയത് യൂത്ത് കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്നം, മകന്റെ നിയമനത്തിനായി ഇടപെട്ടിട്ടില്ലെന്നും തിരുവഞ്ചൂര്‍
തിരുവനന്തപുരം: അര്ജുന് രാധാകൃഷ്ണന് ഉള്‍പ്പെടെ അഞ്ച് മലയാളികളെ യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താക്കളായി നിയമിപ്പിച്ചത് മരവിപ്പിച്ചത് യൂത്ത് കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്നമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. മകന്റെ നിയമനത്തിനാി താന്‍ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'അര്‍ജുനെ ഒഴിവാക്കിയത് യൂത്ത് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നമാണ്. അവന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിലയിരുത്തേണ്ടയാള് താനല്ല. തങ്ങള്‍ തമ്മിലുള്ളത് അച്ഛന് മകന് ബന്ധമാണ്. അതിലപ്പുറം ഒന്നും പറയാന്‍ കഴിയില്ല' അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി കാര്യങ്ങള്‍ അതുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നു അറിയാമെന്നും താന്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് അര്ജുന് രാധാകൃഷ്ണന് ഉള്‍പ്പെടെ അഞ്ച് മലയാളികളെ യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താക്കളായി നിയമിച്ചത്. നിയമനം വിവാദമായതോടെ തീരുമാനം മരവിപ്പിക്കുകയായിരുന്നു.
തന്നെ യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താവായി നിയമിച്ചത് മെറിറ്റ് കണ്ടാണെന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന് അര്ജുന് രാധാകൃഷ്ണന്റെ പ്രതികരണം. ദേശീയ നേതൃത്വം നടത്തിയ ക്യാമ്പയിനില്‍ പങ്കെടുത്തു. അതില്‍ നിന്നാണ് തന്നെ തിരഞ്ഞെടുത്തത്. മാറ്റി നിര്‍ത്തിയത് ആരുടെ എതിര്‍പ്പു കൊണ്ടെന്ന് അറിയില്ലെന്നും അര്ജുന് പറഞ്ഞു. മരവിപ്പിച്ചത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇതില്‍ പരിഭവമില്ല. ഇനി സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അച്ഛന്റെ രാഷ്ട്രീയവുമായി തനിക്ക് ബന്ധമില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി നല്ല ബന്ധമാണമെന്നും അര്ജുന് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."