തടവുകാർക്കും വേണ്ടേ വോട്ടവകാശം?
ഗിരീഷ് കെ. നായർ
ജനാധിപത്യവ്യവസ്ഥയിൽ പൗരന് അന്തസും വ്യക്തിത്വവും സ്വാതന്ത്ര്യവും നിലനിർത്തുന്നതിനും അവനിൽ നിക്ഷിപ്തമായ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിനും പ്രാഥമിക അവകാശങ്ങൾ നിർണയിച്ചു നൽകിയിട്ടുണ്ട്. ജീവിക്കുന്നതിനും സഞ്ചരിക്കുന്നതിനും അഭിപ്രായസ്വാതന്ത്ര്യത്തിനും ജനാധിപത്യപ്രക്രിയകളിൽ പങ്കെടുക്കുന്നതിനുമുള്ള അവകാശങ്ങളും ഇക്കൂട്ടത്തിൽ പെടുന്നു. മാഗ്നാകാർട്ടയും ബിൽ ഓഫ് റൈറ്റ്‌സും പോലെ ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ 12 മുതൽ 35 വരെയുള്ള അനുഛേദങ്ങൾ ചൂണ്ടിക്കാട്ടുന്ന മൗലികാവകാശങ്ങളെപ്പറ്റിയാണിവിടെ പറയുന്നത്. നിയമദൃഷ്ടിയിൽ പൗരൻമാർ തുല്യരായിരിക്കേ ആ തുല്യത എന്തിലും പുലരേണ്ടതുണ്ട്. എന്നാൽ, വോട്ടെടുപ്പ് പ്രക്രിയ വരുമ്പോൾ പൗരനാണെങ്കിലും പങ്കെടുക്കാൻ കഴിയാതെപോകുന്ന ഒരു വിഭാഗമുണ്ട്. കുറ്റം ചാർത്തപ്പെട്ട് തടവിലാക്കപ്പെട്ട ഇക്കൂട്ടർക്ക് വോട്ടു ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പട്ടിരിക്കുന്നു, കാലങ്ങളായി. ഫലത്തിൽ പൗരത്വം നഷ്ടമായതിനു തുല്യ അവസ്ഥ. സുപ്രിംകോടതി വളരെ ഗൗരവമായി ചിന്തിക്കുന്ന വിഷയമായി ഇത് മാറിയിരിക്കുന്നു. കുറ്റവാളിയായതുകൊണ്ട് ഒരാളെങ്ങനെ വോട്ടവകാശം നിഷേധിക്കപ്പെടുന്നു എന്നത് ചിന്തനീയമാണ്. കുറ്റകൃത്യം ചെയ്തവരാണെങ്കിൽകൂടി അവരെ സംരക്ഷിക്കണമെന്നതും 20ാം അനുഛേദത്തിൽ പറയുന്നുണ്ട്. ഇവർക്ക് വോട്ട് ചെയ്യാനവകാശമില്ലേ എന്ന ചോദ്യം പ്രസക്തമാണ്.
മൗലികാവകാശങ്ങളിൽ വോട്ടവകാശം പെടുന്നുവെന്നാണ് പലരുടെയും ധാരണ. അത് എവിടെയും നിർവചിക്കപ്പെട്ടു കണ്ടിരുന്നുമില്ല. എന്നാൽ തടവുകാരുടെ വോട്ടവകാശം വിഷയമായപ്പോൾ കോടതി പറഞ്ഞിരിക്കുന്നു, വോട്ടവകാശം മൗലികാവകാശമല്ലെന്ന്. കഴിഞ്ഞ വർഷം ഒരു വിധിയിൽ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ദെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഭരണഘടനയുടെ മൂന്നാം അനുഛേദം ഉയർത്തിക്കാട്ടിയാണ് വോട്ടവകാശം മൗലികാവകാശമാണെന്ന് ഇതുവരെ വാദിക്കപ്പെട്ടിരുന്നത്. എന്നാൽ ഇവിടെ അങ്ങനെ പറയുന്നില്ലെന്നും ഭരണഘടനാപരമായ അവകാശമാണെന്ന് മാത്രമാണ് പറയുന്നതെന്നും സുപ്രിംകോടതി പറഞ്ഞതോടെ വോട്ടവകാശം മൗലികാവകാശമല്ലെന്ന് എല്ലാവർക്കും മനസിലായിരിക്കുന്നു. അപ്പോൾ മൗലികാവകാശം നിഷേധിക്കപ്പെട്ടു എന്നു പറയാൻ കഴിയില്ല. എങ്കിലും അവർക്ക് പൗരൻമാർ എന്ന നിലയിൽ വോട്ടവകാശം വേണ്ടേ എന്ന ചോദ്യമുയരുന്നു.
നിയമങ്ങൾ കാലാനുസൃതമായി വ്യാഖ്യാനിക്കാനാകണം, അത് ജനങ്ങൾക്കുവേണ്ടിയുള്ളതുമാകണം. ഇന്നലെവരെ വോട്ട് ചെയ്തയാൾ ഇന്ന് കുറ്റകൃത്യത്തിലകപ്പെട്ട് തടവിലായെങ്കിൽ അയാൾക്ക് വോട്ടവകാശം നിഷേധിക്കാൻ അത് സാധുവായ കാരണമാകുന്നതെങ്ങനെയെന്ന ചിന്ത ഇപ്പോഴെങ്കിലും ഉണ്ടായതിൽ സുപ്രിംകോടതിയെ അഭിനന്ദിക്കണം. കുറ്റവാളിയായിരിക്കേ വോട്ട് ചെയ്യാൻ കഴിയാതിരിക്കുകയും പുറത്തിറങ്ങുമ്പോൾ താൻ വോട്ട് രേഖപ്പെടുത്താത്ത ഭണകർത്താവിനു കീഴിൽ ജീവിക്കേണ്ടിവരികയും ചെയ്യ സാഹചര്യം നിയമവിരുദ്ധമാണെന്ന് കോടതി കണ്ടെത്തിക്കൂടായ്കയില്ല. ഭരിക്കപ്പെടുന്നവന് ആ വാദം ഉയർത്തുകയുമാകാമല്ലോ.
ഭരണഘടനാപരമായ അവകാശമാകുമ്പോൾ അത് മാറ്റിയെഴുതാവുന്നതാണ്. വോട്ട് ചെയ്യാനുള്ള പ്രായപരിധി 21 ൽ നിന്ന് 18ലേക്ക് ആക്കിയത് (ലോക്‌സഭ, നിയമസഭ) 1988ൽ ഭരണഘടനയിൽ വരുത്തിയ 61ാമത്തെ മാറ്റത്തിലൂടെയായിരുന്നു എന്നുകാണാം. 326ാം വകുപ്പ് പുനർനിർവചിച്ചാണ് ഇത് സാധ്യമാക്കിയത്. ജനപ്രാതിനിധ്യ നിയമത്തിലെ 62(5) വകുപ്പിൽ പറയുന്ന തടവുകാർക്ക് വോട്ടവകാശം നിഷേധിക്കുന്നതിനെതിരായ പൊതുതാൽപര്യ ഹരജിയിൽ സുപ്രിംകോടതി കേന്ദ്രസർക്കാരിനും തെരഞ്ഞെടുപ്പ് കമ്മിഷനും നോട്ടിസ് അയച്ചിരിക്കുന്നത് ഗുണകരമായ മാറ്റത്തിന്റെ മുന്നോടിയാകണം. ഈ വകുപ്പിൽ വിചാരണയിലിരിക്കുന്നവർക്കോ രാഷ്ട്രീയത്തടവുകാർക്കോ ജാമ്യത്തിലുള്ളവർക്കോ വോട്ടവകാശത്തെപ്പറ്റി പറയുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഏതുതരം കുറ്റം ചെയ്തവർക്കാണ് വിലക്കുള്ളതെന്നോ തടവ് കാലാവധി എത്രയുള്ളവർക്കാണ് വിലക്കെന്നോ വകുപ്പ് പ്രതിപാദിക്കുന്നുമില്ല. സുപ്രിംകോടതി പരിഗണിച്ചിരിക്കുന്ന ഹരജിയിൽ ഇക്കാര്യങ്ങളെല്ലാം ഉൾപ്പെടുന്നുണ്ട്. ജനപ്രാതിനിധ്യ നിയമം 62(5) തടവുകാരെ വോട്ടവകാശത്തിൽ നിന്നു തടയുന്നതാണ്. എന്നാൽ തടങ്കൽ പാളയങ്ങളിൽ കഴിയുന്നവർക്ക് ഇത് ബാധകമാകുന്നില്ല.
2021 ഡിസംബർ 31ലെ കണക്കനുസരിച്ച് ഏതാണ്ട് 5.54 ലക്ഷം തടവുകാരാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ജയിലുകളിലുള്ളത്. ഇവരിൽത്തന്നെ 4.47 ലക്ഷം പേർ വിചാരണത്തടവുകാരാണ്. 1.22 ലക്ഷം പേർ കുറ്റവാളികളാണ്. 3470 പേർ രാഷ്ട്രീയത്തടവുകാരാണ്. മറ്റ് വിഭാഗങ്ങളിൽ 547 പേരുമുണ്ടെന്നാണ് നാഷനൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്ക്. നിലവിലെ നിയമമനുസരിച്ച് ശിക്ഷിക്കപ്പെട്ടാൽ രാഷ്ട്രീയ നേതാക്കൾക്ക് ആറ് വർഷം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ലെന്നതാണ് വ്യവസ്ഥ. ലോക രാജ്യങ്ങളിൽ മിക്കയിടത്തും തടവുകാർക്ക് വോട്ടവകാശമില്ല. എന്നാൽ ഇവിടങ്ങളിൽ വിചാരണത്തടവുകാർക്കും തടങ്കൽ പാളയങ്ങളിലുള്ളവർക്കും വോട്ടവകാശമുണ്ടെന്ന കാര്യം വിസ്മരിച്ചാകരുത് ഈ വിഷയത്തെ നിയമസംവിധാനങ്ങൾ കാണേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."