മരംകൊള്ള: എത്ര ഉന്നതരായാലും നടപടി വേണം
കൊച്ചി: അനധികൃത മരംമുറിക്കെതിരേ കര്‍ശന നിലപാടുമായി ഹൈക്കോടതി. വിവിധയിടങ്ങളില്‍ നടന്ന മരംകൊള്ളയ്ക്കു പിന്നില്‍ ഉദ്യോഗസ്ഥരുടെ പങ്കുണ്ടെങ്കില്‍ എത്രയും പെട്ടെന്നു കണ്ടെത്തുന്നതിനു നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മരംകൊള്ള ഗുരുതര പ്രശ്‌നമാണ്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നു വ്യക്തമാക്കിയ കോടതി പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും നിര്‍ദേശിച്ചു.
അനധികൃത മരംമുറി ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ നടക്കില്ലെന്നു കോടതി നിരീക്ഷിച്ചു.
മരംമുറിച്ചതുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണം പട്ടയഭൂമി കേന്ദ്രീകരിച്ചു മാത്രമാവരുതെന്നു ക്രൈംബ്രാഞ്ചിനു ഹൈക്കോടതി നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ ഭൂമിയിലെ മരങ്ങള്‍ മുറിച്ചു മാറ്റിയതു സംബന്ധിച്ച് അന്വേഷണം നടത്തണം.
പട്ടയഭൂമിയിലെ മരംമുറിക്കാനുള്ള ഉത്തരവില്‍ ദുരൂഹതകളുണ്ടെന്നു ചൂണ്ടിക്കാട്ടി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ജോര്‍ജ് വട്ടുകുളം സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ക്രൈംബ്രാഞ്ചിനു നിര്‍ദേശം നല്‍കിയത്. കേസന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല. ഭാവിയില്‍ എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജിയില്‍ വിധി പറഞ്ഞത്. അന്വേഷണ സംഘതലവന്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പല കാര്യങ്ങളുമുണ്ടെന്നും ശരിയായ അന്വേഷണം നടക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ട് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സൂക്ഷിക്കണം.
എത്രയും പെട്ടന്നു ക്രൈംബ്രാഞ്ച് അഡീ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രൂപീകരിക്കണം. പൊതുമുതലിന്റെ സംരക്ഷകന്‍ സര്‍ക്കാരാണെന്ന മാനസികാവസ്ഥയിലാവണം അന്വേഷണം. തേക്കും ഈട്ടിയും പോലെ മൂല്യമുള്ള മരങ്ങളുടെ അനധികൃത മുറിക്കല്‍ നടപടികളില്‍ വളരെ ശ്രദ്ധയോടെയുള്ള അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ചും അന്വേഷണം നടക്കുകയാണെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."