അധിക സീറ്റ് പേരിന് മാത്രം മലപ്പുറത്ത് പ്ലസ്‌വണ്‍ സീറ്റിന് വിദ്യാര്‍ഥികളുടെ കാത്തിരിപ്പ്
സ്വന്തം ലേഖകന്‍
മലപ്പുറം: പ്ലസ് വണ്‍ ക്ലാസുകളില്‍ 20 ശതമാനം അധിക സീറ്റ് പേരിന് നല്‍കുമ്പോഴും മലപ്പുറം ജില്ലയില്‍ പത്താം ക്ലാസ് കടന്ന വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് കാത്തിരിക്കണം. നിലവില്‍ ഒരു ക്ലാസില്‍ 50 കുട്ടികള്‍ക്കാണ് സീറ്റ് അനുവദിക്കുന്നത്. ഇതില്‍ 20 ശതമാനം അധിക സീറ്റ് നല്‍കുന്നതോടെ 10 പേര്‍ക്ക് മാത്രമാണ് അവസരം കൈവരുന്നത്. ഇത് കാലങ്ങളായി തുടരുന്ന പ്രവണതയാണ്. ജില്ലയില്‍ ഇത്തവണ 75,554 പേരാണ് എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ചത്. ഇവര്‍ക്ക് പുറമെ സി.ബി.എസ്.ഇ, ടി.എച്ച്.എസ്.സി, ഐ.സി.ഐ.സി, എന്‍.ഐ.ഒ.എസ് പരീക്ഷ എഴുതി വിജയിച്ചവര്‍ക്കും വേണം പ്ലസ് വണ്ണിലേക്ക് സീറ്റ്. സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 41,950, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍(വി.എച്ച്.എസ്.ഇ)2790, ഐ.ടി.ഐ 1295, പോളിടെക്‌നിക് 1180 സീറ്റുകളിലായി 47,215 സീറ്റുകളാണ് ആകെയുള്ളത്. അനുവദിക്കപ്പെട്ട സീറ്റില്‍ 28,339 പേര്‍ക്കും തുടര്‍ പഠനത്തിന് സീറ്റില്ല.
മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയവര്‍ക്ക് അടക്കം ഇഷ്ടമുള്ള വിഷയവും ആഗ്രഹിക്കുന്ന സ്‌കൂളും ലഭിക്കാത്ത അവസ്ഥയാണുള്ളത്. കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കാതെ നിലവിലെ പ്രതിസന്ധിക്ക് അറുതിവരില്ല. എല്ലാ സ്‌കൂളിലും ഹയര്‍സെക്കന്‍ഡറികളും നിലവിലുള്ളവയില്‍ അധിക ബാച്ചുകളും അനുവദിച്ചാല്‍ മാത്രമാണ് വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനം സാധ്യമാവുക.
ജില്ലയിലെ മിക്ക ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും രണ്ട് ബാച്ചുകള്‍ മാത്രമാണുള്ളത്. 20 സര്‍ക്കാര്‍ ഹൈസ്‌കൂളിലും ഹയര്‍സെക്കന്‍ഡറിയില്ല. തെക്കന്‍ ജില്ലകളില്‍ സീറ്റുകളിലേക്ക് അവശ്യത്തിന് വിദ്യാര്‍ഥികളില്ലാതെ വരുമ്പോഴാണ് മലപ്പുറത്ത് എപ്ലസ് നേടിയവര്‍ക്ക് പോലും ആഗ്രഹിക്കുന്ന വിഷയത്തിന് സീറ്റില്ലാത്ത അവസ്ഥയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."