61 ഇനം ആഫ്രിക്കൻ മൃഗങ്ങളെ ഷാർജ സഫാരിയിലെത്തിച്ച് യുഎഇ
61 ഇനം ആഫ്രിക്കൻ മൃഗങ്ങളെ ഷാർജ സഫാരിയിലെത്തിച്ച് യുഎഇ
ഷാർജ: ആഫ്രിക്കയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ സഫാരി പദ്ധതിയായ ഷാർജ സഫാരിയിലേക്ക് പുതിയ മൃഗങ്ങൾ എത്തി. 61 ഇനം വിഭഗത്തിൽപ്പെട്ട മൃഗങ്ങളാണ് ആഫ്രിക്കയിൽ നിന്ന് സഫാരി പാർക്കിലെത്തിയത്. ഷാർജയിലെ എൻവയോൺമെന്റ് ആൻഡ് പ്രൊട്ടക്റ്റഡ് ഏരിയസ് അതോറിറ്റി (ഇ.പി.എ.എ) യാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അൽ ദൈദിലെ അൽ ബ്രിഡി റിസർവിനുള്ളിൽ സ്ഥിതി ചെയ്യുന്ന സഫാരി ആഫ്രിക്കയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ സഫാരി പദ്ധതിയായാണ് അറിയപ്പെടുന്നത്. പുതിയ ഇനം സസ്തനികൾ, ഉരഗങ്ങൾ, പക്ഷികൾ, മറ്റ് ആഫ്രിക്കൻ മൃഗങ്ങൾ എന്നിവയെ വൈവിധ്യം വർദ്ധിപ്പിക്കുന്നതിനായാണ് കൂടുതൽ മൃഗങ്ങളെ ഇവിടെയെത്തിച്ചത്.
മൃഗങ്ങളെ എത്തിക്കുന്നതിനും പരിപാലിക്കുന്നതിനും കൃത്യമായ പദ്ധതിയും ആസൂത്രണവും സമയക്രമവും പാലിച്ചാണ് ഷാർജ സഫാരി പദ്ധതി നടപ്പിലാക്കുന്നതെന്ന് ഇ.പി.എ.എ ചെയർപേഴ്സൺ ഹന സെയ്ഫ് അൽ സുവൈദി പറഞ്ഞു. പരിസ്ഥിതി സംരക്ഷിക്കുന്നതിനും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഡോ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടുകൾക്ക് പ്രാമുഖ്യം നൽകുന്നെന്നും അവർ പറഞ്ഞു.
ടൂറിസവും പരിസ്ഥിതി സംരക്ഷണവും പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെ വർദ്ധിപ്പിക്കുകയും സുസ്ഥിരതയും ഇക്കോ-ടൂറിസവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ഞങ്ങളുടെ ലക്ഷ്യം - ഹന സെയ്ഫ് അൽ സുവൈദി പറഞ്ഞു.
ആഫ്രിക്കൻ വന്യജീവി സ്വഭാവം കണക്കിലെടുത്ത്, അവയ്ക്ക് ആവശ്യമായ പരിസ്ഥിതി ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരു കൂട്ടം സ്പെഷ്യലൈസ്ഡ് വെറ്ററിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ മൃഗങ്ങൾക്ക് വിപുലമായതും സ്ഥിരവുമായ വൈദ്യ പരിചരണം നൽകുന്നുണ്ട്.
അതേസമയം, ഷാർജ സഫാരിയിലെ മൃഗങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനായി പ്രജനന പ്രവർത്തനങ്ങൾ നടത്തുന്നു. അപൂർവവും വംശനാശഭീഷണി നേരിടുന്നവയുമായ മൃഗങ്ങൾക്ക് പ്രത്യേക സംരക്ഷണവും പ്രജനന പരിപാടികളും ഇവിടെ നടത്തിവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."