പെന്‍ഷന്‍ കണക്കാക്കുന്നതിന് പുതിയ പദ്ധതി ; കെ.എസ്.ആര്‍.ടി.സിക്ക് സുപ്രിംകോടതിയുടെ അന്ത്യശാസനം
രണ്ടു മാസത്തിനുള്ളില്‍ തയാറായില്ലെങ്കില്‍ ഗതാഗത സെക്രട്ടറി നേരിട്ട് ഹാജരാകണം
ന്യൂഡല്‍ഹി: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പെന്‍ഷന്‍ കണക്കാക്കുന്നതിന് രണ്ടു മാസത്തിനുള്ളില്‍ പുതിയ പദ്ധതി തയാറാക്കിയില്ലെങ്കില്‍ സംസ്ഥാന ഗതാഗത സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് മുന്നറിയിപ്പ് നല്‍കി സുപ്രിംകോടതി.
കോടതിക്ക് നല്‍കിയ ഉറപ്പ് നീട്ടിക്കൊണ്ടു പോകുന്ന സാഹചര്യത്തിലാണ് അന്ത്യശാസനം നല്‍കുന്നതെന്നും ജസ്റ്റിസുമാരായ എസ്.കെ കൗള്‍, എം.എം സുന്ദരേഷ് എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കി.
കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനു മുമ്പ് ദിവസവേതത്തില്‍ ജോലിചെയ്തിരുന്നവരുടെ അര്‍ഹതപ്പെട്ട മുഴുവന്‍ കാലവും പരിഗണിച്ച് പെന്‍ഷന്‍ നല്‍കണമെന്ന് കേരളാ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
ഇതിനെതിരേ കെ.എസ്.ആര്‍.ടി.സി സമര്‍പ്പിച്ച ഹരജിയാണ് സുപ്രിംകോടതി പരിഗണിച്ചത്.
ജീവനക്കാരുടെ പെന്‍ഷന്‍ സംബന്ധിച്ച് പുതിയ പദ്ധതി തയറാക്കുന്നുണ്ടെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി വിധിയെ കെ.എസ്.ആര്‍.ടി.സി എതിര്‍ത്തിരുന്നത്. ധനകാര്യം, ഗതാഗതം, നിയമം വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് പദ്ധതി തയാറാക്കാന്‍ വൈകുന്നതെന്ന് ഇന്നലെ കെ.എസ്.ആര്‍.ടി.സി അഭിഭാഷകന്‍ സുപ്രിംകോടതിയെ അറിയിച്ചു.
ഓണാവധിയും തടസമായി. അയ്യായിരത്തോളം ജീവനക്കാര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. അതിനാല്‍ എട്ടാഴ്ചത്തെ സമയം അനുവദിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
ഇതോടെ ഇത് അവസാന അവസരമാണെന്ന് വ്യക്തമാക്കി സുപ്രിംകോടതി എട്ടാഴ്ച സമയം നല്‍കി. ഗതാഗത സെക്രട്ടറി ഹാജരാകണമെന്ന വ്യവസ്ഥ ഉത്തരവില്‍ നിന്ന് നീക്കണമെന്ന് കെ.എസ്.ആര്‍.ടി.സി അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.
ഇക്കാര്യം ബോധപൂര്‍വ്വം ഉള്‍പ്പെടുത്തിയതാണെന്നും പദ്ധതി തയാറാക്കിയാല്‍ ഗതാഗത സെക്രട്ടറി ഹാജരാകേണ്ടതില്ലെന്നും ബഞ്ച് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."