അഞ്ച് നദികളുടെ നാട്
പുരാതന കാലത്ത് പഞ്ചാബ് സപ്തസിന്ധു എന്ന പ്രദേശത്തിന്റെ ഭാഗമായിരുന്നു. സിന്ധു, ഝലം, ചെനാബ്, റാവി, ബിയാസ്, സത്‌ലജ്, സരസ്വതി എന്നീ നദികളാണ് അവ. സിന്ധുനദിയിലേക്ക് പഞ്ചാബില്‍വച്ചാണ് ഝലം, ചെനാബ്, റാവി, ബിയാസ്, സത്‌ലജ് എന്നീ നദികള്‍ കൂടിച്ചേരുന്നത്. ഈ നദികളെ പഞ്ചാബിന്റെ ജീവനാഡികള്‍ എന്ന് വിളിക്കാറുണ്ട്. ഇവയാണ് പഞ്ചാബിലെ കാര്‍ഷിക പുരോഗതിക്ക് സഹായകമാകുന്നത്. ഇവിടെയുള്ള ജനങ്ങളുടെ അടിസ്ഥാന ഭാഷ പഞ്ചാബിയാണ്. സിഖ് മത വിശ്വാസികളാണ് പഞ്ചാബില്‍ ഭൂരിപക്ഷം. 1966 നവംബര്‍ 1 നാണ് പഞ്ചാബ് സംസ്ഥാനം രൂപീകൃതമായത്.
ഇന്നത്തെ പഞ്ചാബ്, കശ്മിര്‍ അടങ്ങുന്നതായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ നിലനിന്നിരുന്ന സിഖ് സാമ്രാജ്യം. തെക്ക് സിന്ധ് വരെയും വടക്ക് കാശ്മിര്‍ വരെയും പടിഞ്ഞാറ് ഖൈബര്‍ ചുരം കിഴക്ക് തിബറ്റ് വരേയും ഈ സാമ്രാജ്യം വ്യാപിച്ചു.
സിഖ് സാമ്രാജ്യത്തിന്റെ ആദ്യത്തെ രാജാവായിരുന്നു മഹാരാജാ രഞ്ജിത് സിങ്. 1799 ല്‍ ദുറാനികളുടെ പ്രതിനിധിയായി സമാന്‍ ഷാ ദുറാനി ലാഹോറില്‍ നിയമിച്ചു. ദുറാനികളുടെ ശക്തിക്ഷയം മനസിലാക്കിയ രഞ്ജിത് സിങ് സിഖ് വിഭാഗങ്ങളെ ഏകോപിപ്പിച്ച് സിഖ് സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു.
ഝലം
പഞ്ചനദികളില്‍ ഏറ്റവും വലിയ നദിയാണ് ഇത്. 772 കിലോമീറ്റര്‍ നീളമുള്ള ഈ നദിയുടെ 400 കിലോമീറ്ററോളം ഇന്ത്യയിലൂടെയും അവശേഷിക്കുന്ന ഭാഗം പാക്കിസ്താനിലൂടെയും ഒഴുകുന്നു. കശ്മിരിലെ വെരിനാഗില്‍നിന്നാണ് നദിയുടെ ഉത്ഭവം. വൂളാര്‍ തടാകത്തിലൂടെ ഒഴുകിയാണ് നദി പാക്കിസ്താനിലേക്ക് പ്രവേശിക്കുന്നത്. ജമ്മുകശ്മിരിലെ മുസാഫര്‍ബാദിനടുത്ത് പോഷകനദികളായ കിഷന്‍ ഗംഗ, കന്‍ഹാന്‍ എന്നിവ ഝലം നദിയുമായി ചേരുന്നു. പാക്കിസ്താനിലെ ഝാങ്ങില്‍വച്ച് ചെനാബ് നദിയുമായി കൂടിച്ചേരുന്നു. പിന്നീട് സത്‌ലജുമായി ചേര്‍ന്ന് പാഞ്ച് നാദ് നദിയായി മാറി മിഥാന്‍ കോട്ടില്‍വച്ച് സിന്ധു നദിയില്‍ ലയിക്കുകയും ചെയ്യുന്നു.
ചെനാബ്
സിന്ധു നദീജല ഉടമ്പടി പ്രകാരം ചെനാബിലെ ജലം പാക്കിസ്താന്റെ കൈവശമാണ്. 960 കിലോമീറ്റര്‍ നീളമുണ്ട് ചെനാബ് നദിക്ക്. പുരാതന ഗ്രീക്കില്‍ അസെസൈന്‍സ് എന്നും വേദകാലഘട്ടത്തില്‍ അശ്കിനി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഹിമാചല്‍ പ്രദേശിലെ ലാഹുല്‍ സ്പിറ്റി ജില്ലയില്‍നിന്നാണ് നദിയുടെ ഉത്ഭവം. ചന്ദ്ര, ഭാഗ എന്നീ ഉറവകളാണ് ചെനാബ് നദി രൂപീകരിക്കുന്നത്. ഇവിടെനിന്ന് ജമ്മുകശ്മിരിലൂടെ ഒഴുകി ട്രിമ്മുവില്‍വച്ച് ഝലം നദിയും പിന്നീട് റാവി നദിയും ചെനാബില്‍ ലയിക്കുന്നു. ഉച്ച് ഷരീഫില്‍വച്ച് സത്‌ലജ് നദിയുമായി കൂടി ചേര്‍ന്ന് പാഞ്ച്‌നാദ് നദി രൂപീകരിച്ച് മിഥന്‍ കോട്ടില്‍വച്ച് സിന്ധു നദിയുമായി ചേരുന്നു. അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ചെനാബ് പാഞ്ച്‌നാദ് നദി പ്രദേശങ്ങളില്‍ ബി.സി 325 ല്‍ ഒരു പട്ടണം രൂപീകരിച്ചതായി ചരിത്രത്തിലുണ്ട്. ചെനാബ് നദിയിലെ അണക്കെട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ പാക്കിസ്താനുമായി തര്‍ക്കമുണ്ടായിരുന്നു.
റാവി
ഇന്ത്യ, പാക്കിസ്താന്‍ എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്നു. 720 കിലോമീറ്ററാണ് ആകെ നീളം. ഹിമാചല്‍ പ്രദേശിലെ മണാലി എന്ന സ്ഥലത്തുനിന്നാണ് ഉത്ഭവം. പഞ്ചാബ് സമതലം, ഇന്ത്യാ-പാക് അതിര്‍ത്തി എന്നീ ഭാഗങ്ങളിലൂടെ ഒഴുകി ഈ നദി പാക്കിസ്താനില്‍വച്ച് ചെനാബ് നദിയുമായി ചേരുന്നു. സിന്ധു നദീജല ഉടമ്പടി പ്രകാരം ഈ നദീജലം ഇന്ത്യക്ക് അവകാശപ്പെട്ടതാണ്.
ബിയാസ്
പുരാതന ഗ്രീക്കില്‍ ഹൈഫാസിസ് എന്നും ഇന്ത്യയില്‍ വിപാസ്, വിപാശ എന്നീ പേരുകളിലും ഈ നദി അറിയപ്പെടുന്നു. നാനൂറ്റി അറുപതു കിലോമീറ്ററോളം നീളമുണ്ട്. ഹിമാചല്‍ പ്രദേശത്തിലെ റോഹ്താങ് ചുരത്തില്‍നിന്നാണ് നദിയുടെ ഉത്ഭവം. ഉത്ഭവസ്ഥാനത്തുനിന്ന് ഹിമാചലിന്റെ പടിഞ്ഞാറേ അതിര്‍ത്തിയില്‍വച്ച് തെക്കോട്ടൊഴുകി പഞ്ചാബ് സമതലത്തില്‍ പ്രവേശിക്കുകയും നൂറ്റമ്പത് കിലോമീറ്ററോളം ഒഴുകി ബിയാസിലെത്തുകയും ചെയ്യുന്നു. പിന്നീട് ഹരികെയില്‍ സത്‌ലജില്‍ ചേരുന്നു.
സത്‌ലജ്
ഇന്ത്യയില്‍ ചുവന്നനദിയെന്ന പേരില്‍ അറിയപ്പെടുന്നു. മാനസസരോവരത്തിലെ പടിഞ്ഞാറു ഭാഗത്തുനിന്നാണ് ഉത്ഭവം. ബിയാസ് നദിയുമായി ലയിച്ച് പാക്കിസ്താനിലേക്കൊഴുകുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടായ ഭക്രാനംഗല്‍ സത്‌ലജ് നദിയിലാണ് സിന്ധു നദീ ഉടമ്പടി പ്രകാരം ഈ നദിയുടെ ഭൂരിഭാഗം ജലവും നമ്മുടെ രാജ്യത്തിന് അവകാശപ്പെട്ടതാണ്.
സംസ്‌കാരങ്ങളുടെ ഈറ്റില്ലം
പുരാതാന കാലം തൊട്ട് പഞ്ചാബില്‍ ജന വാസമുണ്ടായിരുന്നു. ആറു ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ മനുഷ്യര്‍ ജീവിച്ചിരുന്നതായി ഗവേഷണങ്ങള്‍ തെളിയിക്കുന്നുണ്ട്. സിന്ധു നദീതട സംസ്‌കാരത്തിന്റെ പ്രബല പ്രദേശങ്ങളായ ഹാരപ്പയും മോഹന്‍ജദാരോയും പഞ്ചാബിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ മനുഷ്യ സംസ്‌കാരത്തിന്റെ ഉദയം പഞ്ചാബിലാണ്.
ആഘോഷങ്ങളുടെ നാട്
ആഘോഷങ്ങള്‍ക്കു പേരു കേട്ട സംസ്ഥാനമാണ് പഞ്ചാബ്. പഞ്ചാബിലെ ബസന്ത്, ഹോള മൊഹല്ല ആഘോഷങ്ങഴള്‍ ലോക പ്രസിദ്ധമാണ്. പഞ്ചാബിലെ കടുക് പാടങ്ങള്‍ പൂവിടുന്ന സമയത്താണ് ബസന്ത് ആഘോഷം നടക്കുന്നത്. ഹോളിക്ക് ശേഷം വരുന്ന ആഘോഷമാണ് ഹോള മൊഹല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."