ചൊവ്വാദോഷം മാറ്റാൻ പൂജനടത്താമെന്ന് വാഗ്ദാനം ചെയ്ത് യുവതിയുടെ രണ്ടുപവൻ ആഭരണം തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ
അമ്പലപ്പുഴ: യുവതിയുടെ ചൊവ്വാദോഷം മാറാൻ പൂജ നടത്തണമെന്ന് തെറ്റിദ്ധരിപ്പിച്ച് രണ്ടുപവൻ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. ഇടുക്കി വണ്ടൻമേട് തുളസീമന്ദിരത്തിൽ ശ്യാംകുമാറിനെ (35) ആണ് അമ്പലപ്പുഴ ഇൻസ്‌പെക്ടർ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ശ്യാംകുമാറുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട അമ്പലപ്പുഴ കരുമാടി സ്വദേശിനിയായ യുവതിയാണ് തട്ടിപ്പിനിരയായത്.
ഫേസ്ബുക്കിലെ സൗഹൃദം ഉപയോഗിച്ച് വീട്ടുകാരുമായും അടുപ്പത്തിന് ശ്രമിച്ചു. തുടർന്നിയാൾ കരുമാടിയിലെ വീട്ടിലെത്തി വിവാഹത്തിനു തടസ്സമായ ചൊവ്വാദോഷം മാറാൻ സ്വർണപ്പാദസരം പൂജിക്കണമെന്ന് പറഞ്ഞു. പാദസരം കൈക്കലാക്കിയശേഷം തന്ത്രപൂർനം ബൈക്കിൽ കടന്നുകളയുകയായിരുന്നു. യുവതിയുടെ അച്ഛനമ്മമാരുടെ പരാതിയിലാണ് കേസെടുത്തത്. ഇടുക്കി കട്ടപ്പനയിൽനിന്നാണു പ്രതിയെ പിടികൂടിയത്. ഇയാൾക്കതിരേ സമാനസ്വഭാവമുള്ള തട്ടിപ്പിനു തിരുവനന്തപുരത്തും കേസുണ്ടെന്ന് പോലീസ് പറഞ്ഞു.
pooja fraud over chovva dosham youth arrested
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."