മസ്‌കിന്റെ അന്ത്യശാസനത്തിന് പിന്നാലെ നൂറുകണക്കിന് ജീവനക്കാര്‍ ട്വിറ്റര്‍ വിടുന്നു
ന്യൂയോര്‍ക്ക്: 'കാര്യക്ഷമമായി ദീര്‍ഘനേരം ജോലിക്കാര്‍ സൈന്‍ അപ്പ് ചെയ്യുക, അല്ലെങ്കില്‍ വിട്ടുപോകുക' എന്ന പുതിയ മുതലാളി എലോണ്‍ മസ്‌കിന്റെ അന്ത്യശാസനത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായ നൂറുകണക്കിന് ജീവനക്കാര്‍ ട്വിറ്റര്‍ വിട്ടേക്കും.
ബ്ലൈന്‍ഡ് എന്ന വര്‍ക്‌പ്ലേസ് ആപ് 180 പേരില്‍ നടത്തിയ രഹസ്യ സര്‍വേയില്‍ 40% പേരും ട്വിറ്റര്‍ വിടുകയാണെന്ന് വ്യക്തമാക്കി. ഇ-മെയില്‍ വഴിയാണ് അഭിപ്രായം തേടിയത്. 42% പേരും 'എക്‌സിറ്റ് എടുക്കുന്നു, ഞാന്‍ സ്വതന്ത്രനാണ്' എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്തപ്പോള്‍ നാലിലൊന്ന് പേര്‍ 'മനസ്സില്ലാമനസ്സോടെ' തുടരുന്നുവെന്ന് പറഞ്ഞു. വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 7% പേര്‍ മാത്രമാണ് തുടരുന്നുവെന്നും കഠിനമായി ജോലിചെയ്യാന്‍ തയ്യാറാണെന്നും വ്യക്തമാക്കിയത്.
മസ്‌ക് ചില മുന്‍നിര ജീവനക്കാരെ കാണുകയും അവരെ അവിടെ തുടരാന്‍ പ്രേരിപ്പിക്കുകയും ചെയ്തതായി ട്വിറ്റര്‍ സഹപ്രവര്‍ത്തകരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന നിലവിലെ ഒരു ജീവനക്കാരനും അടുത്തിടെ കമ്പനി വിട്ട ഒരു ജീവനക്കാരനും പറഞ്ഞു. എത്ര ജീവനക്കാര്‍ തുടരുമെന്ന് വ്യക്തമല്ലെങ്കിലും, ഉയര്‍ന്ന മാനേജ്‌മെന്റ് പ്രഫഷണലുകള്‍ ഉള്‍പ്പെടെ പകുതി ജീവനക്കാരെയും പിരിച്ചുവിടാന്‍ മസ്‌ക് തിടുക്കംകൂട്ടുകയും നീണ്ട മണിക്കൂറുകള്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതോടെ കമ്പനിയില്‍ തുടരാന്‍ നിരവധി ജീവനക്കാര്‍ വിമുഖത പ്രകടിപ്പിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
തിങ്കളാഴ്ച വരെ ഓഫിസുകള്‍ അടച്ചിടുമെന്നും ബാഡ്ജ് ആക്‌സസ് വെട്ടിക്കുറയ്ക്കുമെന്നും കമ്പനി ജീവനക്കാരെ അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം സുരക്ഷാ ഉദ്യോഗസ്ഥര്‍ ജീവനക്കാരെ ഓഫിസില്‍ നിന്ന് പുറത്താക്കാന്‍ തുടങ്ങിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഏകദേശം 50 ട്വിറ്റര്‍ ജീവനക്കാരുമായി സിഗ്‌നല്‍ എന്ന ആപില്‍ നടത്തിയ ഒരു സ്വകാര്യ ചാറ്റില്‍, ഏകദേശം 40 പേര്‍ തങ്ങള്‍ ജോലി രാജിവയ്ക്കാന്‍ തീരുമാനിച്ചതായി മുന്‍ ജീവനക്കാരന്‍ പറഞ്ഞു. ട്വിറ്ററിന്റെ നിലവിലെയും മുന്‍ ജീവനക്കാരുടെയും ഒരു സ്വകാര്യ സ്ലാക്ക് ഗ്രൂപ്പില്‍, ഏകദേശം 360 പേര്‍ 'സ്വയം പിരിഞ്ഞുപോവല്‍' എന്ന പേരില്‍ ഒരു പുതിയ സ്ലാക്ക് ഗ്രൂപ്പുണ്ടാക്കിയതായി ഇതേക്കുറിച്ച് അറിവുള്ള ഒരാള്‍ വെളിപ്പെടുത്തി.
ബ്ലൈന്‍ഡ് എന്ന ഗ്രൂപ്പിന്റെ വോട്ടെടുപ്പില്‍ എത്ര ശതമാനം ആളുകള്‍ ട്വിറ്റര്‍ വിടുമെന്ന് കണക്കാക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടപ്പോള്‍ പ്രതികരിച്ചവരില്‍ പകുതിയിലധികം പേരും 50% ജീവനക്കാരെങ്കിലും വിടുമെന്ന് അഭിപ്രായപ്പെട്ടു.
ബുധനാഴ്ച പുലര്‍ച്ചെയാണ് മസ്‌ക് ട്വിറ്റര്‍ ജീവനക്കാര്‍ക്ക് ഇ-മെയില്‍ അയച്ചത്. 'വഴിത്തിരിവുള്ള ട്വിറ്റര്‍ 2.0 നിര്‍മിക്കുന്നതിനും വര്‍ധിച്ചുവരുന്ന മത്സരാധിഷ്ഠിത ലോകത്ത് വിജയിക്കുന്നതിനും, നമ്മള്‍ വളരെ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്' എന്ന് സന്ദേശത്തില്‍ പറയുന്നു. ജോലി തുടരാന്‍ ആഗ്രഹിക്കുന്ന ജീവനക്കാരോട് 'അതെ' എന്ന് ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു. അഞ്ചുമണിയായിട്ടും പ്രതികരിക്കാത്തവരെ ജോലി ഉപേക്ഷിച്ചതായി കണക്കാക്കി വേര്‍പിരിയല്‍ പാക്കേജ് നല്‍കുമെന്ന് ഇ-മെയിലില്‍ പറയുന്നു. സമയപരിധി അടുത്തതോടെ എന്തുചെയ്യണമെന്നറിയാതെ ജീവനക്കാര്‍ നെട്ടോട്ടമോടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."