HOME
DETAILS

ഫെഡറലിസം നേരിടുന്ന വെല്ലുവിളികള്‍

  
backup
October 26 2023 | 01:10 AM

challenges-to-federalism

ഫെഡറലിസം നേരിടുന്ന വെല്ലുവിളികള്‍

എന്‍.പി ചെക്കുട്ടി

1975ല്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഉടനെ രാജ്യത്തെങ്ങും പ്രതിപക്ഷ നേതാക്കളെ വേട്ടയാടാന്‍ തുടങ്ങി. അന്ന് മിസ(ആഭ്യന്തര സുരക്ഷാ നിയമം), ഡി.ഐ.ആര്‍(ഇന്ത്യയെ പ്രതിരോധിക്കല്‍ ചട്ടം) തുടങ്ങിയ നിയമങ്ങളാണ് വ്യാപകമായി പ്രയോഗിക്കപ്പെട്ടത്. കേരളത്തില്‍ ഈ നിയമങ്ങളുടെ പ്രയോഗത്തിനോട് അച്യുതമേനോന്‍ സര്‍ക്കാര്‍ തുടക്കത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. തുടര്‍ന്ന് സുപ്രിംകോടതി ഭരണഘടനാപരമായ അവകാശങ്ങള്‍ പൂര്‍ണമായും റദ്ദാക്കി ഉത്തരവു പുറപ്പെടുവിച്ചതോടെയാണ് പ്രതിപക്ഷവേട്ട ഇവിടെയും ശക്തമായത്.

ഇന്ത്യന്‍ ഫെഡറല്‍ ഭരണസംവിധാനം നേരിട്ട ഏറ്റവും വലിയ ചില വെല്ലുവിളികളാണ് അന്ന് രാജ്യം ദര്‍ശിച്ചത്. വിവിധ സംസ്ഥാനങ്ങളുടെ ഒരു യൂനിയന്‍ എന്നാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിനെ ഭരണഘടന സങ്കല്‍പ്പിക്കുന്നത്. അതില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും പ്രത്യേകം അവകാശങ്ങളുണ്ട്. കേന്ദ്രവും സംസ്ഥാനങ്ങളും സംയുക്തമായി കൈകാര്യം ചെയ്യുന്ന മേഖലകളുമുണ്ട്. പരസ്പരം കടന്നാക്രമണങ്ങളില്ലാതെ അതിനെ യഥോചിതം പരിപാലിക്കുക എന്നതാണ് പരമോന്നത കോടതിയുടെ ചുമതലകളിലൊന്ന്. അത്തരം ചുമതലകളില്‍നിന്ന് സുപ്രിംകോടതി ബോധപൂര്‍വം ഒഴിഞ്ഞുമാറി സര്‍വാധികാരങ്ങളും എക്‌സിക്യൂട്ടീവിനു നല്‍കുന്ന ഭയാനക കാഴ്ചയാണ് 197577കാലത്ത് രാജ്യം ദര്‍ശിച്ചത്.

സമാനമായ ചില വെല്ലുവിളികള്‍ ഇന്ന് രാജ്യം വീണ്ടും അഭിമുഖീകരിക്കുന്നുണ്ട്. സംസ്ഥാനങ്ങളുടെ അധികാരങ്ങളും സാമ്പത്തികശക്തിയും കേന്ദ്രം കവര്‍ന്നെടുക്കുന്ന ദുരവസ്ഥ നരേന്ദ്രമോദി ഭരണത്തില്‍ ഈ നാട് അനുഭവിക്കുന്നുണ്ട്. ഇന്ത്യന്‍ ദേശീയതയെയും രാജ്യത്തിന്റെ അഖണ്ഡതയെയും സംബന്ധിച്ച ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും അശാസ്ത്രീയവും അസംബന്ധപൂര്‍ണവുമായ ധാരണകളും വികലമായ നിലപാടുകളുമാണ് അവരുടെ പല നയങ്ങളുടെയും പിന്നിലെ യഥാര്‍ഥ ചാലകശക്തി. ഏകശിലാതുല്യമായ ഏകീകൃത ഭരണസംവിധാനം രാജ്യത്തെങ്ങും നടപ്പാക്കുക എന്നതാണ് അവരുടെ പ്രധാന ലക്ഷ്യം. അതിന്റെ കേന്ദ്രസ്ഥാനത്ത് ഹിന്ദുത്വദര്‍ശനമാണ് അവര്‍ മുന്‍വയ്ക്കുന്നത്. ഭരണനിര്‍വഹണ സംവിധാനം, സുരക്ഷാസേനകള്‍, കോടതികള്‍, ധനകാര്യ നിര്‍വഹണ സംവിധാനങ്ങള്‍ എന്നിവയെല്ലാം ഈ വീക്ഷണത്തിന്റെ ചട്ടക്കൂടില്‍ സമഗ്രമായി പുതുക്കിപ്പണിയാനാണ് അവര്‍ ശ്രമിക്കുന്നത്. അതില്‍ ഒരു വലിയ പരിധിവരെ ഇതിനകം തന്നെ അവര്‍ വിജയിച്ചിട്ടുമുണ്ട്.

അതിന്റെ വിവിധ ഫലങ്ങളിലൊന്ന് സംസ്ഥാനങ്ങളുടെ അധികാരത്തിലും സാമ്പത്തികശക്തിയിലും അനുക്രമമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ശോഷണമാണ്. നമ്മുടെ രാജ്യചരിത്രത്തില്‍ സംസ്ഥാനങ്ങളുടെ അധികാരവും സ്വയംഭരണവും ഇത്രയേറെ ഭീഷണികള്‍ക്കു വിധേയമായ കാലഘട്ടം നേരത്തെ സൂചിപ്പിച്ച അടിയന്തരവസ്ഥാ കാലത്തൊഴിച്ചു മറ്റൊരിക്കലും ഉണ്ടായിട്ടില്ല. ഇന്ദിരയുടെ കാലത്തു കോണ്‍ഗ്രസ് പാര്‍ട്ടിയല്ല, അതിന്റെ നേതാവും കടുംബവുമാണ് ഈ ഭീഷണികള്‍ക്ക് കാരണമായിത്തീര്‍ന്നത്. അതിനാല്‍ ഇന്ദിരാഭരണം വീണതോടെ അത്തരം പ്രവണതകളെ ചെറുക്കാനും അനിവാര്യമായ തിരുത്തലുകള്‍ വരുത്താനും രാജ്യത്തിന് അവസരമുണ്ടായി. മാത്രമല്ല, അടിയന്തരാവസ്ഥയെന്നത് ജനാധിപത്യ സംവിധാനത്തിന്റെ നേരെയുള്ള തുറന്ന കടന്നാക്രമണമായിരുന്നു. അതിനാല്‍ ചെറുത്തുനില്‍പ്പ് കൂടുതല്‍ എളുപ്പവും ഫലപ്രദവുമായിരുന്നു.

എന്നാല്‍ ഇന്നതല്ല സ്ഥിതി. ഗോപ്യമായും അമിത ദേശാഭിമാനവായ്ത്താരിയില്‍ പൊതിഞ്ഞുമാണ് ഇന്നത്തെ കാലത്ത് ഏകാധിപത്യപ്രവണതകള്‍ സമൂഹത്തിലും ഭരണരംഗത്തും ആധിപത്യം നേടുന്നത്. രാജ്യത്തെ ഒരു വലിയ വിഭാഗം ജനങ്ങളെ ഈ നിലയില്‍ തെറ്റിദ്ധരിപ്പിക്കാനും ജനാധിപത്യത്തിന്റെ അടിസ്ഥാനഘടനയെ തന്നെ അട്ടിമറിച്ച്, അവിടെ പുതിയ സംവിധാനം പ്രതിഷ്ഠിക്കാനും ഇന്നത്തെ അധികാരിവര്‍ഗത്തിനു സൗകര്യങ്ങളുണ്ട്. ജനാധിപത്യവും ഉദാരവാദവും പൊതുവില്‍ ഏകോദര സഹോദരങ്ങളെപ്പോലെ ഒന്നിച്ചാണ് ജനാധിപത്യ സമൂഹങ്ങളില്‍ പ്രവര്‍ത്തിച്ചുവന്നത്. എന്നാല്‍ ഇന്ന് ഉദാരവാദ സമീപനങ്ങളെ അട്ടിമറിക്കുന്നതില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ ഉറപ്പാക്കാന്‍പോലും ഭരണാധികാരികള്‍ക്കു കഴിയുന്നുണ്ട്. അതിനാലാണ് റിപ്പബ്ലിക്കിന്റെ അടിസ്ഥാന സങ്കല്‍പങ്ങളെപ്പോലും അട്ടിമറിക്കുന്ന പ്രവണതകളെ രാജ്യം പലപ്പോഴും ചോദ്യംചെയ്യാതെ സ്വീകരിക്കുന്നത്.
എന്നാല്‍ ഇനിയുള്ള നാളുകളില്‍ അത്തരം ഏകാധിപത്യഏകകക്ഷി മേധാവിത്വ പ്രവണതകള്‍ കൂടുതല്‍ രൂക്ഷമാകും എന്നാണ് മനസിലാക്കേണ്ടത്. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ ഓരോന്നായി കൈപ്പിടിയിലൊതുക്കുന്ന പ്രവണത ഇന്നു മിക്ക മേഖലകളിലും കാണാം. വിദ്യാഭ്യാസമടക്കം സംസ്ഥാന പട്ടികയിലുള്ള സുപ്രധാന മേഖലകളില്‍ ഈ കടന്നുകയറ്റം നിരന്തരം നടക്കുകയാണ്. സഹകരണമേഖലയില്‍ കടന്നുകയറാനുള്ള കേന്ദ്ര നീക്കങ്ങളും അതിന്റെ ഭാഗമാണ്. ഇനി മറ്റു മേഖലകളിലും ഇതേ പ്രവണത നമ്മള്‍ കാണേണ്ടിവരും.

അതിലൊന്ന്, നികുതിവിഹിതം സംസ്ഥാനങ്ങള്‍ക്കു വീതംവയ്ക്കുന്നതില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ്. പ്രത്യക്ഷപരോക്ഷ നികുതികളില്‍ മഹാഭൂരിപക്ഷവും ഇന്ന് കേന്ദ്ര നിയന്ത്രണത്തിലാണ്. വരുമാനത്തിന്റെ പങ്കുവയ്പ്പിന് ആധാരമാക്കുന്നത് കേന്ദ്രം നിശ്ചയിക്കുന്ന ധനകാര്യ കമ്മിഷന്റെ ശുപാര്‍ശകളും അവര്‍ തയാറാക്കുന്ന ഫോര്‍മുലകളുമാണ്. അതിലിപ്പോള്‍ കാണുന്ന ഒരു പ്രവണത സാമൂഹികസാമ്പത്തിക രംഗങ്ങളില്‍ കൂടുതല്‍ മുന്നേറ്റം കൈവരിച്ച സംസ്ഥാനങ്ങള്‍ക്ക് നേരത്തെ ലഭിച്ചുവന്ന വിഹിതം വെട്ടിക്കുറയ്ക്കുന്നതാണ്. സമീപകാല ഫിനാന്‍സ് കമ്മിഷനുകളുടെ പ്രധാന ശ്രദ്ധ പിന്നോക്കം നില്‍ക്കുന്നവരെ ഉയര്‍ത്തി മറ്റുള്ളവര്‍ക്ക് ഒപ്പമെത്തിക്കുക എന്നതായിരുന്നു. അതിനായി അവര്‍ പ്രയോഗിക്കുന്ന തന്ത്രമാണ് പ്രശ്!നം. താഴെയുള്ളവരുടെ നില തുല്യമാക്കാന്‍ അവരെ കൂടുതല്‍ ശക്തമായി പ്രോത്സാഹിപ്പിക്കുന്നതിന് പകരം മേലെയുള്ളവരുടെ പുരോഗതി തടയുക എന്ന നയമാണ് പ്രായോഗികമായി അവലംബിക്കപ്പെടുന്നത്. ഉദാഹരണത്തിന് കേരളം, തമിഴ്‌നാട്, കര്‍ണാടകം, പുതുച്ചേരി തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ജനസഖ്യാ നിയന്ത്രണത്തിലും വിഭ്യാഭ്യാസത്തിലും ആരോഗ്യപരിരക്ഷയിലും കൂടുതല്‍ ഉയര്‍ന്ന നേട്ടങ്ങള്‍ നേരത്തെതന്നെ കൈവരിച്ചിട്ടുണ്ട്. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും അത്തരം രംഗങ്ങളില്‍ വളരെ പിന്നോക്കമാണ്. അതിനാല്‍ അവര്‍ക്കുള്ള ധനകാര്യ വിഹിതം ഉയര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാര്‍. അതിന്റെ ഭാഗമായി മെച്ചപ്പെട്ട നേട്ടങ്ങള്‍ കൈവരിച്ചവരുടെ പങ്കില്‍ വെട്ടിക്കുറവ് വരുത്തുന്നുമുണ്ട്. മുന്‍ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് കഴിഞ്ഞ ദിവസം ഒരു ലേഖനത്തില്‍ പറഞ്ഞത് പത്താം ധനകാര്യ കമ്മിഷന്റെ കാലത്തു 3.8 ശതമാനം കേന്ദ്രവിഹിതം വാങ്ങിയ കേരളത്തിനു നിലവില്‍ ലഭിക്കുന്ന വിഹിതം 1.9 ശതമാനം മാത്രമാണെന്നാണ്. അതായതു സാമൂഹിക മേഖലയില്‍ ഏതാനും ദശകങ്ങളിലെ ഉയര്‍ന്ന വളര്‍ച്ചയുടെ പ്രതിഫലം നമ്മുടെ വിഹിതത്തില്‍ രണ്ടു ശതമാനം വെട്ടിക്കുറവാണ്. രാജ്യത്തിന്റെ മൊത്തം സാമ്പത്തിക വളര്‍ച്ചയുടെ ഫലമായി, മൊത്തം തുക നോക്കുമ്പോള്‍ ഇടിവു കാണാന്‍ കഴിയില്ല. പക്ഷേ വിഹിതത്തില്‍ വരുന്ന വെട്ടിക്കുറവിന്റെ ഫലം സാമൂഹികക്ഷേമ മേഖലകളില്‍ ഫലപ്രദമായും മുന്‍കാലങ്ങളിലെപ്പോലെയും ഇടപെടാനുള്ള നമ്മുടെ ശേഷി കുറഞ്ഞുവരികയാണ് എന്നുതന്നെയാണ്.

അതായതു കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇന്ന് തങ്ങളുടെ മെച്ചപ്പെട്ട ഭരണനിര്‍വഹണത്തിന്റെയും ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെയും പേരില്‍ ശിക്ഷിക്കപ്പെടുകയാണ്. കുത്തഴിഞ്ഞ ഭരണവും ജനവിരുദ്ധ സമീപനങ്ങളും അഴിമതിയും മാത്രം കൈമുതലായിരുന്ന പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും കൂടുതല്‍ മെച്ചപ്പെട്ട നികുതിവരുമാന വിഹിതം നേടിയെടുക്കുന്നു. സാമൂഹികക്ഷേമ മേഖലകളില്‍ പിന്നോക്കമാണ് എന്നതാണ് അവരെ അതിന് അര്‍ഹരാക്കുന്നത്. സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഒന്നിച്ചുകിട്ടിയതാണ്. എഴുപതിറ്റാണ്ടു കഴിഞ്ഞിട്ടും ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഒരു നേട്ടവും കൈവരിച്ചില്ല എന്നതുതന്നെ അവര്‍ക്കൊരു നേട്ടമായി മാറുകയാണ്. രാജ്യത്തു വിളര്‍ച്ചയുള്ള കുഞ്ഞുങ്ങള്‍ ഏറ്റവും കൂടുതല്‍ എവിടെ എന്ന ചോദ്യത്തിന് ഉത്തര്‍പ്രദേശും ഗുജറാത്തും എന്നാണ് ഉത്തരം. എന്തുകൊണ്ട് അങ്ങനെ വന്നു എന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരം ഭരണാധികാരികളുടെ പിടിപ്പില്ലായ്മ എന്നുമാത്രമാണ്. എന്നാല്‍ അതിന്റെ പേരില്‍ അവര്‍ കൂടുതല്‍ പണം കൈയടക്കുന്നു. കേരളവും തമിഴ്‌നാടും അടക്കം മെച്ചപ്പെട്ട ക്ഷേമനേട്ടങ്ങള്‍ കൈവരിച്ചവര്‍ ശിക്ഷിക്കപ്പെടുന്നു.

പതിനാറാം ധനകാര്യ കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന ഈ അവസരത്തില്‍ ഇത്തരം വിഷയങ്ങള്‍ വീണ്ടും പൊതുമണ്ഡലത്തില്‍ ചര്‍ച്ചയാവുന്നുണ്ട്. അതിനെ വളരെ നിഷേധാത്മകമായ രീതിയിലാണ് കേന്ദ്ര അധികാരികളും അവരുടെ ഭരണകക്ഷിയും കൈകാര്യം ചെയ്യുന്നത്. സംസ്ഥാനങ്ങളുടെ വിഹിതത്തില്‍ ഇന്നുകാണുന്ന അശാസ്തീയതയും അസന്തുലിതത്വവും ചോദ്യംചെയ്യുന്നത് എന്തോ രാജ്യവിരുദ്ധ പ്രവര്‍ത്തനം എന്ന മട്ടിലാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇത്തരം ചര്‍ച്ചകളെ അടിച്ചമര്‍ത്തുകയല്ല, അതില്‍ ഉയര്‍ത്തപ്പെടുന്ന ഗുരുതര പ്രശ്‌നങ്ങളെ നേരിടുകയും അതിനു യുക്തമായ പരിഹാരം കാണുകയുമാണ് കേന്ദ്രത്തിലെ അധികാരികള്‍ ചെയ്യേണ്ടത്. അതിനു പകരം ഇരട്ടയെഞ്ചിന്‍ ഭരണം തുടങ്ങിയ അസംബന്ധങ്ങള്‍ക്കു പ്രചാരണം നല്‍കാനാണ് അവര്‍ ശ്രമിക്കുന്നത്. കേന്ദ്രവും സംസ്ഥാനവും ഒരേ പാര്‍ട്ടി ഭരിച്ചാല്‍ വികസനം കുതിക്കും എന്നാണ് അവകാശവാദം. എന്താണതിന്റെ അര്‍ഥം? സംസ്ഥാനങ്ങളിലെ ജനങ്ങള്‍ മറ്റു കക്ഷികളെ അധികാരത്തിലെത്തിച്ചാല്‍ വികസനം തടയും എന്ന ഭീഷണി തന്നെ. ഈ നിലയില്‍ പരസ്യമായി ഫെഡറല്‍ തത്വങ്ങളെ ചോദ്യംചെയ്ത ഒരു ഭരണാധികാരി വര്‍ഗം ഇതിനു മുമ്പ് ഇന്ത്യയില്‍ ഉണ്ടായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago